'അഗ്രിഫുഡ് പോളിസി മജ്ലിസ് 2026'-ന്റെ രണ്ടാം പതിപ്പ് മനാമയിൽ സംഘടിപ്പിച്ചു

മനാമ: ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക സംഘടന (FAO), 'മെന സെന്റർ ഫോർ ഇൻവെസ്റ്റ്മെന്റുമായി' സഹകരിച്ച് 'അഗ്രിഫുഡ് പോളിസി മജ്ലിസ് 2026'-ന്റെ രണ്ടാം പതിപ്പ് മനാമയിൽ സംഘടിപ്പിച്ചു. ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളിൽ സുസ്ഥിരവും പ്രതിരോധശേഷിയുള്ളതുമായ കാർഷിക-ഭക്ഷ്യ സംവിധാനങ്ങൾ കെട്ടിപ്പടുക്കുന്നതിനായി പൊതു-സ്വകാര്യ മേഖലകളിലെ പ്രതിനിധികൾ സമ്മേളനത്തിൽ ഒത്തുചേർന്നു.
'സംവാദത്തിൽ വേരൂന്നിയ, പ്രതിരോധശേഷിയുള്ള നാളെയെ വളർത്തുന്നു' എന്ന പ്രമേയത്തിൽ നടന്ന മജ്ലിസിൽ സഹകരണം, വ്യാപാരം, തന്ത്രപരമായ ഭക്ഷ്യശേഖരം എന്നിവയിലൂടെ പ്രാദേശിക ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ആശയങ്ങൾ പങ്കുവെച്ചു. ഒക്ടോബറിൽ അബുദാബിയിൽ 'ഗ്ലോബൽ ഫുഡ് വീക്ക് 2026'-ന്റെ ഭാഗമായി നടന്ന ആദ്യ പതിപ്പിന്റെ തുടർച്ചയായാണ് ബഹ്റൈനിൽ രണ്ടാം പതിപ്പ് സംഘടിപ്പിച്ചത്.
ജി.സി.സി മേഖലയിൽ ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുന്നതിന് ഓരോ രാജ്യത്തിന്റെയും വ്യക്തിഗത ശ്രമങ്ങൾ മാത്രം പോരാ എന്നും, സർക്കാരുകളും സ്വകാര്യ മേഖലയും തമ്മിലുള്ള കൂട്ടായ പ്രവൃത്തിയും പ്രാദേശിക സഹകരണവും അനിവാര്യമാണെന്നും ജി.സി.സി രാജ്യങ്ങൾക്കും യെമനുമായുള്ള ഭക്ഷ്യ-കാർഷിക സംഘടനയുടെ സബ്-റീജിയണൽ കോർഡിനേറ്റർ അഹ്മദ് മുക്താർ വ്യക്തമാക്കി.
മേഖലയിൽ ഭക്ഷ്യ പരമാധികാരം ശക്തിപ്പെടുത്തുന്നതിലും കാർഷിക-ഭക്ഷ്യ വ്യവസ്ഥകളിൽ നൂതന ആശയങ്ങൾ വികസിപ്പിക്കുന്നതിലും പൊതു-സ്വകാര്യ പങ്കാളിത്തങ്ങൾക്ക് നിർണ്ണായക പങ്കുണ്ടെന്ന് 'മെന സെന്റർ ഫോർ ഇൻവെസ്റ്റ്മെന്റ്', 'ബഹ്റൈൻ ഫുഡ് മോണിറ്റർ' എന്നിവയുടെ സി.ഇ.ഒ ഡോ. ഹന കാനൂ പറഞ്ഞു.
'മെന സെന്റർ ഫോർ ഇൻവെസ്റ്റ്മെന്റ്' ട്രഷറർ മറിയം മത്താർ സ്വാഗതം ആശംസിച്ചു. അഹ്മദ് മുക്താർ, ബഹ്റൈൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഫുഡ് കമ്മിറ്റി ചെയർമാൻ ഖാലിദ് അലി അൽ അമീൻ, മുനിസിപ്പൽ കാര്യ-കൃഷി മന്ത്രാലയത്തിലെ 'അനിമൽ വെൽത്ത്' ഡയറക്ടർ ഡോ. ഫജർ സബാഹ് അൽ സലൂം എന്നിവർ ഉദ്ഘാടന പ്രസംഗങ്ങൾ നടത്തി. ജി.സി.സി മേഖലയിലെ കാർഷിക-ഭക്ഷ്യ വ്യവസ്ഥകളിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് അഹ്മദ് മുക്താർ പ്രത്യേക അവതരണവും നടത്തി.