ബഹ്റൈനിൽ ഭീകര സംഘടനയിൽ ചേർന്ന മൂന്ന് പ്രതികൾക്ക് ജീവപര്യന്തം

മനാമ: ബഹ്റൈൻ രാജ്യത്തിനെതിരെ ശത്രുതാപരവും ഭീകരവുമായ പ്രവർത്തനങ്ങൾ നടത്താനായി ഭീകര സംഘടനയിൽ ചേർന്ന മൂന്ന് പ്രതികൾക്ക് ഹൈ ക്രിമിനൽ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ഭീകരവാദ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന ഡെപ്യൂട്ടി ചീഫ് പ്രോസിക്യൂട്ടറാണ് ഇക്കാര്യം അറിയിച്ചത്. കുറ്റകൃത്യവുമായി ബന്ധപ്പെട്ട 1,313 ബഹ്റൈനി ദിനാർ തുകയും പിടിച്ചെടുത്ത മറ്റ് വസ്തുക്കളും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.

പബ്ലിക് പ്രോസിക്യൂഷന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസിന്റെ അന്വേഷണത്തിലൂടെ ഈ വിവരങ്ങൾ സ്ഥിരീകരിച്ചു. ബഹ്റൈനെതിരെ ഗൂഢാലോചനകൾ നടത്തുന്ന ഒരു ഭീകര സംഘടനയിൽ പ്രതികൾ ചേർന്നതായി അന്വേഷണത്തിൽ തെളിഞ്ഞു.

രാജ്യത്തിനുള്ളിൽ വിവിധ ഭീകര പ്രവർത്തനങ്ങൾ നടത്താൻ പ്രതികൾക്ക് ചുമതലകൾ നൽകിയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. പബ്ലിക് പ്രോസിക്യൂഷൻ പ്രതികളെ ഹൈ ക്രിമിനൽ കോടതിയിൽ ഹാജരാക്കി. പ്രതിഭാഗം അഭിഭാഷകരുടെ സാന്നിധ്യം ഉറപ്പാക്കുകയും, പ്രതികൾക്ക് അവരുടെ വാദങ്ങൾ അവതരിപ്പിക്കാൻ അവസരം നൽകുകയും ചെയ്തു.

ഭീകര സംഘടനകളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കെതിരെ കർശന നടപടികൾ തുടരുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. ഇത്തരം സംഘടനകളിൽ ചേരുകയോ, അവർക്ക് വേണ്ടി പ്രവർത്തിക്കുകയോ, അവരുടെ പദ്ധതികൾ നടപ്പിലാക്കുന്നതിൽ പങ്കാളികളാവുകയോ ചെയ്തതായി തെളിയുന്ന ആർക്കുമെതിരെയും നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കും.

വാർത്ത അയച്ചത്: അശോക് കുമാർ

Content Highlights: Three defendants sentenced to life imprisonment by Bahrain's High Criminal Court., Convicted of joining a terrorist organization and plotting against the state., Court ordered the confiscation of 1,313 Bahraini Dinars and seized assets., Public Prosecution reiterates strict legal actions against all terrorism-related crimes.