മലയാളികളുടെ സാമൂഹിക പ്രതിബദ്ധതയും കൂട്ടായ്മയും പ്രശംസനീയം- ഡോ. ശ്രീകാന്ത് ഷിന്ദേ

മുംബൈ : മലയാളികളുടെ കൂട്ടായ്മയും അച്ചടക്കവും സമൂഹത്തോടുള്ള പ്രതിബദ്ധതയും മാതൃകാപരമാണെന്ന് എം.പി. ഡോ. ശ്രീകാന്ത് ഷിന്ദേ. നാടും ഭാഷയും വിട്ട് വിവിധപ്രദേശങ്ങളിൽ ജീവിക്കുമ്പോഴും സ്വന്തം സംസ്‌കാരവും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്ന മലയാളി സമൂഹത്തിന്റെ പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. വേൾഡ് മലയാളി ഫെഡറേഷൻ മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ വിശിഷ്ടാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

അനിൽ പൊതുവാളും സംഘവും ചേർന്നവതരിപ്പിച്ച വാദ്യമേളത്തിന്റെ അകമ്പടിയോടെ മാവേലിയെ വരവേറ്റു. ചലച്ചിത്ര നടൻ ജയരാജ് വാരിയർ മുഖ്യാതിഥിയായിരുന്നു. രാജേഷ് മോറെ എം.എൽ.എ. മുൻ ലോക്‌സഭാംഗം ആനന്ദ് പരഞ്ജ്പെ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. കൂട്ടായ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിൽ നന്മയും ഐക്യവും പ്രസരിപ്പിക്കുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ പ്രവർത്തനങ്ങളെയും ആഘോഷ പരിപാടികളെയും ജയരാജ് വാരിയർ പ്രകീർത്തിച്ചു. വേൾഡ് മലയാളി ഫെഡറേഷൻ മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ പേട്രൺ ഡോ. ഉമ്മൻ ഡേവിഡ്, പ്രസിഡന്റ് ഡോ. റോയ് ജോൺ മാത്യു, സെക്രട്ടറി ഡൊമിനിക് പോൾ എന്നിവർ വേദി പങ്കിട്ടു. സംഘടനയുടെ പ്രവർത്തനങ്ങളും ഭാവി പരിപാടികളും ഭാരവാഹികൾ വിശദീകരിച്ചു. തുടർന്ന് ഗണേഷ് അയ്യർ (ഡോംബിവ്ലി), ഷീനാശങ്കർ (കോപ്പർഖൈർണെ) മാധുരി പ്രതാപ് (താനെ), സുജിത ബാലകൃഷ്ണൻ, തനിമ, ഡോംബിവ്ലി എന്നിവരുടെ നേതൃത്വത്തിൽ അരങ്ങേറിയ വൈവിധ്യമാർന്ന കലാപരിപാടികൾ ശ്രദ്ധേയമായി.

ഒരുവർഷം പൂർത്തിയാക്കിയ ആഗോള സംഘടനയുടെ മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ കേക്ക് മുറിച്ച് ഒന്നാം വാർഷികം ആഘോഷിച്ചു. സംഘടനയുടെ മഹാരാഷ്ട്ര ഘടകത്തിന് ചുക്കാൻപിടിച്ച ഡോ. ഉമ്മൻ ഡേവിഡിനെ ചടങ്ങിൽ ചലച്ചിത്ര നടൻ ജയരാജ് വാര്യരും ഡോ. റോയ് ജോൺ മാത്യുവും ചേർന്ന് ആദരിച്ചു. ജയരാജ് വാര്യർ നയിച്ച ആവേശോജ്വലമായ വഞ്ചിപ്പാട്ടോടെയാണ് ഓണാഘോഷ പരിപാടികൾക്ക് കൊട്ടിക്കലാശമായത്. മഹാബലിയായി പവിത്രൻ നായർ വേഷമിട്ടു.

ശ്രീകാന്ത് ഷിന്ദേ മാവേലിയുടെ അനുഗ്രഹം വാങ്ങാൻ കാൽതൊട്ട് വന്ദിച്ചതും കൗതുകക്കാഴ്ചയായി. സിന്ധു നായർ, അഞ്ജലി മേനോൻ, മനോജ് അയ്യനേത്ത് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. അഡ്വ. രാഖി സുനിൽ നന്ദി പ്രകാശിപ്പിച്ചു.