ഐ.സി.ഏ.ഐ. ബഹ്റൈൻ 18-ാമത് വാർഷിക സമ്മേളനം നവംബർ 27, 28 തീയതികളിൽ

മനാമ: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ ബഹ്റൈൻ ചാപ്റ്റർ തങ്ങളുടെ 18-ാമത് വാർഷിക സമ്മേളനമായ ' ഇംപാക്ട് 360' പ്രഖ്യാപിച്ചു. ഐ.സി.ഏ.ഐ. ബഹ്റൈൻ ചെയർപേഴ്സൺ വിനോദ് റാത്തിയുടെ നേതൃത്വത്തിൽ, 2026 നവംബർ 27, 28 തീയതികളിൽ ബഹ്റൈനിലെ 'ദി ഡിപ്ലോമാറ്റ് റാഡിസൺ ബ്ലൂ ഹോട്ടലിൽ' വെച്ചാണ് ഈ സമ്മേളനം നടക്കുക. ' ഇംപാക്ട് 360'അനന്തമായ സാധ്യതകൾ, ഒരേയൊരു സ്വാധീനം' എന്ന പ്രമേയത്തിൽ നടക്കുന്ന ഈ സമ്മേളനത്തിൽ, പ്രമുഖ നേതാക്കൾ, വ്യവസായ വിദഗ്ധർ, സംരംഭകർ, പ്രൊഫഷണലുകൾ എന്നിവർ ഒത്തുചേരും. ആശയങ്ങൾ കൈമാറാനും, കാഴ്ചപ്പാടുകൾ വിപുലീകരിക്കാനും, ബിസിനസ്സ് മേഖലയിലും തൊഴിൽ രംഗത്തും അർത്ഥവത്തായ മാറ്റങ്ങൾ കൊണ്ടുവരാനും ഈ സമ്മേളനം വഴിയൊരുക്കും.
'ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള പ്രൊഫഷണൽ ബന്ധത്തിന്റെ കരുത്തും, ഈ മേഖലയിലെ ബിസിനസ്സ് രംഗത്തെ രൂപപ്പെടുത്തുന്നതിൽ ചാർട്ടേഡ് അക്കൗണ്ടന്റുമാർ വഹിക്കുന്ന വർദ്ധിച്ചുവരുന്ന പങ്കും ' ഇംപാക്ട് 360' പ്രതിഫലിപ്പിക്കുന്നു,' എന്ന് ബഹ്റൈൻ ചെയർപേഴ്സൺ വിനോദ് റാത്തി പറഞ്ഞു. ജി.സി.സി, ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, ഓസ്ട്രേലിയ, വടക്കേ അമേരിക്ക എന്നിവിടങ്ങളിലായി അഞ്ച് ഭൂഖണ്ഡങ്ങളിലെ 12-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഈ സമ്മേളനത്തിൽ പങ്കെടുക്കും.
ഡോ. പ്രദീപ് സിംഗ് രാജ്പുരോഹിത്- ഇന്ത്യൻ അംബാസഡർ, ജമാൽ ഫക്രോ-ചെയർമാൻ, കെ.പി.എം.ജി ബഹ്റൈൻ, അബ്ബാസ് അൽ റാദി - ചെയർമാൻ, ബഹ്റൈൻ അക്കൗണ്ടന്റ്സ് ആൻഡ് ഓഡിറ്റേഴ്സ് അസോസിയേഷൻ, അബ്ദുൾറഹ്മാൻ ജുമ-ചെയർമാൻ, ബഹ്റൈൻ ഇന്ത്യ സൊസൈറ്റി എന്നിവർ പങ്കെടുക്കുന്ന പരിപാടിയിൽ, സൈന നെഹ്വാൾ - (ഒളിമ്പിക് മെഡൽ ജേതാവും മുൻ ലോക ഒന്നാം നമ്പർ ബാഡ്മിന്റൺ താരവും), പ്രകാശ് ബെലവാടി-പ്രശസ്തനായ ഇന്ത്യൻ നടൻ, സംവിധായകൻ, നാടക പ്രവർത്തകൻ, രാജ്വിന്ദർ സിംഗ് ഭട്ടി, ഐ.പി.എസ് (റിട്ട.) മുൻ എ.ഡി.ജി ക്യാപ്റ്റൻ നവീൻ നാഗപ്പ-കാർഗിൽ യുദ്ധത്തിൽ പങ്കെടുത്തയാൾ, സേനാ മെഡൽ ജേതാവ്, മോട്ടിവേഷണൽ സ്പീക്കർ, സരിക ജെയിൻ, ഐ.ആർ.എസ് - ജോയിന്റ് കമ്മീഷണർ ഓഫ് ഇൻകം ടാക്സ്, മുംബൈ, ഡോ. സി.എ. അങ്കുർ അഗർവാൾ - സ്ഥാപകനും ചെയർമാനുമായ, ബി.എൻ.ഡബ്ല്യു ഡെവലപ്മെന്റ്സ് അരുൺ പൈ-പാർട്ണർ, മോങ്ക്സ് ഹിൽ വെഞ്ചേഴ്സ് സ്ഥാപകൻ, ബാംഗ്ലൂർ വാക്ക്സ്, ജയന്ത് മുന്ദ്ര-നിക്ഷേപകൻ, സ്വതന്ത്ര സാമ്പത്തിക വിപണി വിശകലന വിദഗ്ധൻ, എഴുത്തുകാരൻ തുടങ്ങിയവർ പ്രഭാഷകരായി പങ്കെടുക്കും.
ഒന്നാം ദിവസം - 'മൂല്യം സൃഷ്ടിക്കുക, പരിവർത്തനത്തിന് വഴിയൊരുക്കുക' നിക്ഷേപം, സംരംഭകത്വം, പ്രതിസന്ധികളെ അതിജീവിക്കാനുള്ള ശേഷി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. രണ്ടാം ദിവസം - 'ധീരതയോടെ നയിക്കുക, സ്വാധീനം ചെലുത്തുക' നേതൃപാടവം, ഭരണനിർവ്വഹണം, നിക്ഷേപക അവബോധം, വ്യക്തിഗത മികവ് എന്നിവ ചർച്ച ചെയ്യുന്നു. പ്രൊഫഷണൽ നെറ്റ്വർക്കിംഗിനുള്ള അവസരങ്ങളും, 2026 നവംബർ 27-ന് വൈകുന്നേരം 'ഗബ്രു ബോയ്സ്' അവതരിപ്പിക്കുന്ന കലാപരിപാടികളും ഇതിന്റെ ഭാഗമായുണ്ടാകും. ചാർട്ടേഡ് അക്കൗണ്ടന്റുമാർ, ധനകാര്യ വിദഗ്ധർ, ബിസിനസ്സ് നേതാക്കൾ, സംരംഭകർ, മറ്റ് ബന്ധപ്പെട്ട വ്യക്തികൾ എന്നിവരെ 'ഇംപാക്ട് 360' ലേക്ക് ഐ.സി.എ.ഐ ബഹ്റൈൻ സ്വാഗതം ചെയ്യുന്നു.