വളർത്തുമൃഗങ്ങളുമായുള്ള വിമാനയാത്ര ഇനി എളുപ്പം; പൂച്ചകൾക്കും പട്ടികൾക്കും ക്യാബിനുള്ളിൽ യാത്രചെയ്യാം

ദുബായ്: വിമാനങ്ങളിൽ വളർത്തുമൃഗങ്ങളെ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ആശയക്കുഴപ്പങ്ങൾ പരിഹരിക്കാൻ അന്താരാഷ്ട്ര വ്യോമയാന സംഘടനയായ 'അയാട്ട' പുതിയ ആഗോള മാർഗനിർദേശങ്ങൾ പുറത്തിറക്കി.
ലോകമെമ്പാടും വളർത്തുമൃഗങ്ങളുമായി യാത്ര ചെയ്യുന്നവരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി. ബുക്കിങ്, ചെക്ക്-ഇൻ, സുരക്ഷ, ബോർഡിങ് തുടങ്ങിയ കാര്യങ്ങളിൽ എല്ലാ എയർലൈനുകളിലും ഒരേ മാനദണ്ഡങ്ങൾ നടപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പ്രധാന മാർഗനിർദേശങ്ങൾ
• പൂച്ചകൾക്കും പട്ടികൾക്കും ക്യാബിനുള്ളിൽ യാത്രചെയ്യാം. എന്നാൽ ഇതിനായി അയാട്ടയുടെ 'സി.ആർ. വൺ' നിലവാരത്തിലുള്ള കണ്ടെയ്നർ ഉപയോഗിക്കണം. മൃഗത്തിന് ഉള്ളിൽ സുഖമായി എഴുന്നേറ്റ് നിൽക്കാനും ഇരിക്കാനും കിടക്കാനും തിരിയാനും ആവശ്യമായ സ്ഥലം ഇതിൽ ഉണ്ടായിരിക്കണം.
• യാത്രയ്ക്ക് 48 മുതൽ 72 മണിക്കൂർ മുൻപ് തന്നെ ബുക്കിങ് പൂർത്തിയാക്കണം. ആരോഗ്യ സർട്ടിഫിക്കറ്റ്, വാക്സിനേഷൻ രേഖകൾ എന്നിവ മുൻകൂട്ടി സമർപ്പിക്കേണ്ടതുണ്ട്. പുതിയ ബുക്കിങ് കോഡ് ആയ 'പി.ഇ.ടി.സി' (പെറ്റ് ഇൻ കാബിൻ) ആണ് ഇതിനായി ഉപയോഗിക്കുക. പല ട്രാവൽ ഏജൻസി സൈറ്റുകളിലും ഈ സൗകര്യം ഇല്ലാത്തതിനാൽ എയർലൈനുകളെ നേരിട്ട് ബന്ധപ്പെടുന്നതാണ് ഉചിതം.
• മൃഗങ്ങളുടെ പ്രായം, ഇനം, ആരോഗ്യം എന്നിവ ചെക്ക്-ഇൻ സമയത്ത് പരിശോധിക്കും. മൃഗങ്ങൾ അസ്വസ്ഥമാണെന്നോ അല്ലെങ്കിൽ കണ്ടെയ്നറുകൾ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നോ കണ്ടാൽ ബോർഡിങ് കർശനമായി നിഷേധിക്കും.
• ടേക്ക്-ഓഫ്, ലാൻഡിങ്, ടർബുലൻസ് സമയങ്ങളിൽ വളർത്തുമൃഗങ്ങൾ നിർബന്ധമായും കണ്ടെയ്നറിനുള്ളിൽ തന്നെ ഇരിക്കണം.
അടിയന്തര സാഹചര്യങ്ങൾ
വിമാനയാത്രയിൽ തടസ്സങ്ങളോ റദ്ദാക്കലുകളോ സംഭവിക്കുകയാണെങ്കിൽ, വളർത്തുമൃഗങ്ങളുമായി യാത്ര ചെയ്യുന്ന യാത്രക്കാരെ മുൻകൂട്ടി അറിയിക്കാനും മൃഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വിമാനത്താവള-വെറ്ററിനറി അധികൃതരുമായി സഹകരിക്കാനും എയർലൈനുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
കണക്ഷൻ ഫ്ലൈറ്റുകളിൽ പെറ്റ് റിലീഫ് ഏരിയകൾ ലഭ്യമാണോ എന്ന് യാത്രക്കാരെ മുൻകൂട്ടി അറിയിക്കാനും നിർദേശമുണ്ട്. അതേസമയം, സർവീസ് ഡോഗുകൾക്ക് നിലവിലുള്ള ഇളവുകൾ തുടരുമെന്നും അയാട്ട വ്യക്തമാക്കി.
എമോഷണൽ സപ്പോർട്ട് അനിമലുകളെ ഓരോ എയർലൈനിന്റെയും നയമനുസരിച്ച് സാധാരണ വളർത്തുമൃഗങ്ങളായി തന്നെയായിരിക്കും പരിഗണിക്കുക. എയർലൈനുകളുടെ സ്വന്തം നയങ്ങൾക്ക് പകരമല്ല ഈ മാർഗനിർദേശങ്ങൾ, മറിച്ച് യാത്രക്കാരുടെ ആശയക്കുഴപ്പം കുറയ്ക്കാനാണ് ഇത് ഉദ്ദേശിക്കുന്നതെന്ന് അയാട്ട അധികൃതർ വ്യക്തമാക്കി.
Content Highlights: Standardization of booking and safety protocols for pets in cabin., Mandatory use of CR1-standard containers for cats and dogs., Introduction of the PETC (Pet in Cabin) booking code., Requirement for health certificates and vaccination records 48-72 hours prior., Special provisions for emergency flight cancellations and pet relief areas.