സ്‌കന്ദമാതാ ദുർഗാ

#അംബിക വിശ്വനാഥൻ തൃപ്പൂണിത്തുറ

നവരാത്രിമാഹാത്മ്യം

ശൈലപുത്രിയിൽ തുടങ്ങി സിദ്ധിദാത്രിയിൽ പൂർണമാകുന്ന നവദുർഗാ ഭാവങ്ങളിൽ അഞ്ചാമത്തെ ഭാവമാണ് സ്കന്ദ മാതാ ദുർഗ. ശൈലപുത്രിയിൽനിന്ന് ബ്രഹ്മചാരിണിയായി പിണ്ഡജ പ്രവരാരൂഢയായ ചന്ദ്രഘണ്ടയായി, സുരാ സമ്പൂർണ കലശധാരിണിയായി ബീജാണ്ഡത്തെ വഹിച്ച കുശ്‌മാണ്ഡാ ദേവിയിൽനിന്ന് സ്കന്ദമാതാ ദുർഗയിലെത്തുമ്പോൾ തപധ്യാനനിരതമായ യാത്രയിലൂടെ പ്രപഞ്ചശക്തിയുടെ മാതൃഭാവം പൂർണതയിലെത്തി നിൽക്കുന്നു.

‘സിംഹാസന ഗതാ നിത്യം

പദ്മാശ്രിത കര ദ്വയാ

ശുഭദാസ്തു സദാ ദേവീ

സ്കന്ദമാതാ യശസ്വിനി’

എപ്പോഴും സിംഹാസനത്തിൽ ഗമിക്കുന്നവളും തന്റെ ഇരുകൈയിലും താമരപ്പൂക്കൾ പിടിച്ചിരിക്കുന്നവളും മടിയിൽ സ്കന്ദനോടു കൂടിയവളുമായ യശസ്വിനിയായ സ്കന്ദമാതാ എപ്പോഴും ശുഭത്തെ തരട്ടെ.

ശക്ത്യുപാസനയുടെ നാളുകളിൽ സ്കന്ദമാതാ എന്ന ഭാവത്തിന്റെ പ്രത്യേകതയെക്കുറിച്ചു ചിന്തിക്കുമ്പോൾ സ്കന്ദൻ എന്ന നാമാർഥത്തെയും അറിയേണ്ടതാണ്.

സ്കന്ദൻ എന്ന നാമത്തിന് ഒലിച്ചുപോയത് ഉതിർന്നുവീണത് കൂടിച്ചേർന്നത് എന്നെല്ലാം അർഥങ്ങളുണ്ട്.

മഹാദേവന്റെ ദിവ്യമായ തേജസ്സിൽനിന്ന് ഉരുത്തിരിഞ്ഞു രൂപംകൊണ്ടതാണ് സ്കന്ദൻ. താരകാസുര നിഗ്രഹാർഥം ഊർജരൂപത്തിൽ അവതരിച്ച സമയം ആ ഊർജത്തെ ആവാഹിക്കാൻ അഗ്നിക്കും ആ താപം സഹിക്കാൻ ഗംഗാദേവിക്കും കഴിയാതെ വന്നപ്പോൾ ശരവണപ്പൊയ്കയിൽ ആറു താമരപ്പൂക്കളിലായി രൂപപ്പെട്ട ആ ശക്തി കൂടിച്ചേർന്ന് ഒരു ശിശുവായി മാറിയ സമയം സംരക്ഷിച്ച കൃത്തികമാരും അഗ്നിയും ഗംഗയും പാർവതിയും ആ ശിശുവിനെ മോഹിച്ചു. സംരക്ഷിച്ചവർക്കെല്ലാം വിവിധ നാമങ്ങളിൽ അവരുടെ പുത്രനായിരിക്കും എന്ന് മഹാദേവൻ വിധിച്ചപ്പോൾ സ്കന്ദൻ എന്ന നാമത്തിലാണ് പാർവതീ ദേവിക്ക് പുത്രനായത്.

താൻ ഗർഭംധരിക്കാത്ത നൊന്തു പ്രസവിക്കാത്ത തന്റെ പുത്രന്റെ പേരിൽ അമ്മയെ അറിയുന്ന ദിനം. സ്കന്ദ മാതാ ദുർഗാ. നവരാത്രിയിലെ പഞ്ചമി ദിനം. പുത്രനെ ഏറ്റെടുത്ത് ലോകരക്ഷണത്തിനായി സ്കന്ദനെ സജ്ജമാക്കുമ്പോൾ സ്കന്ദമാതാ ഭാവം പൂർണമാകുന്നു. പരാശക്തിയെ ജഗദ്‌ജനനിയായി സങ്കല്പിക്കുമ്പോൾ സർവ ചരാചരങ്ങൾക്കും ആശ്രയമായ ആ ശക്തിയിൽ പൂർണമായ മാതൃഭാവവും നിറഞ്ഞിരിക്കുന്നു എന്ന ഭാവമാണ് സ്കന്ദ മാതാ ദുർഗാ. വെറും ഒരു മാതാവല്ല, ശ്രീ മാതാ. മാതൃസ്നേഹത്തിന്റെ നിർമലമായ ഭാവം സാധകനെ ഓർമ്മിപ്പിക്കുന്ന ഈ ദുർഗാസങ്കല്പം ഷഡാധാര ചക്രങ്ങളിൽ വിശുദ്ധിചക്ര നിലയയാണ്.