ഡി.കെ. സർക്കാരിനുനേരേ പോർമുഖം തുറന്ന് ബി.ജെ.പി.

പദയാത്രയ്ക്ക് തുടക്കം
ബെംഗളൂരു : കർണാടകത്തിലെ ഡി.കെ. ശിവകുമാർ സർക്കാരിനുനേരെ പോർമുഖം തുറന്ന് ബി.ജെ.പി.യുടെ പത്തുദിവസത്തെ പദയാത്രയ്ക്ക് ചൊവ്വാഴ്ച തുടക്കംകുറിച്ചു. ബല്ലാരി ചലോ എന്ന പേരിൽ വടക്കൻ കർണാടകത്തിലെ റായ്ചൂരു ജില്ലയിലെ ലിംഗസുഗൂരുവിൽനിന്ന് ബല്ലാരിയിലേക്ക് 175 കിലോമീറ്റർ പദയാത്രയ്ക്കാണ് തുടക്കമിട്ടത്.
വടക്കൻ കർണാടകത്തിലെ ജില്ലകൾ നേരിടുന്ന വരൾച്ച, മന്ത്രി നാഗേന്ദ്രയുടെ രാജിക്കിടയാക്കിയ വാല്മീകി കോർപ്പറേഷൻ അഴിമതി, പൊതുപാർക്കുകളുടെ ഭൂമി മറ്റുപദ്ധതികൾക്ക് വിനിയോഗിക്കാൻ അനുവദിക്കുന്ന നിയമഭേദഗതി തുടങ്ങിയ വിഷയങ്ങൾ മുൻനിർത്തി സർക്കാരിനെ നേരിട്ടാണ് മാർച്ച് തുടങ്ങിയത്.
അഴിമതിക്കാർ അഴിമതിക്കാർക്കുവേണ്ടി ഭരണം നടത്തുന്ന സർക്കാരാണ് കർണാടകത്തിലേതെന്ന് പദയാത്രയുടെ ഉദ്ഘാടനസമ്മേളനത്തിൽ ബി.ജെ.പി. സംസ്ഥാനാധ്യക്ഷനും എം.എൽ.എ.യുമായ ബി.വൈ. വിജയേന്ദ്ര കുറ്റപ്പെടുത്തി. വാല്മീകി അഴിമതിക്കേസിൽ മന്ത്രി നാഗേന്ദ്രയെ പുറത്താക്കിയതോടെ ബി.ജെ.പി. സമരം അവസാനിപ്പിക്കുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിച്ചത്. എന്നാൽ, ഈ സർക്കാരിനെ പുറത്താക്കുന്നതുവരെ സമരം തുടരുമെന്ന് വിജയേന്ദ്ര പറഞ്ഞു.
മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ബി.എസ്. യെദ്യൂരപ്പ, കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, പ്രതിപക്ഷനേതാവ് ആർ. അശോക, നിയമനിർമാണകൗൺസിൽ പ്രതിപക്ഷനേതാവ് ചലവാദി നാരായണസ്വാമി, മുൻമുഖ്യമന്ത്രിമാരും എം.പി.മാരുമായ ജഗദീഷ് ഷെട്ടാർ, ബസവരാജ് ബൊമ്മെ, ദേശീയ വൈസ് പ്രസിഡന്റും രാജ്യസഭാംഗവുമായ എം. നാഗരാജ്, പി. സുധാകർ റെഡ്ഡി, മുൻ ഉപമുഖ്യമന്ത്രിയും എം.പി.യുമായ ഗോവിന്ദ് കർജോൾ, മുൻമന്ത്രി ബി. ശ്രീരാമുലു, ഗ്യാലി ജനാർദനറെഡ്ഡി എം.എൽ.എ., സി.ടി. രവി തുടങ്ങിയവർ പങ്കെടുത്തു.
ഗുണം കോൺഗ്രസിനെന്ന് ശിവകുമാർ
: ബി.ജെ.പി.യുടെ പദയാത്രയുടെ ഗുണം കോൺഗ്രസിനാണ് ലഭിക്കാൻ പോകുന്നതെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രതികരിച്ചു. ബി.ജെ.പി.യെ എതിർക്കാനുള്ള അവസരം ഇതിലൂടെ കോൺഗ്രസിന് കൈവരുമെന്നതിനാലാണിതെന്നും പറഞ്ഞു. ബി.ജെ.പി.യുടെ സമരത്തിനെ ചെറുക്കാനുള്ള ബദൽപ്രചാരണം കോൺഗ്രസും ആസൂത്രണംചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.