ബഹ്റൈനിൽ പണമിടപാട് സേവനങ്ങൾ ആരംഭിച്ച് ടാപ്ടാപ് സെൻഡ്

മനാമ: അതിർത്തി കടന്നുള്ള പണമിടപാടുകൾക്കായുള്ള പ്രമുഖ പ്ലാറ്റ്ഫോമായ ടാപ്ടാപ് സെൻഡ്, ബഹ്റൈനിൽ തങ്ങളുടെ സേവനങ്ങൾ ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. ഒക്ടോബർ ഏഴ്, എട്ട് തീയതികളിൽ 'എക്‌സിബിഷൻ വേൾഡ് ബഹ്റൈനിൽ' നടന്ന സാമ്പത്തിക സേവന ഫോറമായ 'ഫിൻടെക് ഫോർവേഡ് 2026'ലായിരുന്നു പ്രഖ്യാപനം. സെൻട്രൽ ബാങ്ക് ഓഫ് ബഹ്റൈനിൽനിന്ന് 'പേയ്മെന്റ് സർവീസ് പ്രൊവൈഡർ' ലൈസൻസ് ലഭിച്ചതിനെത്തുടർന്നാണ് സേവനം ആരംഭിക്കുന്നത്.
യുണൈറ്റഡ് അറബ് എമിറേറ്റ്സിന് ശേഷം ജി.സി.സി. മേഖലയിൽ ടാപ്ടാപ് സെൻഡ് പ്രവേശിക്കുന്ന രണ്ടാമത്തെ വിപണിയാണ് ബഹ്റൈൻ. കമ്പനിയുടെ പ്ലാറ്റ്ഫോം വഴി, 35-ലധികം രാജ്യങ്ങളിലുള്ള ഉപഭോക്താക്കൾക്ക് 90-ലധികം വിപണികളിലുള്ള കുടുംബാംഗങ്ങൾക്കും മറ്റ് സ്വീകർത്താക്കൾക്കും പണം അയക്കാൻ സാധിക്കും.
സെൻട്രൽ ബാങ്ക് ഓഫ് ബഹ്റൈന്റെ ദീർഘവീക്ഷണത്തോടെയുള്ള നിയന്ത്രണ സമീപനവും നൂതന ആശയങ്ങളുമായി പ്രവർത്തിക്കുന്ന കമ്പനികളുമായി സഹകരിക്കാനുള്ള സന്നദ്ധതയും കാരണം സാമ്പത്തിക രംഗത്തെ നൂതന ആശയങ്ങളുടെ കാര്യത്തിൽ ബഹ്റൈൻ മികച്ചൊരു സ്ഥാനം നേടിയെടുത്തിട്ടുണ്ടെന്ന് ടാപ്ടാപ് സെൻഡ് സിഇഒയും സഹസ്ഥാപകനുമായ മൈക്കൽ ഫയേ പറഞ്ഞു. ഊർജസ്വലവും നൂതനാശയങ്ങളെ അടിസ്ഥാനമാക്കിയുള്ളതുമായ ഒരു സാമ്പത്തിക സേവന ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള ബഹ്റൈന്റെ നിരന്തരമായ പ്രതിബദ്ധതയെയാണ് 'ടാപ്ടാപ് സെൻഡി'ന്റെ വരവ് പ്രതിഫലിപ്പിക്കുന്നതെന്ന് ബഹ്റൈൻ ഇക്കണോമിക് ഡെവലപ്മെന്റ് ബോർഡിലെ ഫിനാൻഷ്യൽ സർവീസസ് വിഭാഗം ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് ഡയറക്ടറായ ദലാൽ ബുഹെജ്ജി അഭിപ്രായപ്പെട്ടു.
Content Highlights: Taptap Send officially launched its cross-border money transfer services in Bahrain.