മലയാളം മിഷൻ പ്രവേശനോത്സവം മന്ത്രി പി.സി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു

മനാമ: ബഹ്റൈൻ കേരളീയ സമാജം മലയാളം മിഷൻ പാഠശാലയുടെ പുതിയ അധ്യയന വർഷത്തെ പ്രവേശനോത്സവം കേരള സംസ്ഥാന സാംസ്‌കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. ബഹ്റൈൻ കേരളീയ സമാജത്തിൽ നടന്ന ചടങ്ങിൽ പ്രവാസി സമൂഹത്തിൽ മലയാള ഭാഷാ പഠനത്തിന്റെയും പ്രചാരണത്തിന്റെയും പ്രാധാന്യം മന്ത്രി ചൂണ്ടിക്കാട്ടി. സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണ പിള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ സ്വാഗതം ആശംസിച്ചു. ബഹ്റൈനിലെ മലയാളം മിഷൻ നേരിടുന്ന വിവിധ വിഷയങ്ങളും ആവശ്യങ്ങളും അടങ്ങിയ നിവേദനം മലയാളം മിഷൻ ചാപ്റ്റർ പ്രസിഡന്റ് കൂടിയായ പി. വി. രാധാകൃഷ്ണപിള്ള ചടങ്ങിൽ മന്ത്രിക്ക് സമർപ്പിച്ചു. നിവേദനത്തിലെ ആവശ്യങ്ങൾ പരിശോധിച്ച് ബന്ധപ്പെട്ട തലങ്ങളിൽ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി മറുപടി പ്രസംഗത്തിൽ ഉറപ്പുനൽകി. പ്രവാസി സമൂഹത്തിൽ മലയാള ഭാഷയും സംസ്‌കാരവും സംരക്ഷിക്കുന്നതിന് സർക്കാർ നൽകുന്ന മുൻഗണനയും അദ്ദേഹം വ്യക്തമാക്കി.

ചടങ്ങിൽ വിവിധ പുരസ്‌കാര വിജയികളെ മന്ത്രി ആദരിച്ചു. മലയാളം മിഷൻ ആഗോളതലത്തിൽ സംഘടിപ്പിച്ച 'സുഗതാഞ്ജലി' മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സമാജം പാഠശാലയിലെ പഠിതാക്കളായ അർജുൻ രാജ്, ഇഷ ആഷിക് എന്നിവരെയും, ഭാഷാ പ്രതിജ്ഞ മത്സരത്തിലെ ആഗോളതല വിജയിയായ അധ്യാപിക പ്രവീണ വിമലിനെയും മന്ത്രി ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. സമാജം വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത്, സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രൻ നായർ, മലയാളം മിഷൻ പാഠശാല പ്രിൻസിപ്പൽ ഇൻ-ചാർജ് രജിത അനി, കൺവീനർ സുനേഷ് സാസ്‌കോ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Content Highlights: Minister P.C. Vishnunath inaugurated the Malayalam Mission Pathashala academic year at Bahrain Keraleeya Samajam., A memorandum addressing the needs of the Bahrain Malayalam Mission chapter was submitted to the minister., Global competition winners Arjun Raj, Isha Ashik, and teacher Praveena Vimal were honored at the event.