ഇന്ത്യൻ സ്‌കൂൾ അധ്യാപക ദിനം ആഘോഷിച്ചു

മനാമ: ഇന്ത്യൻ സ്‌കൂൾ ഇസ ടൗൺ, റിഫ കാമ്പസുകളിൽ അധ്യാപക ദിനം ആഘോഷിച്ചു. അധ്യാപക സമൂഹത്തിന്റെ സമർപ്പണം, പ്രതിബദ്ധത, വിലമതിക്കാനാവാത്ത സംഭാവനകൾ എന്നിവയെ ചടങ്ങിൽ ആദരിച്ചു. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, അസി. സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, പ്രോജക്ട്‌സ് ആൻഡ് മെയിന്റനൻസ് അംഗം മിഥുൻ മോഹൻ, അംഗം ബിജു ജോർജ്, പ്രിൻസിപ്പൽ ശാന്തകുമാർ ദസരി, ജൂനിയർ വിങ് പ്രിൻസിപ്പൽ പമേല സേവ്യർ, അക്കാദമിക് അഡ്മിനിസ്‌ട്രേഷൻ വൈസ് പ്രിൻസിപ്പൽ രാജേഷ് നായർ, ജൂനിയർ വിങ്് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ് എന്നിവർ പങ്കെടുത്തു. ഡോ. എസ്. രാധാകൃഷ്ണന്റെ ഛായാചിത്രത്തിൽ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് ഹാരാർപ്പണം നടത്തിയതോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. മുഖ്യപ്രഭാഷണത്തിൽ, യുവമനസ്സുകളെ രൂപപ്പെടുത്തുന്നതിലും ഉത്തരവാദിത്വമുള്ള പൗരന്മാരെ വളർത്തുന്നതിലും അധ്യാപകരുടെ പങ്കിനെ അദ്ദേഹം എടുത്തുപറഞ്ഞു. തരംഗ് യുവജനോത്സവം അവിസ്മരണീയ വിജയമാക്കുന്നതിൽ പങ്കുവഹിച്ച അധ്യാപകരെ ഹൗസ് ഒഫീഷ്യൽ അവാർഡുകൾ നൽകി ആദരിച്ചു.