ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി, വിദ്യാരംഭം ഒക്ടോബർ 21-ന്

മനാമ: കാനൂ ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ (ജി.എസ്സ്.എസ്സ്) ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾക്ക് വർണ്ണാഭമായ തുടക്കം. ആഘോഷങ്ങൾ മുഖ്യാതിഥി ജി.എസ്.എസ്. കുടുംബാംഗവും ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അംഗവുമായ മിഥുൻ മോഹൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളിലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ അസിസ്റ്റന്റ് സെക്രട്ടറി ദേവദത്തൻ സ്വാഗതം ആശംസിച്ചു. വൈസ് ചെയർമാൻ സതീഷ് കുമാർ, ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. അസിസ്റ്റന്റ് ട്രഷർ ശിവജി ശിവദാസൻ നന്ദി രേഖപ്പെടുത്തി.
തുടർന്ന് അജിത്ത് പ്രസാദിന്റെ നേതൃത്വത്തിൽ നടന്ന ഭക്തി ഗാനസുധയും, സൊസൈറ്റി കുടുംബാംഗമായ ആരാധ്യ സതീഷ് അവതരിപ്പിച്ച ഭരതനാട്യവും ഉദ്ഘാടന ചടങ്ങുകൾക്ക് മാറ്റുകൂട്ടി. സൊസൈറ്റിയിൽ പ്രത്യേകം തയ്യാറാക്കിയ നവരാത്രി മണ്ഡപത്തിൽ പത്തുദിവസം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി വരുന്ന ദിവസങ്ങളിൽ വൈകുന്നേരങ്ങളിൽ ഭക്തിഗാനസുധയും വിവിധ കലാപരിപാടികളും അരങ്ങേറും. കഴിഞ്ഞ 14 വർഷമായി തുടർച്ചയായി നടന്നു വരുന്ന നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 18, ഞായറാഴ്ച വൈകിട്ട് പൂജവെപ്പും, ഒക്ടോബർ 21 ബുധനാഴ്ച്ച രാവിലെ വിദ്യാരംഭവും ഉണ്ടായിരിക്കും. വിദ്യാരംഭ ചടങ്ങിൽ പ്രമുഖ വ്യവസായിയും ബി.കെ.ജി. ഹോൾഡിംഗ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കെ.ജി. ബാബുരാജൻ കുരുന്നുകൾക്ക് ആദ്യക്ഷരം പകർന്നു നൽകും.
ചടങ്ങുകളുടെ സുഗമമായ നടത്തിപ്പിന് എന്റർടൈൻമെന്റ് സെക്രട്ടറി ബിനുമോൻ ചുങ്കപ്പാറ, മെമ്പർഷിപ്പ് സെക്രട്ടറി രഞ്ജിത്ത് വാസപ്പൻ, ട്രഷറർ അജികുമാർ, പബ്ലിക് റിലേഷൻസ് സെക്രട്ടറി രജീഷ് പട്ടാഴി എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചുവരുന്നു. വിദ്യാരംഭ ചടങ്ങിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കായുള്ള മുൻകൂട്ടിയുള്ള രജിസ്ട്രേഷൻ (34347514) നടപടികൾ പുരോഗമിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
Content Highlights: bahrain news