മൈസൂരു ദസറ: ജംബൂ സവാരിയിൽ ദേവിയെ എഴുന്നള്ളിക്കാൻ കൊമ്പൻ പ്രശാന്ത

ബെംഗളൂരു : മൈസൂരു ദസറയ്ക്ക് പതിനായിരങ്ങളെ ആകർഷിക്കുന്ന ജംബൂ സവാരിയിൽ ഇത്തവണ ചാമുണ്ഡീദേവിയെ സ്വർണ അംബാരിയിൽ എഴുന്നള്ളിക്കുന്നത് പ്രശാന്ത എന്ന കൊമ്പനാന. ദസറ ആഘോഷത്തിന് കൊട്ടാരനഗരയിലെത്തിയ 13 ആനകളിൽനിന്നാണ് പ്രശാന്തയെ തിരഞ്ഞെടുത്തത്. മൈസൂരുവിന്റെ ചുമതലയുള്ള മന്ത്രി യതീന്ദ്ര സിദ്ധരാമയ്യ ഇക്കാര്യം ബുധനാഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ചു. 750 കിലോ തൂക്കമുള്ള സ്വർണ അംബാരി ചുമലിലേറ്റിയുള്ള എഴുന്നള്ളത്തിന് ബുധനാഴ്ച പ്രശാന്തയെ പരിശീലിപ്പിക്കുകയും ചെയ്തു. അംബാരിയുടെ മാതൃക ചുമലിലേറ്റി പ്രശാന്തയെ നടത്തിയായിരുന്നു പരിശീലനം. കഴിഞ്ഞവർഷം ദേവിയെ എഴുന്നള്ളിച്ചത് കൊമ്പൻ അഭിമന്യുവായിരുന്നു. പ്രായപരിധി പിന്നിട്ടതിനാലാണ് ഇത്തവണ അഭിമന്യുവിനെ മാറ്റിയത്. എങ്കിലും ജംബൂസവാരിയെ നയിക്കുന്ന കൊടിവാഹകനായി ഇത്തവണയും അഭിമന്യുവുണ്ടാകും.ദുബാര ആനക്യാമ്പിൽനിന്നാണ് 54 വയസ്സുള്ള പ്രശാന്തയുടെ വരവ്. 2.61 മീറ്റർ ഉയരവും 3.46 മീറ്റർ നീളവും 5,200 കിലോ ഭാരവുമുള്ള കൊമ്പനാണ് പ്രശാന്ത. 1993-ൽ ശിവമോഗയിലെ കരേകൊപ്പ വനത്തിൽനിന്ന് പിടികൂടി ദുബാരെയിൽ പാർപ്പിച്ച് ഇണക്കിയെടുത്ത ആനയാണ്. 18 വർഷമായി ദസറ എഴുന്നള്ളത്തിനെത്തുന്നതാണ്.