ബോംബെ ഐ.ഐ.ടി. വിദ്യാർഥിയുടെ ആത്മഹത്യ; രക്ഷിതാക്കൾ നിരാഹാര സമരത്തിൽ

സെമസ്റ്റർ പരീക്ഷ മാറ്റിവെച്ചു
ദേശീയ പട്ടികജാതി കമ്മിഷൻ ചെയർമാന് നിവേദനംനൽകിയിട്ടുണ്ട്
മുംബൈ : ജാതിവിവേചനത്തെത്തുടർന്ന് ആത്മഹത്യ ചെയ്തെന്നാരോപിക്കപ്പെടുന്ന ബോംബെ ഐ.ഐ.ടി. വിദ്യാർഥി സാഹിൽ വാകോഡിന്റെ മാതാപിതാക്കൾ മകനെ പീഡിപ്പിച്ചവർക്കെതിരേ നടപടിയാവശ്യപ്പെട്ട് നിരാഹാരസമരം തുടങ്ങി. മുംബൈയിലെ ആസാദ് മൈതാനത്താണ് നിരാഹാര സമരം.
മകനെ ഉപദ്രവിച്ചവരെ ജയിലിലടയ്ക്കണം. ഇൻസ്റ്റിറ്റ്യൂട്ടിൽ ആവർത്തിച്ച് ജാതിവിവേചനം നേരിട്ടതായി സാഹിൽ ഞങ്ങളോട് പറഞ്ഞിരുന്നു -രക്ഷിതാക്കൾ പറഞ്ഞു.
അന്വേഷണമാവശ്യപ്പെട്ട് ദേശീയ പട്ടികജാതി കമ്മിഷൻ ചെയർമാന് നിവേദനവും നൽകിയിട്ടുണ്ട്.
വിവാദത്തിനിടയിൽ ഇൻസ്റ്റിറ്റ്യൂട്ട് മധ്യസെമസ്റ്റർ പരീക്ഷകൾ മാറ്റിവെച്ചു.
വർഷ ഗായക് വാഡും എൻ.എസ്.യു.ഐ. പ്രവർത്തകരും അറസ്റ്റിൽ
: സാഹിൽ വാകോഡിന്റെ കുടുംബത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ബോംബെ ഐ.ഐ.ടി. കാമ്പസിന് പുറത്ത് പ്രതിഷേധിച്ച കോൺഗ്രസ് എം.പി. വർഷ ഗായക് വാഡിനെയും പാർട്ടി പ്രവർത്തകരെയും എൻ.എസ്.യു.ഐ. പ്രവർത്തകരെയും പോലീസ് കസ്റ്റഡിയിലെടുത്തു.
പവായ് കാമ്പസിനുപുറത്ത് പ്രതിഷേധം നടത്തിയതിനെത്തുടർന്നാണ് അറസ്റ്റ്. ബി.ജെ.പി.യും ആർ.എസ്.എസും വിദ്യാഭ്യാസ സമ്പ്രദായത്തെ നശിപ്പിച്ചെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നുണ്ടെന്നും അവർ ആരോപിച്ചു.