തുടർച്ചയായ നാലാം വർഷവും 'ഫീബാ 3x3 വേൾഡ് ടൂർ മനാമ മാസ്റ്റേഴ്സ്' ആതിഥേയത്വം വഹിച്ച് ബഹ്റൈൻ

മനാമ:ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി വൈസ് പ്രസിഡന്റും, ഫീബാ 3x3 വേൾഡ് ടൂർ മനാമ മാസ്റ്റേഴ്സ്' സംഘാടക സമിതി ചെയർമാനുമായ ഷെയ്ഖ് ഇസ ബിൻ അലി അൽ ഖലീഫ, തുടർച്ചയായ നാലാം വർഷവും ഈ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്, ബഹ്റൈന്റെ സംഘാടന മികവിലും ദേശീയ വൈദഗ്ധ്യത്തിലുമുള്ള ഇന്റർനാഷണൽ ബാസ്ക്കറ്റ്ബോൾ ഫെഡറേഷന്റെ വിശ്വാസത്തെയാണ് എടുത്തു കാണിക്കുന്നതെന്ന് വ്യക്തമാക്കി. അന്താരാഷ്ട്ര കായിക മത്സരങ്ങൾക്കുള്ള വേദിയായി ബഹ്റൈൻ വളർന്നുവരുന്നതിന് പിന്നിൽ നിരവധി പ്രമുഖരുടെ പിന്തുണയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫയുടെ പിന്തുണ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ താൽപ്പര്യം, മാനുഷിക പ്രവർത്തനങ്ങൾക്കും യുവജന കാര്യങ്ങൾക്കുമുള്ള മഹാരാജാവിന്റെ പ്രതിനിധിയും സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് ചെയർമാനുമായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ മേൽനോട്ടം, കൂടാതെ ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്പോർട്സ് അതോറിറ്റി ചെയർമാനും ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫയുടെ ഇടപെടലുകൾ എന്നിവ ഇതിന് കാരണമായിട്ടുണ്ട്.
നവംബർ 20, 21 തീയതികളിൽ 'ദി അവന്യൂസ് ബഹ്റൈനിൽ' നടക്കുന്ന 'മനാമ മാസ്റ്റേഴ്സി'ന് മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ടൂറിസം മന്ത്രി ഫാത്തിമ ബിൻത് ജാഫർ അൽ സൈറാഫി, ബഹ്റൈൻ ബാസ്ക്കറ്റ്ബോൾ അസോസിയേഷൻ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ അഹമ്മദ് അൽ ഖലീഫ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു. ഫീബാ 3ഃ3 വേൾഡ് ടൂർ' കലണ്ടറിൽ മനാമ തുടർച്ചയായി ഇടം നേടുന്നത്, മുൻ വർഷങ്ങളിലെ ടൂർണമെന്റുകളുടെ വിജയത്തെയാണ് സൂചിപ്പിക്കുന്നതെന്ന് ഷെയ്ഖ് ഇസ ബിൻ അലി പറഞ്ഞു. പ്രത്യേകിച്ച്, 2025-ൽ 'വേൾഡ് ടൂർ ഫൈനലിന്' ബഹ്റൈൻ ആതിഥേയത്വം വഹിക്കുന്നത് ഇതിന്റെ വലിയൊരു നേട്ടമാണ്.
ഈ കായിക ഇനത്തിന്റെ വേഗതയും യുവാക്കൾക്കിടയിലുള്ള ജനപ്രീതിയും അദ്ദേഹം എടുത്തുപറഞ്ഞു. ഫീബാ 3ഃ3 ബാസ്ക്കറ്റ്ബോളിൽ ഗൾഫ്, അറബ് മേഖലകളിൽ ഒന്നാം സ്ഥാനത്തും, ഏഷ്യയിൽ അഞ്ചാം സ്ഥാനത്തും, ആഗോളതലത്തിൽ 25-ാം സ്ഥാനത്തുമാണ് ബഹ്റൈൻ ഉള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കായിക രംഗത്ത് തുടർവിജയങ്ങൾ കൈവരിക്കുന്നതിനായി, നിലവിലുള്ള ഈ റാങ്കിംഗുകൾക്ക് മുകളിൽ കൂടുതൽ നേട്ടങ്ങൾ കെട്ടിപ്പടുക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു. ബഹ്റൈനിലെ 'അൽ സീഫ്' ടീമിന്റെ പങ്കാളിത്തം, ടീമിലെ കളിക്കാർക്ക് പ്രമുഖ അന്താരാഷ്ട്ര ടീമുകൾക്കെതിരെ മത്സരിക്കാനും അതുവഴി വിലപ്പെട്ട അനുഭവസമ്പത്ത് നേടാനും അവസരമൊരുക്കുന്നുവെന്ന് ശൈഖ് ഇസ ബിൻ അലി പറഞ്ഞു.
കഴിഞ്ഞ വർഷത്തെ ടൂർണമെന്റിന്റെ സ്വാധീനത്തെക്കുറിച്ച് സംസാരിക്കവെ, 7,500-ലധികം സന്ദർശകരെ ആകർഷിക്കാൻ അതിന് സാധിച്ചുവെന്നും, 234 രാജ്യങ്ങളിലേക്കും പ്രദേശങ്ങളിലേക്കും പരിപാടിയുടെ സംപ്രേക്ഷണവും വാർത്താ കവറേജും എത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. ടെലിവിഷനിലൂടെ മൂന്ന് ദശലക്ഷത്തിലധികം മിനിറ്റുകളും, യൂട്യൂബിലൂടെ ഏകദേശം 1.3 ദശലക്ഷം മിനിറ്റുകളും ഈ പരിപാടി വീക്ഷിക്കപ്പെട്ടു. ഇതിന്റെ സാമ്പത്തികവും മാധ്യമപരവുമായ ആകെ സ്വാധീനം ഏകദേശം 8.6 ദശലക്ഷം യുഎസ് ഡോളറാണെന്ന് കണക്കാക്കപ്പെടുന്നു.
ബഹ്റൈനിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിൽ അന്താരാഷ്ട്ര കായിക മത്സരങ്ങൾക്കുള്ള പങ്ക് ടൂറിസം മന്ത്രി എടുത്തുപറഞ്ഞു. ടൂർണമെന്റിന്റെ കായികപരവും സംഘാടനപരവുമായ വശങ്ങളെക്കുറിച്ചും, 'അൽ സീഫ്' ടീമിന്റെ പങ്കാളിത്തത്തെക്കുറിച്ചും ബഹ്റൈൻ ബാസ്ക്കറ്റ്ബോൾ അസോസിയേഷൻ പ്രസിഡന്റ് സംസാരിച്ചു. യൂറോപ്പ്, ഏഷ്യ, വടക്കേ അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള 16 ടീമുകൾ 'മനാമ മാസ്റ്റേഴ്സി'ൽ മാറ്റുരയ്ക്കും. 2025 വേൾഡ് ടൂർ ഫൈനൽ വിജയികളായ സെർബിയയിൽ നിന്നുള്ള 'യുബി' ബാഴ്സലോണ, ടൊറന്റോ തുടങ്ങിയ ടീമുകൾ ഇതിൽ ഉൾപ്പെടുന്നു. 'ദി അവന്യൂസ് ബഹ്റൈൻ' സന്ദർശിക്കുന്നവർക്കായി വിനോദ പരിപാടികളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ടൂർണമെന്റിന്റെ വിജയത്തിനായി സഹകരിച്ച ടൂറിസം മന്ത്രാലയം, ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി വിവിധ സർക്കാർ സ്ഥാപനങ്ങൾ, സ്പോൺസർമാർ, പങ്കാളികൾ, സംഘാടക സമിതികൾ എന്നിവർക്ക് ശൈഖ് ഇസ ബിൻ അലി നന്ദി അറിയിച്ചു. വാർത്താസമ്മേളനത്തിന്റെ സമാപനത്തിൽ, പരിപാടി സംഘടിപ്പിക്കുന്നതിന് നൽകിയ പിന്തുണയും സംഭാവനകളും പരിഗണിച്ച്, സഹകരിച്ച സ്ഥാപനങ്ങളെയും സ്പോൺസർമാരെയും അദ്ദേഹം ആദരിച്ചു.