ചൈനീസ് പുതുവത്സര നൈറ്റ് പരേഡിൽ മലയാളി സാന്നിധ്യം

കത്തേയ് ഇന്റർനാഷണൽ ചൈനീസ് ന്യൂ ഇയർ പരേഡിൽ പങ്കെടുക്കാൻ ഹോങ് കോങ് മലയാളം അക്കാദമിക്ക് ക്ഷണം. ഈ ക്ഷണം ലഭിക്കുന്ന ഹോങ്കോങ്ങിലെ ഏക കമ്മ്യൂണിറ്റി അസോസിയേഷനാണ് മലയാളം അക്കാദമി. മലയാളഭാഷയും കേരള സംസ്‌കാരവും സംരക്ഷിച്ച് പ്രോത്സാഹിപ്പിക്കുകയാണ് അക്കാദമിയുടെ ലക്ഷ്യം. ലോകശ്രദ്ധ പിടിച്ചുപറ്റുന്ന പരേഡിലെ സാന്നിധ്യം ഹോങ്കോങ്ങിലെ മലയാളികളെ സംബന്ധിച്ചിടത്തോളം അഭിമാനനിമിഷമാണ്. മുൻപും ചൈനീസ് ന്യൂ ഇയർ പരേഡിൽ മലയാളം അക്കാദമി ഹോങ്കോങ്ങ് തിരുവാതിര, മോഹിനിയാട്ടം, കാവടി, കഥകളി, തെയ്യം, ചേണ്ടവാദ്യം തുടങ്ങിയ കേരളത്തിന്റെ കലാരൂപങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

ടിംഷാ ത്സൂയി പ്രദേശത്തെ തെരുവുകളിൽ ഫെബ്രുവരി പതിനേഴിന് നടക്കുന്ന പരേഡിൽ പ്രകാശസജ്ജീകരണങ്ങൾ, ഫ്‌ളോട്ടുകൾ, ഡ്രാഗൺ-സിംഹ നൃത്തങ്ങൾ, സംഗീതം എന്നിവ അണിനിരക്കും. കത്തേയ് പസഫിക്, ഹോങ്കോങ് ഡിസ്‌നിലാൻഡ്, ഒഷൻ പാർക്ക്, ഹോങ്കോങ് ജോക്കീ ക്ലബ് തുടങ്ങിയ സ്ഥാപനങ്ങളുടെ ഫ്‌ളോട്ടുകളും കലാപരിപാടികളുമുണ്ടാവും. പുതുവത്സരത്തിന്റെ ആദ്യ രാത്രി വൈകീട്ടാണ് കത്തേയ് പസഫിക് നൈറ്റ് പരേഡ് നടക്കുക.

ഹോങ്കോങ്ങ് കൾച്ചറൽ സെന്റർ പിയാസയിൽ നിന്നാരംഭിച്ച് കാന്റൺ റോഡ്, ഹൈഫോംഗ് റോഡ്, നാഥൻ റോഡ് വഴിയായി ഷെറട്ടൺ ഹോട്ടലിന് സമീപം വരെ നീളും. വൈകീട്ട് ആറിന് ആരംഭിക്കുന്ന പ്രീ-പരേഡ് സ്റ്റ്രീറ്റ് പാർട്ടിയിൽ ലയൺ-ഡ്രാഗൺ ഡാൻസ്, സ്ട്രീറ്റ് ഡാൻസ്, മാജിക് ഷോ, മറ്റ് കലാപരിപാടികൾ എന്നിവ അരങ്ങേറും.

Content Highlights: Hong Kong Malayalam Academy invited to prestigious Chinese New Year Parade