ബഹ്റൈൻ പ്രതിഭ റിഫ മേഖല സബ് കമ്മിറ്റികൾ പ്രവർത്തനമാരംഭിച്ചു

മനാമ: ബഹ്റൈൻ പ്രതിഭ റിഫ മേഖലയുടെ 2026- 27 പ്രവർത്തന വർഷത്തേക്കുള്ള വിവിധ സബ് കമ്മിറ്റികളുടെ പ്രവർത്തനോദ്ഘാടനം സംഘടിപ്പിച്ചു. ബഹ്റൈൻ പ്രതിഭ മുഖ്യരക്ഷാധികാരിയും ലോക കേരള സഭാ അംഗവുമായ ബിനു മണ്ണിൽ ഉദ്ഘാടനം നിർവഹിച്ചു. മേഖല പ്രസിഡന്റ് രഞ്ജു ഹരീഷ് അധ്യക്ഷത വഹിച്ച ഔദ്യോഗിക ചടങ്ങിന് മേഖല സെക്രട്ടറി ബാബു വി.ടി. സ്വാഗതം ആശംസിച്ചു. പ്രതിഭ പ്രസിഡന്റ് മഹേഷ് കെ.വി, ജനറൽ സെക്രട്ടറി സുലേഷ് വി.കെ, രക്ഷാധികാരി സമിതി അംഗം ഷീബാ രാജീവൻ എന്നിവർ ആശംസകൾ അർപ്പിച്ചു. പരിപാടിയുടെ കൺവീനറും മേഖല കമ്മിറ്റി അംഗവുമായ ബാലകൃഷ്ണൻ വി.പി. നന്ദി രേഖപ്പെടുത്തി.

മേഖല ലൈബ്രറി സബ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ക്വിസ് ക്ലബ് ലോഞ്ചിങ് പ്രതിഭ ജനറൽ സെക്രട്ടറി സുലേഷ് വി.കെയും മേഖല ഹെൽപ് ലൈൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ഹെൽത്ത് ക്ലബ് ലോഞ്ചിങ് പ്രതിഭ പ്രസിഡന്റ് മഹേഷ് കെ.വിയും നിർവഹിച്ചു. മേഖല കമ്മറ്റി അംഗം ഷമിത സുരേന്ദ്രൻ അവതാരികയായി. റിഫ സ്വരലയ ഗായകർ അവതരിപ്പിച്ച സംഗീതവിരുന്നിനോടൊപ്പം വിവിധ സബ് കമ്മിറ്റി അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച ഡാൻസ്, ചെയിൻ സോങ്, ഫ്യൂഷൻ ഡാൻസ്, സിനിമാറ്റിക് ഡാൻസ്, ഫ്‌ലൂട്ട് മ്യൂസിക് എന്നി കലാപരിപാടികളും പുതുതായി ക്വിസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്‌പോട്ട് ക്വിസും പരിപാടി കൂടുതൽ വർണാഭമായി.

Content Highlights: Bahrain Prathibha Riffa chapters launch their 2026-27 activities, including new quiz and health clubs. Inaugurated by Binu Mannil. Event featured cultural programs