റോയൽ ബഹ്റൈൻ ഹോസ്പിറ്റൽ 'വൈറ്റാലിറ്റി മെഡിക്കൽ സെന്ററു'മായി കരാർ ഒപ്പുവെച്ചു

മനാമ: വൈറ്റാലിറ്റി മെഡിക്കൽ ആൻഡ് സ്ലീപ്പ് ഡിസോർഡർ സെന്ററു'മായി കരാറിൽ ഒപ്പുവെച്ചതായി റോയൽ ബഹ്റൈൻ ഹോസ്പിറ്റൽ അറിയിച്ചു. ഇരു വിഭാഗങ്ങളിൽ നിന്നുമുള്ള പ്രമുഖ പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു കരാർ ഒപ്പുവെക്കൽ ചടങ്ങ് നടന്നത്. ഈ കരാർ പ്രകാരം, വൈറ്റാലിറ്റി മെഡിക്കൽ സെന്ററിലെ ഇഎൻടി വിദഗ്ധർ, സൽമാനിയയിലും ജനബിയയിലുമുള്ള റോയൽ ബഹ്റൈൻ ഹോസ്പിറ്റൽ ശാഖകളിൽ നേരിട്ടെത്തി തങ്ങളുടെ സേവനങ്ങളും വൈദഗ്ധ്യവും ലഭ്യമാക്കും. ഇഎൻടി സംബന്ധമായ വിവിധ രോഗങ്ങൾക്കും ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും, അത്യാധുനിക രോഗനിർണയ പരിശോധനകൾ, വ്യക്തിഗത ചികിത്സാ പദ്ധതികൾ, നൂതന ശസ്ത്രക്രിയകൾ എന്നിവയെല്ലാം ഒരേ കുടക്കീഴിൽ രോഗികൾക്ക് ലഭ്യമാക്കുക എന്നതാണ് ഈ സഹകരണത്തിന്റെ ലക്ഷ്യം.
വൈദ്യശാസ്ത്രപരമായ വൈദഗ്ധ്യവും രോഗികേന്ദ്രീകൃത പരിചരണവും സംയോജിപ്പിക്കുന്ന, സഹകരണാധിഷ്ഠിത ആരോഗ്യ സംരക്ഷണ മാതൃകകൾ വളർത്തിയെടുക്കുക എന്ന പൊതുവായ കാഴ്ചപ്പാടാണ് ഈ സംരംഭത്തിലൂടെ പ്രതിഫലിക്കുന്നത്. ബഹ്റൈൻ രാജ്യത്തെ സ്വകാര്യ ആരോഗ്യ മേഖലയിൽ ചികിത്സാ മികവിന്റെ നിലവാരം ഉയർത്തുന്നതിനുള്ള ഇരു സ്ഥാപനങ്ങളുടെയും പ്രതിബദ്ധതയെയും ഇത് എടുത്തു കാണിക്കുന്നു. വൈറ്റാലിറ്റിയുമായി ഈ കരാറിൽ ഒപ്പുവെക്കാൻ സാധിച്ചതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്ന് റോയൽ ബഹ്റൈൻ ഹോസ്പിറ്റലിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ പോൾ വെൽഫോർഡ് പറഞ്ഞു. ഇതിലൂടെ മികച്ച ഇഎൻടി, സ്ലീപ്പ് മെഡിസിൻ വിദഗ്ധരുടെ സേവനം തങ്ങളുടെ ആശുപത്രിയിൽ ലഭ്യമാക്കാൻ സാധിക്കും.
റോയൽ ബഹ്റൈൻ ഹോസ്പിറ്റലിലെ വിവിധ വിഭാഗങ്ങൾ ഉൾപ്പെട്ട ചികിത്സാ ശൃംഖലയുമായും അത്യാധുനിക സൗകര്യങ്ങളുമായും തങ്ങളുടെ വൈദഗ്ധ്യം സംയോജിപ്പിക്കാൻ കഴിയുന്നത് അഭിമാനകരമാണെന്ന് വൈറ്റാലിറ്റി സഹസ്ഥാപകനും, ഇഎൻടി, ഹെഡ് ആൻഡ് നെക്ക് സർജറി, സ്ലീപ്പ് മെഡിസിൻ വിഭാഗം സീനിയർ കൺസൾട്ടന്റുമായ പ്രൊഫ. ഹെഷാം അൽ റയേസ് അഭിപ്രായപ്പെട്ടു. ഇതൊരു മികച്ച ചികിത്സാ മാതൃകയായി മാറും. രോഗികൾക്ക് വ്യക്തിഗതവും ഉയർന്ന നിലവാരമുള്ളതുമായ ചികിത്സ നൽകുന്നതിനായി ടീമിനൊപ്പം പ്രവർത്തിക്കാൻ തങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു.'
സ്ലീപ്പ് അപ്നിയ, സൈനസ്, അലർജി സംബന്ധമായ പ്രശ്നങ്ങൾ, കൂടാതെ പ്രത്യേക ഇഎൻടി ചികിത്സാ നടപടിക്രമങ്ങൾ എന്നിവയ്ക്കുള്ള പരിശോധനകളും ചികിത്സകളും ഈ സംയുക്ത സേവനങ്ങളിൽ ഉൾപ്പെടുന്നു. ആർബിഎച്ചിൽ ഈ സേവനങ്ങൾ തേടുന്ന രോഗികൾക്ക്, ആഗോളതലത്തിലെ മികച്ച രീതികൾക്ക് അനുസൃതമായ, ഏകോപിത വൈദ്യസഹായം ലഭിക്കും.