മലയാളിയുടെ പ്രബന്ധത്തിന് കേന്ദ്ര പുരസ്കാരം

അന്റാർട്ടിക്കയിൽ ചൊവ്വാ ഗവേഷണ കേന്ദ്രം...

ബെംഗളൂരു : അന്റാർട്ടിക്കയിൽ ഗവേഷണ കേന്ദ്രം സ്ഥാപിച്ചാൽ ഭാവിയിൽ ഇന്ത്യ നടത്തുന്ന ചൊവ്വാഗവേഷണ ദൗത്യങ്ങൾക്ക് മുതൽക്കൂട്ടാകുമെന്ന മലയാളിയുടെ ഗവേഷണ പ്രബന്ധത്തിന് കേന്ദ്ര പുരസ്‌കാരം.

കേന്ദ്ര സർക്കാരിന്റെ കൗൺസിൽ ഓഫ് ആർക്കിടെക്ചറിൽനിന്ന് ആർക്കിടെക്ചറൽ വിഭാഗത്തിൽ ദക്ഷിണേന്ത്യയിലെ മികച്ച ഗവേഷകപ്രബന്ധ വിഭാഗത്തിലാണ് ബെംഗളൂരുവിലെ മലയാളി വിദ്യാർഥിക്ക് ഒന്നാംസ്ഥാനം. ബെംഗളൂരുവിലെ ബി.എം.എസ്. കോളേജ് ഓഫ് ആർക്കിടെക്ചറിലെ പി.കെ. വിഷ്ണു വാസുവിനാണ് അഭിമാനാർഹമായ നേട്ടം.

‘ചൊവ്വാ ഗവേഷണത്തിനുള്ള ഇന്ത്യൻ അന്റാർട്ടിക്ക് ഗവേഷണകേന്ദ്രം’ എന്ന പേരിലുള്ള പ്രബന്ധത്തിനാണ് പുരസ്‌കാരം. പ്രോജക്റ്റ് ഇപ്പോൾ കൗൺസിൽ ഓഫ് ആർക്കിടെക്ചറിന്റെ ദേശീയ ജൂറിക്ക് മുന്നിൽ അവതരണത്തിനായി തിരഞ്ഞെടുത്തു.

കഠിനമായ കാലാവസ്ഥയുള്ള അന്റാർട്ടിക്കയിലെ മക്മർഡോ ഡ്രൈ താഴ്‌വരയിൽ അത്യാധുനിക സൗകര്യങ്ങളുള്ള ഒരു പരീക്ഷണകേന്ദ്രം നിർമിച്ച് ബഹിരാകാശ ശാസ്ത്രത്തിൽ ഇന്ത്യയെ മുൻനിരയിൽ എത്തിക്കുക.

അന്റാർട്ടിക്കപോലുള്ള കഠിനമായ സാഹചര്യങ്ങളിൽ സാധാരണ കെട്ടിടങ്ങൾ നിർമിക്കുക അസാധ്യമാണ്. അതിനാൽ ‘മൊഡ്യൂളാർ ടെക്‌നോളജി’ ആണ് ഉപയോഗിക്കുക. ഫാക്ടറികളിൽ മുൻകൂട്ടി നിർമിച്ച ബ്ലോക്കുകൾ അന്റാർട്ടിക്കയിൽ എത്തിച്ച് കൂട്ടിയോജിപ്പിച്ച് ഈ സ്റ്റേഷൻ നിർമിക്കാൻ സാധിക്കും. ഇത് ഭാവിയിൽ ചൊവ്വയിൽ മനുഷ്യന് താമസിക്കാനുള്ള ഇടങ്ങൾ നിർമിക്കുന്നതിനുള്ള ഒരു പരീക്ഷണ മാതൃക കൂടിയാണെന്നും വിഷ്ണുവിന്റെ പ്രബന്ധത്തിൽ വിവരിക്കുന്നു.

ലോകത്തിലെ ഏറ്റവുംവരണ്ടതും കഠിനമായ തണുപ്പുള്ളതുമായ പ്രദേശങ്ങളിൽ ഒന്നാണ് അന്റാർട്ടിക്കയിലെ മക്മർഡോ ഡ്രൈ താഴ്‌വര. ഇവിടുത്തെ മണ്ണും കാലാവസ്ഥയും ഭൂമിയിൽ ചൊവ്വയോട് ഏറ്റവുംസാമ്യമുള്ളതാണ്. അതിനാൽ ചൊവ്വയിലെ ഉപരിതലത്തെക്കുറിച്ച് പഠിക്കാൻ അനുയോജ്യമായ സ്ഥലമാണിതെന്നും പ്രബന്ധത്തിൽ ചൂണ്ടിക്കാട്ടുന്നു. വടകര സ്വദേശി പി.കെ. വാസു, പി.കെ. സവിത ദമ്പതികളുടെ മകനാണ്.