ഗുരുദേവ സോഷ്യൽ സൊസൈറ്റി നവരാത്രി ആഘോഷങ്ങൾക്ക് വിദ്യാരംഭത്തോടെ സമാപനം

മനാമ: സൽമാനിയ കാനൂ ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി ബഹ്റൈൻ സംഘടിപ്പിച്ച പത്ത് ദിവസത്തെ നവരാത്രി ആഘോഷങ്ങൾ വിജയദശമി ദിനത്തിലെ വിദ്യാരംഭ ചടങ്ങുകളോടുകൂടി സമാപിച്ചു. സൊസൈറ്റിയിൽ പ്രത്യേകം സജ്ജമാക്കിയ നവരാത്രി മണ്ഡപത്തിൽ ഭക്തിനിർഭരമായ അന്തരീക്ഷത്തിലായിരുന്നു ചടങ്ങുകൾ നടന്നത്.
പ്രശസ്ത വ്യവസായിയും പ്രവാസി ഭാരതീയ പുരസ്കാര ജേതാവുമായ കെ.ജി. ബാബുരാജൻ കുട്ടികൾക്ക് ഹരിശ്രീ കുറിച്ചുകൊണ്ട് വിദ്യാരംഭ കർമ്മത്തിന് നേതൃത്വം നൽകി. അറിവിന്റെ അക്ഷര മുറ്റത്തേക്ക് ചുവടുവച്ച കുരുന്നുകൾക്ക് അദ്ദേഹം ആശംസകളും അനുഗ്രഹവും നേർന്നു.
പത്ത് ദിവസങ്ങളിലായി നടന്ന നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി എല്ലാ ദിവസവും സൊസൈറ്റി കുടുംബാംഗങ്ങളുടെ കുട്ടികളുടെ ശാസ്ത്രീയ നൃത്തവും വിവിധകലാപരിപാടികളും ചടങ്ങുകൾക്ക് മാറ്റു കൂട്ടി. സൊസൈറ്റി കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്ത ചടങ്ങുകൾക്ക് ഡയറക്ടർബോർഡ് അംഗങ്ങൾ നേതൃത്വം നൽകി.
ഭക്തിയും സംസ്കാരവും വിദ്യാഭ്യാസത്തിന്റെ മഹത്വവും ഒരുമിച്ച് ഉയർത്തിക്കാട്ടിയ വേദിയിൽ വിദ്യാരംഭം കുറിച്ച എല്ലാ കുരുന്നുകൾക്കും എല്ലാ നന്മകളും നേരുന്നു എന്നും വെള്ളിയാഴ്ച നടക്കുന്ന എഡ്യൂക്കേഷൻ എക്സല്ലെൻസ് അവാർഡ് ദാന വേദിയിൽ കുട്ടികൾക്ക് സർട്ടിഫിക്കറ്റ് നല്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
Content Highlights: gurudeva-social-society-bahrain-navratri-vidyarambham-2026