ലോകകേരള സഭ പിരിച്ചുവിടാനുള്ള തീരുമാനം; പ്രവാസി സമൂഹം പ്രതിഷേധിക്കുക- ഓവർസീസ് എൻസിപി

കുവൈറ്റ് സിറ്റി: ലോക കേരള സഭ പിരിച്ചുവിടാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം പ്രവാസി സമൂഹത്തോടുള്ള കടുത്ത അവഗണനയും വെല്ലുവിളിയുമാണെന്ന് ഓവർസീസ് എൻ.സി.പി. കുവൈറ്റ് ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു. പ്രവാസികൾക്ക് സർക്കാരുമായി നേരിട്ട് ആശയവിനിമയം നടത്താനും തങ്ങളുടെ പ്രശ്നങ്ങൾ ഭരണാധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താനും സാധിച്ചിരുന്ന സുപ്രധാന ജനാധിപത്യ വേദിയാണ് ഇതോടെ ഇല്ലാതാകുന്നതെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.
2018-ൽ രൂപീകൃതമായ ലോക കേരള സഭ, ലോകമെമ്പാടുമുള്ള മലയാളി പ്രവാസികളുടെ സാംസ്കാരിക-സാമ്പത്തിക ശേഷിയെ നാടിന്റെ വികസനവുമായി കൂട്ടിയോജിപ്പിക്കുന്നതിൽ മികച്ച പങ്കാണ് വഹിച്ചത്. നോർക്ക കെയർ ഇൻഷുറൻസ്, ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡ്, പ്രവാസി മിഷൻ, എൻ.ആർ.ഐ. പോലീസ് സ്റ്റേഷൻ, സ്റ്റുഡന്റ് മൈഗ്രേഷൻ പോർട്ടൽ തുടങ്ങി പ്രവാസികൾക്കായി സർക്കാർ നടപ്പിലാക്കിയ പ്രമുഖ പദ്ധതികൾ ഉയർന്നുവന്നത് ലോക കേരള സഭയിൽ നിന്നാണ്. മറ്റ് സംസ്ഥാനങ്ങൾക്കും അനുകരണീയമായ മാതൃകയാണ് ലോക കേരള സഭയെന്ന് കേന്ദ്ര വിദേശകാര്യ സ്റ്റാൻഡിങ് കമ്മിറ്റി നിർദേശിച്ച കാര്യം സർക്കാർ മറക്കരുത്- ഓവർസീസ് എൻസിപി വാർത്താ കുറിപ്പിൽ അറിയിച്ചു.
എൻസിപി (എസ്.പി.) ഓവർസീസ് സെൽ ദേശീയ അധ്യക്ഷൻ ബാബു ഫ്രാൻസീസ്, നാഷണൽ ട്രഷറർ ബിജു സ്റ്റീഫൻ, കുവൈറ്റ് കമ്മിറ്റി പ്രസിഡന്റ് ജീവ്സ് എരിഞ്ചേരി, ജനറൽ സെക്രട്ടറി അരുൾ രാജ് എന്നിവരാണ് വാർത്താക്കുറിപ്പിലൂടെ പ്രതിഷേധം അറിയിച്ചത്.
Content Highlights: Overseas NCP Kuwait strongly condemned the dissolution of Loka Kerala Sabha., Leaders stated it is a betrayal and disregard toward the global Malayali diaspora., Highlighted major initiatives born from the forum like Norka Care Insurance and NRI Police Station., Urged the state government to reconsider the decision that impacts direct communication of expats.