'ദി മാരിടൈം സ്റ്റാൻഡേർഡ് അവാർഡ്സ് 2026'-ൽ 'ഔട്ട്സ്റ്റാൻഡിംഗ് അച്ചീവ്മെന്റ് അവാർഡ്' നേടി അശ്രി സിഇഒ

മനാമ: യുഎഇയിലെ ദുബായിൽ നടന്ന 'ദി മാരിടൈം സ്റ്റാൻഡേർഡ് അവാർഡ്സ് 2026'-ൽ അറബ് ഷിപ്പ് ബിൽഡിംഗ് ആൻഡ് റിപ്പയർ യാർഡ് കമ്പനി (അശ്രി - ASRY) സിഇഒ ഡോ. അഹമ്മദ് അൽ അബ്രിയെ 'ഔട്ട്സ്റ്റാൻഡിംഗ് അച്ചീവ്മെന്റ് അവാർഡ്' നൽകി ആദരിച്ചു.
മാരിടൈം വ്യവസായ മേഖലയിൽ ഡോ. അൽ അബ്രി കാഴ്ചവെച്ച മികച്ച നേതൃപാടവത്തെയും നിർണായക സംഭാവനകളെയും മുൻനിർത്തിയാണ് പുരസ്കാരം. അശ്രിയുടെ തന്ത്രപരമായ വികസനത്തിന് നേതൃത്വം നൽകിയതിനും, പ്രവർത്തനക്ഷമത ശക്തിപ്പെടുത്തിയതിനും, മേഖലയിലെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾക്കനുസൃതമായി സേവനങ്ങൾ വിപുലീകരിച്ചതിനുമുള്ള അംഗീകാരം കൂടിയാണിത്.
പുരസ്കാരം ലഭിച്ചതിൽ അഭിമാനമുണ്ടെന്നും ഇത് മുഴുവൻ അശ്രി ടീമിന്റെയും കൂട്ടായ പരിശ്രമങ്ങൾക്കും സമർപ്പണത്തിനും ലഭിച്ച അംഗീകാരമായി കാണുന്നുവെന്നും ഡോ. അൽ അബ്രി പ്രതികരിച്ചു. കമ്പനിയുടെ വികസനത്തിലും പ്രവർത്തനമികവിലും ഒരുമിച്ച് കൈവരിച്ച പുരോഗതിയുടെ ഫലമാണിതെന്നും, പ്രാദേശികവും ആഗോളവുമായ മാരിടൈം മേഖലയിൽ അശ്രിയുടെ സ്ഥാനം കൂടുതൽ ശക്തമാക്കുന്നതിനുള്ള പുതിയ അവസരങ്ങൾ കണ്ടെത്തുന്നതിൽ തുടർന്നും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.