മൈസൂരുവിൽ യുവദസറയ്ക്കും മഹിളാദസറയ്ക്കും ആവേശത്തുടക്കം

ബെംഗളൂരു : ദസറ ആഘോഷത്തിന്റെ മൂന്നാംദിവസം കൊട്ടാരനഗരിയായ മൈസൂരുവിനെ ആവേശക്കൊടുമുടിയേറ്റി യുവദസറയ്ക്കും മഹിളാദസറയ്ക്കും തുടക്കം കുറിച്ചു.

നഗരപ്രാന്തത്തിലുള്ള ഉത്തരഹള്ളിയിൽ ജ്വാലാമുഖി ത്രിപുരസുന്ദരി ക്ഷേത്രത്തിനടുത്തുള്ള നൂറേക്കർ വിസ്തൃതിയിൽ വിശാലമായ മൈതാനത്ത് തയ്യാറാക്കിയ വേദിയിൽ നൂറുകണക്കിനാളുകളുടെ സാന്നിധ്യത്തിൽ നടനും നർത്തകനുമായ പ്രഭുദേവയാണ് യുവദസറയ്ക്ക് തിരി തെളിയിച്ചത്.

ചൊവ്വാഴ്ച സന്ധ്യയോടെയായിരുന്നു പരിപാടി. മൈസൂരുവിന്റെ ചുമതലയുള്ള മന്ത്രി യതീന്ദ്ര സിദ്ധരാമയ്യ, എം.എൽ.എ.മാരായ ജി.ടി. ദേവഗൗഡ, തൻവീർ സേഠ് തുടങ്ങിയവരും പങ്കെടുത്തു. സംഗീതരാവും അരങ്ങേറി. യുവദസറയുടെ ഭാഗമായി വിജയദശമി നാൾവരെ വിവിധ പരിപാടികൾ അരങ്ങേറും.

വർണശബളമായ രംഗോലി മത്സരത്തോടെയാണ് മഹിളാ ദസറയ്ക്ക് തുടക്കം കുറിച്ചത്. അംബാവിലാസ് കൊട്ടാരത്തിന് മുൻപിൽ രാവിലെ നടന്ന മത്സരത്തിൽ 800-ഓളം പേർ പങ്കെടുത്തു. പിന്നീട് നടന്ന ഉദ്ഘാടനച്ചടങ്ങിൽ മന്ത്രി യതീന്ദ്ര സിദ്ധരാമയ്യ പങ്കെടുത്തു.

സ്ത്രീകളുടെയും കുട്ടികളുടെയും ദസറയായാണ് വിവിധ പരിപാടികൾ ഒരുക്കിയിരിക്കുന്നത്. പഴയ കാറുകൾ അണിനിരത്തിയുള്ള വിന്റേജ് കാർ ഷോയ്ക്ക് കൊട്ടാരമുറ്റത്ത് തുടക്കം കുറിച്ചത് കാണികൾക്ക് പുത്തൻ അനുഭവം സമ്മാനിക്കുന്നതായി.

ഗുസ്തിമത്സരങ്ങളും കായികമത്സരങ്ങളും മൂന്നാം ദിവസവും തുടർന്നു. പുഷ്പ പ്രദർശനം കാണാൻ ഒട്ടേറെയാളുകളെത്തി. വൈകീട്ട് വൈദ്യുതദീപാലങ്കാരത്തിൽ കുളിച്ച നഗരവും അംബാവിലാസ് കൊട്ടാരവും കാണാൻ ആയിരങ്ങൾ ഒഴുകിയെത്തി.