ബഹ്‌റൈന്‍ പ്രതിഭ സബ് കമ്മിറ്റികളുടെ പ്രവര്‍ത്തനം നടി ഗായത്രി വര്‍ഷ ഉദ്ഘാടനം ചെയ്തു

ബഹ്‌റൈന്‍ പ്രതിഭ സബ് കമ്മിറ്റികളുടെ പ്രവര്‍ത്തനം നടി ഗായത്രി വര്‍ഷ ഉദ്ഘാടനം ചെയ്യുന്നു
ബഹ്‌റൈന്‍ പ്രതിഭ സബ് കമ്മിറ്റികളുടെ പ്രവര്‍ത്തനം നടി ഗായത്രി വര്‍ഷ ഉദ്ഘാടനം ചെയ്യുന്നു

മനാമ: ബഹ്‌റൈന്‍ പ്രതിഭയുടെ പതിമുന്ന് സബ് കമ്മിറ്റികളുടെ 2023-25 കാലത്തെ പ്രവര്‍ത്തനം സിനിമാ നടിയും സാംസ്‌ക്കാരിക പ്രവര്‍ത്തകയുമായ ഗായത്രി വര്‍ഷ ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ വിശ്വപൗരന്‍ ആരെന്ന ചോദ്യത്തിന് ബി.ജെ.പിക്കാര്‍ നല്‍കുന്ന ഉത്തരം നരേന്ദ്ര മോദി എന്നാണെങ്കില്‍ യഥാര്‍ത്ഥത്തില്‍ അതിനുത്തരം പ്രവാസികള്‍ എന്നതാണെന്ന് ഗായത്രി വര്‍ഷ പറഞ്ഞു. 

'ഇന്ത്യ ഇനിയും ഇങ്ങനെ ഉണ്ടാവുമോ എന്ന ചോദ്യം ഇന്നലെ വരെ നമ്മുടെ ശബ്ദത്തിന്റെ മാറ്റൊലിയായിരുന്നു. എന്നാല്‍ ഇന്നത് യാഥാര്‍ത്ഥ്യമായിരിക്കുന്നു. ഏറ്റവും വലിയ പൈതൃക സംസ്‌ക്കാരത്തിന്റ ഉടമകള്‍ ഇന്ത്യക്കാരാണ്. അതിന്റെ ഉദാഹരണം പ്രവാസികള്‍ തന്നെയാണ്.  വിശ്വസംസ്‌ക്കാരമാണ് പ്രവാസികള്‍ കൈകാര്യം ചെയ്യുന്നത്. ഏതൊരു തമാശ പോലും അതിന്റെ അര്‍ത്ഥത്തില്‍ മനസിലാക്കി പൊട്ടിച്ചിരിക്കാന്‍ കഴിയുന്നത് പ്രവാസ ലോകത്താണ്.' -ഗായത്രി വര്‍ഷ പറഞ്ഞു.  

'സൈബര്‍ ആക്രമണകാലത്ത് പൊതുരംഗത്ത് നിന്ന് ധാരാളം പിന്തുണ ലഭിച്ചെങ്കിലും സിനിമാരംഗത്തുനിന്ന് ചുരുക്കം ചിലരുടെ പിന്തുണയേ ലഭിച്ചുള്ളു. 'ഗായത്രി വര്‍ഷയെ പോലെ താന്തോന്നി' എന്ന്  വിളിക്കപ്പെട്ടേക്കാം എന്ന ഭയത്താലും തങ്ങളുടെ ജോലിക്ക് വിഘ്‌നം വരരുത് എന്ന കരുതലിലും ഒന്നും മിണ്ടാതിരുന്നവരാണ് ഭൂരിപക്ഷം പേരും. ഇത് നമ്മുടെ നാട് എത്തിചേര്‍ന്ന അഭിപ്രായസ്വാതന്ത്യത്തിന്റെ പരിതാപകരമായ അവസ്ഥയാണ് കാണിക്കുന്നത്. ഭയം ഒരു രാജ്യത്തെ ഗ്രസിക്കുക എന്നത് നാടിന്റെ പുരോഗമന മുഖമല്ല കാണിക്കുന്നത്. എന്നാല്‍ രാജ്യതലസ്ഥാനത്ത് അതിശൈത്യം തൃണവത്ഗണിച്ച് സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഭയമില്ല. 13 മാസം സമരം ചെയ്ത്  പാടത്തേക്ക് മടങ്ങിയവര്‍ കേന്ദ്ര ഭരണാധികാരികളാല്‍ പറഞ്ഞ് പറ്റിക്കപ്പെട്ടവരാണ്. 140 കോടി ജനങ്ങളുടെ 60 ശതമാനമായ കര്‍ഷക പ്രതിനിധികളാണ് ഡല്‍ഹിയില്‍ സമരത്തിനെത്തിച്ചേര്‍ന്നത്.' -ഗായത്രി തുടര്‍ന്നു. 

'നരേന്ദ്ര മോദിയുടെ അടിക്കടിയുള്ള കേരള സന്ദര്‍ശനം വെറുതെ അങ്ങ് സംഭവിക്കുകയല്ല. കേരളം പിടിക്കുക എന്ന ഉറച്ച തീരുമാനത്തിന്റെ ഭാഗമായാണ് മോദിയുടെ വരവ്. ഇന്ത്യയുടെ അധോഗതിയായ വികസനത്തില്‍ നിന്ന് വ്യത്യസ്തമായി  സാമ്പത്തിക, സാംസ്‌ക്കാരിക, ജീവിത നിലവാര സൂചിക ഉയര്‍ന്ന പ്രദേശമാണ് കേരളം. യുറോപ്പ് എത്തിച്ചേര്‍ന്ന വികസനത്തിന്റെ അതേ  നിലവാരത്തില്‍ എത്തിചേര്‍ന്ന ഇന്ത്യയിലെ കൊച്ചു തുരുത്താണ് നമ്മുടെ സംസ്ഥാനം. മാനവികത കെട്ട് പോകുന്ന കാലത്ത് വിശ്വസംസ്‌ക്കാരം ആര്‍ജ്ജിച്ച പ്രവാസികള്‍ക്ക് നമ്മുടെ നാടിന്റെ മതേതര മൂല്യം കാത്ത് സൂക്ഷിക്കാന്‍ വലിയ പങ്കുണ്ട്.' -ഗായത്രി വര്‍ഷ ചൂണ്ടിക്കാണിച്ചു. 

ചടങ്ങില്‍ പ്രതിഭ ജനറല്‍ സെക്രട്ടറി മിജോഷ് മൊറാഴ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ബിനു മണ്ണില്‍ അധ്യക്ഷനായി. പുരോഗമന കലാസാഹിത്യ സംഘം മാധ്യമ വിഭാഗം സംസ്ഥാന സമിതി അംഗം മധു മോഹന്‍, പ്രതിഭ മുഖ്യരക്ഷാധികാരി പി. ശ്രീജിത്ത്, പ്രതിഭ വൈസ് പ്രസിഡന്റ് നിഷ സതീശ് എന്നിവര്‍ ആശംസ നേര്‍ന്നു. തുടര്‍ന്ന് വിവിധ മേഖലകള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ അരങ്ങേറി. പ്രതിഭ സാന്ത്വനം ഫണ്ടിലേക്ക് പ്രതിഭ സല്‍മാബാദ് മേഖല സമാഹരിച്ച തുകയും, സല്‍മാബാദ് മേഖലാ സെക്രട്ടറി ഗിരീഷ് മോഹന്റെ മകന്റെ പിറന്നാള്‍ ചെലവിന്റെ തുകയും പ്രതിഭ ട്രഷറര്‍ രജ്ഞിത് കുന്നന്താനത്തിന് കൈമാറി.

Content Highlights: Malayalam actress Gayathri Varsha inaugurated the working of Bahrain Prathibha sub committees