ബഹ്‌റൈൻ പ്രതിഭ ഇ.എം.എസ്-എ.കെ ജി അനുസ്മരണം നടത്തി

.
.

മനാമ: കേരളം എന്ന മലയാളിയുടെ മാതൃഭൂമിയെ കുറിച്ച് ഓർക്കുമ്പോൾ ചേർത്തു വായിക്കേണ്ട രണ്ട് നാമധേയങ്ങളാണ് ഇ.എം.എസും എ.കെ.ജിയുമെന്ന് സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം കെ.പി. സതീഷ് ചന്ദ്രൻ പറഞ്ഞു. ബഹ്‌റൈൻ പ്രതിഭ നടത്തിയ ഇ.എം.എസ്. -എ.കെ.ജി. ആധുനിക കേരളത്തിന്റെ ശില്പികൾ എന്ന അനുസ്മരണ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ പഠിക്കുന്ന സമയത്ത് തന്റെ പൂണുൽ പൊട്ടിച്ച് കത്തിച്ച് കവറിലാക്കി തപാൽ മുഖാന്തിരം വേദനേതൃത്വത്തിന് അയച്ച് കൊടുക്കുകയായിരുന്നു പിന്നീട് നവകേരളത്തിലെ ആദ്യ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഇ.എം.എസ്. ചെയ്തത്. സമൂഹത്തിൽ രൂഢമൂലമായ ജാതി ആചാരങ്ങൾക്കും അയിത്ത ബോധത്തിനും അന്ധവിശ്വാസങ്ങൾക്കുമെതിരെ പടപൊരുതിയ രാജാറാം മോഹൻ റായ്, വിവേകാനന്ദൻ, ആറാട്ടുപുഴ വേലായുധ പണിക്കർ എന്നീ മനീഷികൾക്കൊപ്പമോ അതിലുമുയരത്തിലോ സാമൂഹ്യ പുരോഗതിക്കായ് പ്രവർത്തിച്ച ധീര വിപ്ലവകാരിയായിരുന്നു ഇ.എം.എസ്. ആധുനിക കേരളം ഇന്ന് കാണുന്ന വികസന കുതിപ്പിലേക്ക് എത്തിച്ചേരാൻ ഇ.എം.എസിന്റെ നേതൃത്വത്തിന് കഴിഞ്ഞിട്ടുണ്ട്.

പാവങ്ങളുടെ പടത്തലവൻ എന്ന് കേരളീയരാൽ വിശേഷിപ്പിക്കപ്പെട്ട എ.കെ. ജി. ചെയ്ത സമരങ്ങൾ ഒന്നും തന്നെ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് മാത്രം വേണ്ടിയായിരുന്നില്ല. ഏറ്റവും സാധാരണക്കാർക്ക് വേണ്ടി നിലകൊണ്ട ആ മഹനീയ വ്യക്തിത്വത്തെ ഗൂരുവായൂരിലെ ജാതിയിൽ താണ ഹിന്ദുഭക്ത ജനങ്ങൾ നടത്തിയ ക്ഷേത്ര പ്രവേശന സമരത്തിലും ഭൂമിയില്ലാതായ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അനുഭാവികൾ പോലുമല്ലാത്തവർ പോലും ഉൾപ്പെട്ട അമരാവതി ഭൂസമരത്തിലും ഒരേ സമയം കാണാം. കെ.പി.സതീഷ് ചന്ദ്രൻ കൂട്ടി ചേർത്തു.

പ്രതിഭ പ്രസിഡണ്ട് അഡ്വ: ജോയ് വെട്ടിയാടൻ അദ്ധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി പി. ശ്രീജിത്ത്, ജനറൽ സെക്രട്ടറി പ്രദീപ് പതേരി എന്നിവർ പ്രസംഗിച്ചു.

വാർത്തയും ചിത്രവും: അശോക് കുമാർ    

Content Highlights: Bahrain Pratibha, EMS, AKG