ഇന്ത്യൻ സ്‌കൂൾ രക്ഷിതാക്കളുടെതാണ്; ഉടമസ്ഥാവകാശവും ഭരണവും രക്ഷിതാക്കളിൽ നിലനിർത്തണം: പി.പി.എ.

മനാമ: ഇന്ത്യൻ സ്‌കൂൾ യഥാർത്ഥ കമ്മ്യൂണിറ്റി സ്‌കൂളായി, രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെയും നിയന്ത്രണത്തോടെയും മുന്നോട്ടുപോകണമോ, അതോ സ്‌കൂളിന്റെ ഭരണപരവും ഉടമസ്ഥാവകാശപരവുമായ അധികാരങ്ങൾ വ്യക്തികളിൽ മാത്രം കേന്ദ്രീകരിക്കപ്പെടണമോ എന്നതാണ് ഈ തിരഞ്ഞെടുപ്പിലൂടെ രക്ഷിതാക്കൾക്ക് തീരുമാനിക്കാനുള്ളതെന്ന് പ്രോഗ്രസ്സീവ് പാനൽ അലയൻസ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യൻ സ്‌കൂൾ ബഹ്റൈന്റെ 75 വർഷത്തെ ചരിത്രത്തിൽ നിർണായക സ്ഥാനമാണ് 2026 ഡിസംബർ 11-ന് നടക്കാനിരിക്കുന്ന വാർഷിക ജനറൽ ബോഡിക്കും ഭരണസമിതി തിരഞ്ഞെടുപ്പിനും ഉള്ളത്.

2026 സെപ്റ്റംബർ 25-ന് നടന്ന അസാധാരണ പൊതുയോഗത്തിൽ ബഹ്റൈനിലെ നിയമങ്ങൾക്കും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശങ്ങൾക്കും അനുസൃതമായി പുതിയ ഭരണഘടനയ്ക്ക് അംഗീകാരം നൽകിയിരുന്നു. പഴയ ഭരണഘടനയിൽനിന്ന് പുതിയ ഭരണഘടനയിലേക്കുള്ള മാറ്റം സ്‌കൂളിന്റെ ഭാവി കൂടുതൽ സുതാര്യവും ജനാധിപത്യപരവും ഉത്തരവാദിത്തമുള്ളതുമാക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ്. ഭാരവാഹികൾ പറഞ്ഞു.

2015 മുതൽ 2026 വരെയുള്ള കാലയളവിൽ ഇന്ത്യൻ സ്‌കൂൾ ബഹ്റൈൻ അക്കാദമിക രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങളാണ് കൈവരിച്ചത്.

ഹ്യൂമാനിറ്റീസ്, കൊമേഴ്സ് വിഭാഗങ്ങളിൽ 100 ശതമാനം വിജയം, സയൻസ് വിഭാഗത്തിൽ 96.49 ശതമാനം വിജയം. ഇതിനുപുറമെ, ബഹ്റൈൻ തലത്തിൽ പരീക്ഷകളിൽ നിരവധി വിദ്യാർഥികൾ മികച്ച റാങ്കുകളും മാർക്കുകളും നേടി.

കഴിഞ്ഞ കാലത്തെ പ്രവർത്തനങ്ങളും നേട്ടങ്ങളും വസ്തുനിഷ്ഠമായി വിലയിരുത്തി, വ്യക്തിതാൽപര്യങ്ങൾക്കപ്പുറം സ്‌കൂളിന്റെ ദീർഘകാല താൽപര്യങ്ങൾക്കും രക്ഷിതാക്കളുടെ അവകാശങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ട് വോട്ടവകാശം വിനിയോഗിക്കണമെന്ന് എല്ലാ രക്ഷിതാക്കളോടും അഭ്യർഥിച്ചു.

സന്തോഷ് ബാബു, അഷ്റഫ് കാട്ടിൽപീടിക, പ്രവീൺ നായർ, ബിനോജ് മാത്യു, ബിജു മലയിൽ, റിഷാന സാക്കിർ, ജാക്കീർ അലി, വല്ലം ബഷീർ, സർവ്വർഖാൻ, മുഹമ്മദ് ബിസാൽ. ഹരിദാസ് സി.വി, പ്രിൻസ് മാങ്ങാട്, രാജേഷ് കുമാർ, സി.എസ്. സതീഷ് നായർ, സുമേഷ് ആനേരി, ഹക്കിം പാലക്കാട് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Content Highlights: The upcoming election at the Indian School Bahrain will determine whether the school continues as a community school with parental involvement or if governance and ownership are centralized among individuals. A new constitution, approved in September 2026, aims to make the school's future more transparent, democratic, and accountable, marking a significant shift from the old constitution. From 2015 to 2026, the school achieved notable academic success, including 100% pass rates in Humanities and Commerce and 96.49% in Science, with students earning top ranks and marks in Bahrain.