ഇറാന്റെ ആക്രമണം അവസാനിപ്പിക്കണം; യുഎൻ ഇടപെടണമെന്ന് ബഹ്റൈൻ

മനാമ: ബഹ്റൈനിലെ ജനസാന്ദ്രതയേറിയ സിവിലിയൻ മേഖലകൾക്ക് നേരെ ഇറാൻ തുടരുന്ന ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി യുഎൻ സുരക്ഷാ കൗൺസിലിനോട് ആവശ്യപ്പെട്ടു.
ബഹ്റൈന്റെ അഭ്യർഥനപ്രകാരം ചേർന്ന സുരക്ഷാ കൗൺസിലിന്റെ അടിയന്തര യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെബ്രുവരി 28 മുതൽ 203 ബാലിസ്റ്റിക് മിസൈലുകളും 605 ഡ്രോണുകളും ഉൾപ്പെടെ ആകെ 808 ആക്രമണങ്ങൾ രാജ്യം നേരിട്ടതായി മന്ത്രി പറഞ്ഞു.
ഈ ആക്രമണങ്ങളിൽ മൂന്ന് സിവിലിയന്മാർ കൊല്ലപ്പെടുകയും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 465 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സിവിലിയൻ അടിസ്ഥാനസൗകര്യങ്ങൾ, പാർപ്പിട മേഖലകൾ, നിർണായക സ്ഥാപനങ്ങൾ എന്നിവയാണ് ആക്രമണത്തിന്റെ പ്രധാന ലക്ഷ്യങ്ങളായതെന്നും അദ്ദേഹം ആരോപിച്ചു.
ഏപ്രിൽ 5-ന് സിത്രയിലെ ഗൾഫ് പെട്രോകെമിക്കൽ ഇൻഡസ്ട്രീസ് കമ്പനിക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ അമോണിയ സംഭരണ ടാങ്ക് ലക്ഷ്യമിട്ടത് വലിയ മാനുഷിക ദുരന്തത്തിന് വഴിവെച്ചേനെയെന്ന് മന്ത്രി പറഞ്ഞു. അധികൃതരുടെ സമയോചിത ഇടപെടലാണ് വൻ അപകടം ഒഴിവാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാന്റെ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് അവ ഉടൻ അവസാനിപ്പിക്കണമെന്നും യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾ കർശനമായി നടപ്പാക്കാൻ ഫലപ്രദമായ സംവിധാനം ഒരുക്കണമെന്നും ബഹ്റൈൻ ആവശ്യപ്പെട്ടു.