കാതറിന്‍ കൊണോളി നവംബര്‍ 11 ന് സ്ഥാനമേല്‍ക്കും

ഡബ്ലിന്‍: അയര്‍ലന്‍ഡിന്റെ പത്താമത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കാതറിന്‍ കൊണോളി നവംബര്‍ 11 സ്ഥാനമേല്‍ക്കും. ഡബ്ലിന്‍ കാസിലിലെ സെന്റ് പാട്രിക്സ് ഹാളിലാണ് സ്ഥാനാരോഹണ ചടങ്ങുകള്‍. ഐറീഷ് പ്രധാനമന്ത്രി, ചീഫ് ജസ്റ്റീസ്, മന്ത്രിമാര്‍, പ്രതിരോധ സേനാ മേധാവികള്‍, ടിഡിമാര്‍, സെനറ്റര്‍മാര്‍ തുടങ്ങി ജീവിതത്തിന്റെ നാനതുറകളിലുള്ള വിശിഷ്ടാതിഥികള്‍ ചടങ്ങില്‍ പങ്കെടുക്കും.
അയര്‍ലന്‍ഡിലെ മൂന്നാമത്തെ വനിത പ്രസിഡന്റാണ് കാതറിന്‍ കൊണോളി. മേരി റോബിന്‍സണ്‍ (1990 - 1997), മേരി മക് അലീസി (1997 -2011) എന്നിവരാണ് കാതറിന്റെ മുന്‍ഗാമികള്‍. മൊത്തം പോള്‍ ചെയ്യപ്പെട്ടതില്‍ 63.4 ശതമാനം (9,14,143) ഫസ്റ്റ് പ്രിഫറന്‍ഷ്യല്‍ വോട്ടുകള്‍ കാതറിന്‍ കൊണോളിക്ക് ലഭിച്ചു.
ഭരണകക്ഷി സ്ഥാനാര്‍ത്ഥിയായ ഹീതര്‍ ഹംഫ്രീസിനെയാണ് കാതറിന്‍ പരാജയപ്പെടുത്തിയത്. ഹീതറിന് 29.5 ശതമാനം (4,24,987) ഫസ്റ്റ് പ്രിഫറന്‍ഷ്യല്‍ വോട്ടുകള്‍ മാത്രമാണ് കിട്ടിയത്. ആകെ 36,12,957 പേര്‍ക്കാണ് വോട്ടവകാശമുണ്ടായിരുന്നത്. കേവലം 16,56,436 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 2,13,738 വോട്ടുകള്‍ അസാധുവായി. പോളിംഗ് 46 ശതമാനം.
ലേബര്‍ പാര്‍ട്ടി പ്രതിനിധിയായി 1999 ല്‍ ഗാല്‍വേ കൗണ്ടി കൗണ്‍സില്‍ അംഗമായി രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ കാതറിന്‍, ഒരു വര്‍ഷം ഗാല്‍വേ മേയറായി. പിന്നീട് രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് പാര്‍ട്ടി വിട്ടു. 2016 മുതല്‍ ഗാല്‍വേ വെസ്റ്റില്‍ നിന്നുള്ള സ്വതന്ത്ര ടിഡിയാണ്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി, സിന്‍ഫിന്‍, സോഷ്യല്‍ ഡെമോക്രാറ്റ്സ്, ഗ്രീന്‍ പാര്‍ട്ടി, പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ് തുടങ്ങിയ ഇടതുപക്ഷ പാര്‍ട്ടികളുടെ പിന്തുണ ലഭിച്ചിരുന്നു.
പുതിയ പ്രസിഡന്റിന് വഴിയൊരുക്കി തുടര്‍ച്ചയായി 14 വര്‍ഷം പ്രസിഡന്റ് പദവി അലങ്കരിച്ച ഇപ്പോഴത്തെ പ്രസിഡന്റ് മൈക്കിള്‍ ഡി ഹിഗിന്‍സ് നവംബര്‍ 10 ന് സ്ഥാനമൊഴിയും.
Content Highlights: Ireland's 10th President, Katriona Connolly, Set to Inaugurate on November 11