ട്രെക്കിങ്ങിന് കൂടുതൽ സുരക്ഷാനിർദേശം; ജി.പി.എസ്. ആശയ വിനിമയസംവിധാനം നിർബന്ധം

മൈസൂരു : കർണാടകത്തിൽ ട്രെക്കിങ്ങിന് കൂടുതൽ സുരക്ഷാ മാർഗനിർദേശങ്ങൾ ഏർപ്പെടുത്തി വനം വകുപ്പിന്റെ ഉത്തരവ്. ട്രെക്കിങ്ങിന് ഇനിമുതൽ ജി.പി.എസ്. ആശയവിനിമയ സംവിധാനം ഉറപ്പുവരുത്തണമെന്നാണ് കർശനനിർദേശം.

പരിശീലനം ലഭിച്ച ഗൈഡുകളുടെ സാന്നിധ്യത്തിൽമാത്രമേ സംഘങ്ങളെ മലകയറാൻ അനുവദിക്കും. ഇങ്ങനെ അനുഗമിക്കുന്ന ഗൈഡിന്റെ കൈവശം ജി.പി.എസ്. ആശയ വിനിമയ സംവിധാനം നിർബന്ധമായും ഉണ്ടായിരിക്കണമെന്നാണ് പുതിയ ഉത്തരവ്. മൊബൈൽ സിഗ്‌നൽ ഇല്ലാത്ത സ്ഥലങ്ങളിലും ​െട്രെക്കിങ് സംഘങ്ങളെ നിരീക്ഷിക്കാനാണ് പുതിയ സംവിധാനം ഉറപ്പാക്കുന്നത്.

കഴിഞ്ഞ ഏപ്രിലിൽ കർണാടകയിലെ കുടകിൽനിന്ന് ട്രെക്കിങ്ങിനിടെ മലയാളിയുവതിയെ കാണാതായിരുന്നു.

ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് പുതിയ മാർഗനിർദേശങ്ങൾ. കൂടാതെ സംസ്ഥാനത്തെ വനമേഖലയിൽ 39 ട്രെക്കിങ് റൂട്ടുകളാണ് വനംവകുപ്പ് നിശ്ചയിച്ചിരിക്കുന്നത്.

ഇവിടങ്ങളിൽമാത്രമേ മലകയറാൻ അനുവദിക്കൂ. വന്യമൃഗ ശല്യം കൂടുതലായ മേഖലകളിൽ ട്രെക്കിങ് നിരോധിക്കാൻ അതത് ജില്ലാഭരണകൂടത്തിന് വനം വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

സഞ്ചാരികൾക്ക് വഴിതെറ്റുന്ന സാഹചര്യത്തിൽ വനം ഉദ്യോഗസ്ഥർ, പോലീസ്, തദ്ദേശ വാസികൾ എന്നിവർ സംയുക്തമായി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണം. തിരച്ചിലിനായി ഡ്രോണുകളടക്കമുള്ള സാങ്കേതിക സംവിധാനം ഉറപ്പുവരുത്തണമെന്നും പുതിയ ഉത്തരവിൽ പറയുന്നു.