ഐ.വൈ.സി.സി. ലാൽസൻ പുള്ളുവിന്റെ ഏഴാം ചരമ വാർഷിക അനുസ്മരണം സംഘടിപ്പിച്ചു

മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐ.വൈ.സി.സി.) ബഹ്റൈന്റെ സജീവ പ്രവർത്തകനും സംഘടനയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച വ്യക്തിത്വവുമായിരുന്ന ലാൽസൻ പുള്ളുവിന്റെ ഏഴാം ചരമ വാർഷികത്തോടനുബന്ധിച്ച് ഐ.വൈ.സി.സി. ബഹ്റൈൻ ടുബ്ലി, സൽമാബാദ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. സൽമാബാദിലെ അൽ ഹിലാൽ ഹോസ്പിറ്റലിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ ഏരിയ സെക്രട്ടറി കുമാർ സ്വാഗതം ആശംസിച്ചു. ഏരിയ പ്രസിഡന്റ് ഷമാസ് മുഹമ്മദിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ഐ.വൈ.സി.സി. ബഹ്റൈൻ ദേശീയ പ്രസിഡന്റ് റിച്ചി കളത്തൂരേത്ത് ഉദ്ഘാടനം ചെയ്തു. ഐ.വൈ.സി.സി. ബഹ്റൈൻ ദേശീയ ജനറൽ സെക്രട്ടറി സലീം അബുതാലിബ്, ദേശീയ ട്രഷറർ ഷഫീഖ് സൈഫുദ്ദീൻ, ദേശീയ ജോയിന്റ് സെക്രട്ടറി രഞ്ജിത്ത് മാഹി എന്നിവർ അനുസ്മരണ സന്ദേശങ്ങൾ നൽകി.
ബ്ലെസ്സൻ മാത്യു, ജിതിൻ പരിയാരം, ഫാസിൽ വട്ടോളി, സജീഷ് രാജ്, ഷംഷാദ് കാക്കൂർ, രാജേഷ് പന്മന, അൻസാർ ടി. ഇ., നവീൻ ചന്ദ്രൻ എന്നിവർ അനുസ്മരണ സമ്മേളനത്തിൽ സംസാരിച്ചു. ഫൈസൽ പട്ടാമ്പി നന്ദി രേഖപ്പെടുത്തി. ഐ.വൈ.സി.സി. ബഹ്റൈന്റെ സംഘടനാപ്രവർത്തനങ്ങളിൽ എന്നും മുൻനിരയിൽ നിന്നിരുന്ന ലാൽസൻ പുള്ളു, സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. സഹപ്രവർത്തകരോടുള്ള ആത്മബന്ധവും സംഘടനയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും അദ്ദേഹത്തെ ഏവർക്കും പ്രിയങ്കരനാക്കി. ഗുരുതരമായ രോഗത്തോട് പോരാടുമ്പോഴും സഹപ്രവർത്തകർക്ക് ആത്മവിശ്വാസവും ധൈര്യവും പകർന്നുനൽകിയ അദ്ദേഹത്തിന്റെ ജീവിതം ഏവർക്കും പ്രചോദനമായിരുന്നുവെന്ന് അനുസ്മരണ സമ്മേളനത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ലാൽസൻ പുള്ളുവിന്റെ സ്മരണകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ച സമ്മേളനത്തിൽ ഐ.വൈ.സി.സി. ബഹ്റൈന്റെ വിവിധ ഏരിയ കമ്മിറ്റികളിൽ നിന്നുള്ള പ്രവർത്തകരും സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും പങ്കെടുത്തു.