ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് മികച്ച എയര്‍പോര്‍ട്ട് സ്റ്റാഫ് ബഹുമതി

മികച്ച എയര്‍പോര്‍ട്ട് സ്റ്റാഫ് ബഹുമതി പുരസ്‌കാരം ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് (ബി.ഐ.എ) വേണ്ടി ഗള്‍ഫ് എയര്‍ ഗ്രൂപ്പ് (ജി.എഫ്.ജി) ചെയര്‍മാന്‍ സായിദ് അല്‍സയാനിയും ബഹ്റൈന്‍ എയര്‍പോര്‍ട്ട് കമ്പനി (ബി.എ.സി) ചീഫ് എക്സിക്യൂട്ടീവ് മുഹമ്മദ് അല്‍ ബിന്‍ഫലയും ചേര്‍ന്ന് ഏറ്റുവാങ്ങുന്നു
മികച്ച എയര്‍പോര്‍ട്ട് സ്റ്റാഫ് ബഹുമതി പുരസ്‌കാരം ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് (ബി.ഐ.എ) വേണ്ടി ഗള്‍ഫ് എയര്‍ ഗ്രൂപ്പ് (ജി.എഫ്.ജി) ചെയര്‍മാന്‍ സായിദ് അല്‍സയാനിയും ബഹ്റൈന്‍ എയര്‍പോര്‍ട്ട് കമ്പനി (ബി.എ.സി) ചീഫ് എക്സിക്യൂട്ടീവ് മുഹമ്മദ് അല്‍ ബിന്‍ഫലയും ചേര്‍ന്ന് ഏറ്റുവാങ്ങുന്നു

മനാമ: മിഡില്‍ ഈസ്റ്റിലെ മികച്ച എയര്‍പോര്‍ട്ട് സ്റ്റാഫ് ബഹുമതി ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്. സ്‌കൈട്രാക്സിന്റെ 2024 വേള്‍ഡ് എയര്‍പോര്‍ട്ട് അവാര്‍ഡ് തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് ലഭിക്കുന്നത്. വ്യോമരംഗത്തെ അഭിമാനകരമായ അംഗീകാരമാണ് ഈ അവാര്‍ഡ്. 

ആഗോള വിമാനത്താവള ഉപഭോക്തൃ സംതൃപ്തി സര്‍വേയുടെ അടിസ്ഥാനത്തിലാണ് അവാര്‍ഡ് നിര്‍ണ്ണയിക്കുന്നത്. ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് (ബി.ഐ.എ) വേണ്ടി ഗള്‍ഫ് എയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ സായിദ് അല്‍സയാനിയും ബഹ്റൈന്‍ എയര്‍പോര്‍ട്ട് കമ്പനി (ബി.എ.സി) ചീഫ് എക്സിക്യൂട്ടീവ് മുഹമ്മദ് അല്‍ ബിന്‍ഫലയും അവാര്‍ഡ് ഏറ്റുവാങ്ങി. പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ ബി.ഐ.എയ്ക്ക് തുടര്‍ച്ചയായ മൂന്നാം തവണയും 5-സ്റ്റാര്‍ എയര്‍പോര്‍ട്ട് റേറ്റിങും ലഭിച്ചു.

2000-ത്തിലാണ് വേള്‍ഡ് എയര്‍പോര്‍ട്ട് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചുതുടങ്ങിയത്. എയര്‍പോര്‍ട്ട് വ്യവസായത്തിലെ മികവിനുള്ള അംഗീകാരമാണിത്. 60-ലധികം രാജ്യങ്ങളിലെ വിമാനയാത്രക്കാരില്‍ നടത്തുന്ന ആഗോള സര്‍വേയെ അടിസ്ഥാനമാക്കിയാണ് അവാര്‍ഡ് നിര്‍ണ്ണയിക്കുന്നത്. ചെക്ക്-ഇന്‍, സുരക്ഷ, ഷോപ്പിംഗ്, ഡിപ്പാര്‍ച്ചര്‍ എന്നിവ ഉള്‍പ്പെടെയുള്ള ഉപഭോക്തൃ അനുഭവത്തിന്റെ വിവിധ വശങ്ങള്‍ വിലയിരുത്തും. 

ബഹ്റൈന്‍ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയറിന്റെ പ്രാഥമിക പ്രവര്‍ത്തന കേന്ദ്രമാണ് ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം. വിമാനത്താവളത്തിന്റെ നിര്‍മ്മാണവും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളും 2021-ല്‍ പൂര്‍ത്തിയായി. 14 ദശലക്ഷം യാത്രക്കാരാണ് വര്‍ഷത്തില്‍ എയര്‍പോര്‍ട്ട് ഉപയോഗിക്കുന്നത്.

തുടര്‍ച്ചയായ രണ്ടാം വര്‍ഷവും അവാര്‍ഡ് ലഭിച്ചത് അഭിമാനകരമാണെന്ന് ഗള്‍ഫ് എയര്‍ ഗ്രൂപ്പ് (ജി.എഫ്.ജി) ചെയര്‍മാന്‍ സായിദ് അല്‍ സയാനി പറഞ്ഞു. ജീവനക്കാരെ അദ്ദേഹം അഭിനന്ദിച്ചു. എയര്‍പോര്‍ട്ട് വഴി സഞ്ചരിക്കുന്ന സന്ദര്‍ശകര്‍ക്കും യാത്രക്കാര്‍ക്കും വ്യതിരിക്തവും തടസ്സമില്ലാത്തതുമായ യാത്രാനുഭവം നല്‍കാനുള്ള ജീവനക്കാരുടെ പ്രതിബദ്ധത പ്രശംസനീയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Content Highlights: Bahrain International Airport celebrates win at Skytrax World Airport Awards 2024