വസ്തുതകൾ പുറത്തുവരട്ടെ

ലയണൽ മെസ്സിയെയും അർജന്റീനാ ഫുട്‌ബോൾ ടീമിനെയും കേരളത്തിലെത്തിക്കുമെന്നപേരിൽ ഗുരുതര സാമ്പത്തിക ക്രമക്കേടുകൾ നടന്നതായുള്ള ആരോപണം അന്വേഷിക്കാൻ പ്രത്യേകസംഘത്തെ നിയോഗിച്ചത് സ്വാഗതാർഹമാണ്. ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയന്റെ നേതൃത്വത്തിലാണ് സംഘം പ്രവർത്തിക്കുക. പ്രത്യേകാന്വേഷണസംഘത്തെ നിയോഗിക്കാനുള്ള മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശുപാർശയിൽ നിയമോപദേശംതേടിയാണ് ആഭ്യന്തരവകുപ്പിന്റെ നടപടി. കാൽപ്പന്തിനോടുള്ള കേരളത്തിന്റെ അദമ്യമായ ഇഷ്ടത്തെ ചൂഷണംചെയ്യാനുള്ള ശ്രമമാണു കഴിഞ്ഞ സർക്കാരിന്റെകാലത്തു നടന്നതെന്നു സംശയിക്കേണ്ടിയിരിക്കുന്നു. സ്പോൺസർ കമ്പനിയും മുൻ കായികമന്ത്രിയുമടക്കം ആരോപണമുനയിലാണ്. ഇതുസംബന്ധിച്ച് കായികവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്ത് തയ്യാറാക്കിയ റിപ്പോർട്ട് വകുപ്പുമന്ത്രി ഒ.ജെ. ജനീഷ് മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറുകയായിരുന്നു.

അർജന്റീനാ ഫുട്‌ബോൾടീമിനെ കൊണ്ടുവന്ന് കൊച്ചിയിൽ പ്രദർശനമത്സരം നടത്തുന്നതിന് 210 കോടി രൂപ ചെലവുകണക്കാക്കി സ്വകാര്യകമ്പനിയുമായി ധാരണയിലെത്തിയത് ചട്ടം മറികടന്നാണെന്നും സാമ്പത്തികക്രയവിക്രയത്തിന് സുതാര്യതയുണ്ടായില്ലെന്നുമാണ് കായികവകുപ്പിന്റെ അന്വേഷണറിപ്പോർട്ടിൽ പറയുന്നത്. ഔദ്യോഗികകരാറോ ധാരണാപത്രമോ ഇല്ലാതെ, അർജന്റീനാ ടീമിനെ എത്തിക്കുമെന്നു പ്രഖ്യാപിച്ച് സർക്കാർ, സ്‌പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് സാമ്പത്തികലാഭമുണ്ടാക്കാൻ കൂട്ടുനിന്നെന്നാണ് ആരോപണം. പൊതുമുതൽ ദുരുപയോഗംചെയ്തതിലും സ്വകാര്യകമ്പനിക്ക് സാമ്പത്തികലാഭമുണ്ടാക്കാൻ അനധികൃത ഇടപാടുകൾ നടത്തിയതിലും വിജിലൻസ് അന്വേഷണം വേണമെന്ന് റിപ്പോർട്ടിൽ ശുപാർശചെയ്തിരുന്നു. പതിനഞ്ചു ദശലക്ഷം അമേരിക്കൻ ഡോളറിന്റെ (അന്ന് ഏകദേശം 126 കോടി രൂപ) ഇടപാട് നടന്നതിലൂടെയുണ്ടായ വിദേശനാണ്യവിനിമയക്രമക്കേടുകളും കള്ളപ്പണംവെളുപ്പിക്കലും കണ്ടെത്താനും ശുപാർശചെയ്തു.

അർജന്റീനാ ടീം കേരളത്തിലെത്തുമെന്ന് കായികമന്ത്രിയായിരുന്ന വി. അബ്ദുറഹിമാൻ പ്രഖ്യാപിച്ചത് 2023 ജൂലായിലാണ്. പലതവണ തീയതി മാറ്റിപ്പറഞ്ഞശേഷം 2025 ഒക്ടോബറിൽ മെസ്സിയും സംഘവും കൊച്ചിയിൽ കളിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. കേരളത്തിലേക്കില്ലെന്ന് ഒക്ടോബറിൽ അർജന്റീനാ ടീം ഔദ്യോഗികമായി അറിയിച്ചു. അർജന്റീനാ ഫുട്‌ബോൾ അസോസിയേഷ(എ.എഫ്.എ.)ന്റെഭാഗത്തുനിന്ന് സ്ഥിരീകരണമൊന്നുമില്ലാതെ അന്നത്തെ കായികമന്ത്രി പൊതുസമൂഹത്തിനു വാഗ്ദാനങ്ങൾ നൽകിയത് ഗുരുതരമായി വീക്ഷിക്കപ്പെടേണ്ടതാണ്. 'ലയണൽ മെസ്സി നായകനായ അർജന്റീന ദേശീയ ടീം കേരളത്തിൽ കളിക്കും. അവർക്കു വരാൻ സമ്മതമാണ്' എന്ന് സങ്കോചലേശമെന്യേ വി. അബ്ദുറഹിമാൻ ഒരുദിവസം പ്രഖ്യാപിക്കുകയായിരുന്നു. അനുയോജ്യമായ കളിക്കളംപോലും ഉറപ്പാക്കാതെയായിരുന്നു ഈ പ്രഖ്യാപനം. മെസ്സിക്കു കളിക്കാൻവേണ്ടിമാത്രം മലപ്പുറത്ത് സ്റ്റേഡിയം നിർമിക്കുമെന്നുവരെ കായികമന്ത്രി പിന്നീടൊരുദിവസം പറഞ്ഞു. തുടർന്ന് മന്ത്രിയും സംഘവും സ്പെയിനിൽ പോകുകയും മഡ്രിഡിൽ എ.എഫ്.എ. പ്രതിനിധികളുമായി ചർച്ചനടത്തിയെന്നുപറയുകയുംചെയ്തു. ജനത്തെ ഇങ്ങനെ വിഡ്ഢികളാക്കിയതിനുപിന്നിലെ യാഥാർഥ്യങ്ങൾ പുറത്തുവരുകതന്നെവേണം. ഇത്തരമൊരു നാടകത്തിന്റെ മറവിൽ സാമ്പത്തികനേട്ടമുണ്ടാക്കാൻ ചരടുവലികൾ നടന്നോ എന്നതടക്കമുള്ള വിവരങ്ങൾ ജനസമക്ഷം എത്തണം. അതിന് പ്രത്യകസംഘത്തിന്റെ അന്വേഷണം വഴിതുറക്കുമെന്നു കരുതാം.