ഗണേശ ഘോഷയാത്രകൾക്ക് അനുമതി നിഷേധിച്ചതിൽ പ്രതിഷേധവുമായി ബി.ജെ.പി.

മൈസൂരു : ടി. നരസിപുരയിലെ ഗണേശ ഘോഷയാത്രകൾക്ക് പോലീസ് അനുമതിനിഷേധിച്ചെന്ന് ആരോപിച്ച് വൻ പ്രതിഷേധവുമായി ബി.ജെ.പി. ടി. നസരസിപുരയിൽ നടന്ന പ്രതിഷേധത്തിന് പ്രതിപക്ഷ നേതാവ് ആർ. അശോക, മൈസൂരു എം.പി. യദുവീർ കൃഷ്ണദത്ത, മുൻ എം.പി. പ്രതാപ് സിൻഹ തുടങ്ങിയ മുതിർന്ന നേതാക്കൾ നേതൃത്വംനൽകി. ഗണേശോത്സവത്തിന്റെ പേരിൽ കോൺഗ്രസ് സർക്കാർ ആളുകളെ ഉപദ്രവിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ആർ. അശോക ആരോപിച്ചു. ടി. നരസിപുരയിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ സംഘാടകരെ ഭീഷണിപ്പെടുത്തുകയും ഘോഷയാത്രകൾക്ക് അനുമതി നിഷേധിക്കയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. സംഘാടകരെ ഭീഷണിപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥനെതി​േര നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.എന്നാൽ, ഗണേശ ഘോഷയാത്രകൾക്ക് അനുമതി നിഷേധിച്ചിട്ടില്ലെന്ന് മൈസൂരു എസ്.പി. മല്ലികാർജുൻ ബലദാണ്ഡി അറിയിച്ചു. യാതൊരു നിയന്ത്രണവുമില്ലാതെ ഗണേശോത്സവ ആഘോഷം ഉറപ്പാക്കാൻ പോലീസ് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉത്സവത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി എല്ലാ സ്റ്റേഷനുകളിലും സാമാധാന യോഗങ്ങൾ നടത്താൻ നിർദേശിച്ചിരുന്നതായും എസ്.പി. അറിയിച്ചു. ഘോഷയാത്ര റൂട്ടുകൾ, നിമജ്ജന തീയതികൾ, സ്ഥലം എന്നിവയുടെ വിശദാംശങ്ങൾ നൽകാൻ സംഘാടകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം പോലീസിനെ അറിയിക്കാതെ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താതെയാണ് ഘോഷയാത്ര നടത്തിയത്. ഈ വർഷം മുൻകരുതലിന്റെ ഭാഗമായാണ് സാമാധാനയോഗം വിളിച്ചത്. അല്ലാതെ, ആഘോഷങ്ങൾ നടത്താൻ ഒരു നിയന്ത്രണവുമില്ലെന്നും എസ്.പി. അറിയിച്ചു.മൂന്നുവർഷമായി സർക്കാർ ഹിന്ദു ഉത്സവങ്ങൾക്ക് മാത്രമാണ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്ന് മൈസൂരു എം.പി. യദുവീർ കൃഷ്ണദത്ത പറഞ്ഞു. കോൺഗ്രസ് നയിക്കുന്ന സംസ്ഥാന സർക്കാർ ഹിന്ദുവിരുദ്ധമാണെന്നും എം.പി. ആരോപിച്ചിരുന്നു.