ഫൊക്കാന വിമന്‍സ് ഫോറം സ്‌കോളര്‍ഷിപ്പ് വിതരണം ഓഗസ്റ്റ് 2 ന്

.
.

അമേരിക്കയിലെ മലയാളികളുടെ സംഘടനകളുടെ സംഘടനായ ഫൊക്കാന കേരളാ കണ്‍വെന്‍ഷനോടനുബന്ധിച്ച് ഓഗസ്റ്റ് 2 ന് നടത്തുന്ന വിമന്‍സ് ഫോറം സെമിനാറില്‍ വെച്ച് 25 സമര്‍ത്ഥരായ നിര്‍ധന പ്രൊഫഷണല്‍ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ക്ക് 50000 രൂപ വീതം സ്‌കോളര്‍ഷിപ്പ് നല്‍കുമെന്ന് വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ രേവതി പിള്ള അറിയിച്ചു.

സമൂഹത്തിന്റെ ആവശ്യമനുസരിച്ച് വിവിധ തുറകളില്‍ വൈദഗ്ദ്ധ്യം സിദ്ധിച്ചവരെ ഉണ്ടാക്കുന്നതിനായി ഫൊക്കാന നല്‍കുന്ന സഹായമാണ് ഈ സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം. ഫൊക്കാനയുടെ 2024 -26 വര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതി പ്രവര്‍ത്തനമണ്ഡലത്തില്‍ വലിയൊരു നാഴികല്ലായി മാറുന്ന പല ചാരിറ്റിപ്രവര്‍ത്തനങ്ങളാണ് കേരളാ കണ്‍വെന്‍ഷനില്‍ വിഭാവനം ചെയ്തിരിക്കുന്നത്. അതില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നതാണ് വിമന്‍സ് ഫോറം സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമെന്ന് പ്രസിഡന്റ് സജിമോന്‍ അഭിപ്രായപ്പെട്ടു.

പഠനം സുഗമമാക്കുന്നതിന് സാമ്പത്തിക സഹായം ആവശ്യമായതിനാല്‍ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളെ അര്‍ഹമായ സ്‌കോളര്‍ഷിപ്പുകളിലൂടെ സഹായിക്കുക എന്നതാണ് ഫൊക്കാനയുടെ ലക്ഷ്യം. ഈ സ്‌കോളര്‍ഷിപ്പിനൊപ്പം മറ്റ് അര്‍ഹമായ സ്‌കോളര്‍ഷിപ്പ് കണ്ടുപിടിച്ച് നല്‍കുന്നതിനും ഫൊക്കാന സഹായിക്കുന്നതാണ്.

കേരളത്തിനകത്തും പുറത്തും മലയാളികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഫൊക്കാന. നാം വളരെയധികം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ ഈ കേരളാ കണ്‍വെന്‍ഷനോടനുബന്ധിച്ച് ചെയ്യുന്നുണ്ടെന്ന് വിമന്‍സ് ഫോറം ദേശീയ ചെയര്‍പേഴ്സണ്‍ രേവതി പിള്ള അറിയിച്ചു.

വാര്‍ത്തയും ഫോട്ടോയും : ശ്രീകുമാര്‍ ഉണ്ണിത്താന്‍

Content Highlights: fokana womens forum scholarship distribution