ഓപ്പറേഷന്‍ താമരയില്‍ 'കുടുങ്ങി' ശിവസേന: തിരക്കഥ ആരുടേത് | Podcast

ഭീഷണി അന്ത്യശാസനം അങ്ങനെ അടവുകള്‍ പലവിധം. മഹാരാഷ്ട്രയിലെ മഹാനാടകം അപ്രതീക്ഷിത ട്വിസ്റ്റോ സസ്പെന്‍സോ ഇല്ലെങ്കില്‍ ക്ലൈമാക്സില്‍ ചിരിക്കുക ഫഡ്നാവിസും ബിജെപിയുമായിരിക്കും. കര്‍ണാടകത്തിലും മധ്യപ്രദേശിലും വിജയിപ്പിച്ച അതേ ഓപ്പറേഷന്‍ താമരയുടെ 2022 വേര്‍ഷനാണ് മഹാരാഷ്ട്രയില്‍ നടമാടുന്നത്. രാജസ്ഥാനില്‍ കൈപൊള്ളി. മഹാരാഷ്ട്രയില്‍ 2019 ല്‍ പാളി. അന്ന് അര്‍ധരാത്രിയിലെ നാടകത്തിനൊടുവില്‍ നേരം വെളുക്കുമ്പോ അധികാരമേറ്റ് മൂന്നു ദിവസത്തിനകം നാണംകെട്ട് രാജിവെക്കേണ്ടി വന്നു. ഇന്ന് ശിവസേനയിലെ രണ്ടാമന്‍ ഏകനാഥ് ഷിന്‍ഡേയെ കരുവാക്കിയാണ് കളി. ആദിത്യ താക്കറേയുടെ വരവോടെ ഷിന്‍ഡെയും മുഖ്യമന്ത്രി മോഹത്തില്‍ ഭീഷണി കണ്ടുതുടങ്ങിയിരുന്നു. അതാണ് ബിജെപി മുതലെടുത്തതും. മന്ത്രിസഭയിലെ പഴയ മന്ത്രിയുമായി ഫഡ്നാവിസിനുള്ള അടുപ്പം കാര്യങ്ങള്‍ എളുപ്പമാക്കി. കോണ്‍ഗ്രസില്‍ നിന്ന് അടര്‍ത്തിയെടുത്ത് സ്ഥാനമാനങ്ങള്‍ കൊടുത്ത് ഉപതിരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചെടുത്താണ് കര്‍ണാടകയിലും മധ്യപ്രദേശിലും ബിജെപി കാര്യങ്ങള്‍ സേഫാക്കിയത്. മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ബിജെപി പ്ലാന്‍ ബിയായി കണ്ടിരിക്കുന്നത് രാഷ്ട്രപതി ഭരണമാണ്.  അനുകൂല കാലാവസ്ഥയില്‍ തിരഞ്ഞെടുപ്പിലൂടെ തന്നെ അധികാരം പിടിക്കാം. ഇതില്‍ ഏറെ കൗതുകമുള്ളത് ഷിന്ദേ മുന്നോട്ടുവെക്കുന്ന ഫോര്‍മുല പഴയ പോലെ ബിജെപിയുമായി സഖ്യമുണ്ടാക്കി ഭരിക്കണം എന്നാണ്. അതായത് കോണ്‍ഗ്രസ്-എന്‍സിപി ബന്ധം മുറിക്കണം. അത് തന്നെയാണ് ബിജെപിയും ആഗ്രഹിക്കുന്നത്. ഒന്ന് ഓര്‍ക്കുക 2019 ല്‍ അധികാരം കിട്ടിയപ്പോള്‍ ആദ്യത്തെ രണ്ടര വര്‍ഷം ബിജെപി അത് കഴിഞ്ഞ് ശിഷ്ടകാലം മുഖ്യമന്ത്രി സ്ഥാനം തങ്ങള്‍ക്ക് എന്ന ശിവസേനയുടെ വാശിയെ ചൊല്ലിയാണ് അന്ന് സഖ്യം പൊളിഞ്ഞത്. ഇപ്പോ ഫലത്തില്‍ രണ്ടരവര്‍ഷം ശിവസേന മുഖ്യമന്ത്രിയായി ഉദ്ധവ്. രാഷ്ട്രപതി തിരഞ്ഞെടുപ്പ് വരുന്നു ദ്രൗപദി മുര്‍മുവിന്റെ വിജയം സുനിശ്ചിതമാക്കാന്‍ ചില വോട്ടിന്റെ കുറവുണ്ട്. മഹാരാഷ്ട്രയില്‍ ഭരണവും വേറെവഴിയില്ലാതെ ശിവസേന അതില്‍ ചേരുകയും ചെയ്താല്‍ ബിജെപിക്ക് ഒരു വെടിക്ക് രണ്ട് പക്ഷി തന്നെ കിട്ടും. ആര് എഴുതിയ തിരക്കഥയാണ് നടമാടുന്നത് എന്ന് അറിയാന്‍ ഇനിയും സമയമെടുക്കും. അജിത് പവാര്‍ എങ്ങനെ 72 മണിക്കൂര്‍ ഉപമുഖ്യമന്ത്രിയായി ബിജെപിക്കൊപ്പം ഇരുന്നു എന്നത് ഇന്നും അജ്ഞാതമായ രഹസ്യം

  |  മനു കുര്യന്‍, അജ്മല്‍ മൂന്നിയൂര്‍. | സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ് 


 

Content Highlights: Operation Kamala, Maharashtra, Podcast