ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂൾ ജനറൽ ബോഡി യോഗത്തിൽ നാടകീയ രംഗങ്ങൾ

മനാമ: ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂളിൽ ചേർന്ന അസാധാരണ ജനറൽ ബോഡി യോഗത്തിൽ നാടകീയ സംഭവങ്ങൾ. സ്‌കൂൾ കൊമേഴ്‌ഷ്യൽ രജിസ്‌ട്രേഷൻ (സി. ആർ) എടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചയിലും ഭരണഘടനാ ഭേദഗതി വേളയിലുമാണ് യോഗം സംഘർഷഭരിതമായത്.
75 വർഷത്തിലേറെ പഴക്കമുള്ള ഇന്ത്യൻ സ്കൂളിന്റെ ഭരണഘടന യാതൊരുവിധ ചർച്ചകളും കൂടാതെ പാസാക്കിയതായി ചെയർമാൻ ഏകപക്ഷീയമായി പ്രഖ്യാപിക്കുകയായിരുന്നുവെന്ന് യോഗത്തിൽ പങ്കെടുത്തവർ ആരോപിച്ചു. തുടർന്നുണ്ടായ ശക്തമായ വാക്തർക്കങ്ങൾക്കൊടുവിൽ യോഗം അവസാനിപ്പിച്ചതായി അറിയിച്ച് ചെയർമാൻ വേദിയിൽ നിന്നും ഇറങ്ങിപ്പോയി. എന്നാൽ രക്ഷിതാക്കളുടെ ഭാഗത്തുനിന്നുണ്ടായ കടുത്ത പ്രതിഷേധത്തെയും സമ്മർദത്തെയും തുടർന്ന് വീണ്ടും യോഗം ആരംഭിച്ചെങ്കിലും സ്ഥിതിഗതികളിൽ മാറ്റമൊന്നുമുണ്ടായില്ല.
രക്ഷിതാക്കൾ മുന്നോട്ടുവെച്ച ഒരു തരത്തിലുള്ള ഭേദഗതികളും അംഗീകരിക്കാൻ ചെയർമാനും ഭരണസമിതിയും തയ്യാറായില്ല. ഭരണസമിതിയുടെ ഈ നിലപാട് തികച്ചും ജനാധിപത്യവിരുദ്ധവും നിരാശാജനകവുമാണെന്ന് ഇൻഡക്‌സ് ബഹ്‌റൈൻ പ്രസിഡന്റ് റഫീക്ക് അബ്ദുള്ള വിമർശിച്ചു.
സി.ആർ. വിഷയം വിദ്യാഭ്യാസ മന്ത്രാലയം പറഞ്ഞതനുസരിച്ചായതിനാൽ പങ്കെടുത്ത ഒരു രക്ഷിതാവും എതിർത്തില്ല. ഇലക്ഷൻ ആവാറായ ഈ സമയത്ത് ധൃതിപിടിച്ച് നടപ്പിലാക്കുന്നതിൽ രക്ഷിതാക്കൾ സംശയം പ്രകടിപ്പിച്ചു. ഒരു കമ്മിറ്റി മെമ്പർമാരുടെ പേരിലോ മറ്റേതെങ്കിലും വ്യക്തികളുടെ പേരിലോ സ്കൂൾ സി ആർ എടുക്കരുത് എന്ന് മീറ്റിങ് ഒന്നടങ്കം ആവശ്യപ്പെട്ടു.
Content Highlights: Extraordinary general body meeting of Bahrain Indian School turned chaotic., Disputes arose over Commercial Registration (CR) and constitutional amendments., Chairman unilaterally passed the constitution without adequate discussion, sparking protests., Parents demanded that the school CR should not be held under any individual or committee member's name., Index Bahrain President Rafique Abdullah criticized the management's undemocratic approach.