രാഷ്ട്രത്തിന്റെ അഭിമാനനിമിഷം

ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്.-05-ന്റെ വിജയകരമായ വിക്ഷേപണം ഇന്ത്യൻ ബഹിരാകാശഗവേഷണസ്ഥാപനമായ ഐ.എസ്.ആർ.ഒ.യെസംബന്ധിച്ച് ആശ്വാസദായകവും ഉന്മേഷപ്രദായകവുമാണ്. ജനുവരി 12-ന് ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്.-എൻ1-ന്റെ വിക്ഷേപണപരാജയത്തിനുശേഷം ഐ.എസ്.ആർ.ഒ. ജാഗ്രതാപൂർവം നടത്തിയ ദൗത്യമാണിത്. 2025 മേയ് 18-ന് ഇ.ഒ.എസ്.-09 ഉപഗ്രഹത്തിന്റെ വിക്ഷേപണവും പരാജയപ്പെട്ടിരുന്നു. പി.എസ്.എൽ.വി. റോക്കറ്റിന്റെ തുടർച്ചയായ രണ്ടു ദൗത്യപരാജയങ്ങളായിരുന്നു ഇവ. വെള്ളിയാഴ്ച പുലർച്ചെ 2.55-ന് ശ്രീഹരിക്കോട്ടയിൽനിന്ന് ഇ.ഒ.എസ്.-05 വിക്ഷേപിച്ചത് ജി.എസ്.എൽ.വി.-എഫ്.17 റോക്കറ്റിലാണ്. പതിനെട്ടു മിനിറ്റ് പിന്നിട്ടപ്പോൾ ഉപഗ്രഹം നിശ്ചിത ഭ്രമണപഥത്തിൽ സ്ഥാനംപിടിച്ചു.
ഭൂസ്ഥിരഭ്രമണപഥത്തിൽനിന്ന് ഭൂമിയുടെ ചിത്രങ്ങൾ ഒപ്പുന്ന, ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായിരിക്കും ഇ.ഒ.എസ്.-05. ഭൂമിയിൽനിന്ന് 36,000 കിലോമീറ്റർ അകലെയാണ് ഉപഗ്രഹം ഭ്രമണംചെയ്യുക. ജി.എസ്.എൽ.വി.യുടെ പത്തൊൻപതാമത്തെ വിക്ഷേപണദൗത്യമായിരുന്നു ഇത്. ഐ.എസ്.ആർ.ഒ.യുടെ ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയിൽനിന്നുള്ള 107-ാമത്തെ ദൗത്യവുമായിരുന്നു. ഐ.എസ്.ആർ.ഒ. ഇതുവരെ നിർമിച്ചതിൽവെച്ചേറ്റവും ഭാരംകൂടിയ (2367 കിലോഗ്രാം) ഉപഗ്രഹമാണ് ഇ.ഒ.എസ്.-05. ജി.എസ്.എൽ.വി. ശ്രേണിയിലെ ആദ്യറോക്കറ്റിൽ 1536 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹമാണ് 2001-ൽ വിക്ഷേപിച്ചത്. പ്രവർത്തനക്ഷമമായിക്കഴിഞ്ഞാൽ, ദുരന്തനിവാരണമടക്കമുള്ള മേഖലകളിൽ ശ്രദ്ധേയമായ സംഭാവന നൽകാൻകഴിയുന്ന ഉപഗ്രഹമാണ് ഇ.ഒ.എസ്-05.
ജനുവരിയിലെ പി.എസ്.എൽ.വി. പരാജയത്തിനുശേഷം ഇക്കൊല്ലം ഇതുവരെ ഐ.എസ്.ആർ.ഒ. മറ്റു വിക്ഷേപണങ്ങളൊന്നും നടത്തിയിരുന്നില്ല. ഇ.ഒ.എസ്.-05-ന്റെ വിക്ഷേപണത്തിന് സ്ഥാപനം അതിന്റെ സർവശ്രദ്ധയുമർപ്പിക്കുകയായിരുന്നുവെന്നാണു മനസ്സിലാക്കേണ്ടത്. ആ ഏകാഗ്രയത്നത്തിനുലഭിച്ച ഉചിതമായ പ്രതിഫലമാണ് വെള്ളിയാഴ്ചത്തെ വിജയകരമായ വിക്ഷേപണം. ഇനി പുതിയ കർമപദ്ധതികളുമായി ആത്മവിശ്വാസത്തോടെ മുന്നോട്ടുനീങ്ങാൻ നമ്മുടെ ബഹിരാകാശഗവേഷണമേഖലയ്ക്കു സാധിക്കും. പി.എസ്.എൽ.വി.യുടെ പ്രശ്നങ്ങൾ പരിഹരിച്ചെന്നും വൈകാതെ ഈ ശ്രേണിയിലെ അടുത്ത റോക്കറ്റ് ഉപയോഗിച്ചുള്ള വിക്ഷേപണംനടക്കുമെന്നും സൂചനയുണ്ട്. സ്വകാര്യമേഖലയുമായി സഹകരിച്ചുള്ള സംരംഭങ്ങളും ഊർജിതമാക്കും. ഇ.ഒ.എസ്.-05-ന്റെ വിക്ഷേപണവിജയത്തിൽ അനുമോദിച്ചുള്ള സാമൂഹികമാധ്യമക്കുറിപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇക്കാര്യം സൂചിപ്പിച്ചു: ‘ഐ.എസ്.ആർ.ഒ.യും ഇന്ത്യൻ വ്യവസായരംഗവും തമ്മിലുള്ള സഹകരണം വർധിച്ചുവരുന്നത് നമ്മുടെ ബഹിരാകാശപരിപാടിക്ക് പുതിയ ശക്തിയും വലുപ്പവും നൽകുന്നുണ്ട്.
ബഹിരാകാശമേഖലയിലാകമാനം ശേഷികൾ വികസിപ്പിക്കാൻ ഇന്ത്യക്കു സാധിക്കും.’ ഇ.ഒ.എസ്.-05-ന്റെ വിക്ഷേപണവിജയം ‘രാഷ്ട്രത്തിന്റെ അഭിമാനനിമിഷ’മാണെന്നും പ്രധാനമന്ത്രി കുറിച്ചു.
ബഹിരാകാശത്തേക്ക് ഇന്ത്യൻ യാത്രികരെ അയക്കാനുള്ള ഗഗൻയാൻ ദൗത്യമുൾപ്പെടെ അഭിമാനകരമായ പദ്ധതികൾ വരാനിരിക്കുന്നുണ്ട്. യാത്രികരെ അയക്കുന്നതിനുമുന്നോടിയായി ഗഗൻയാന്റെ ആളില്ലാദൗത്യം ഇക്കൊല്ലംതന്നെയുണ്ടാകുമെന്ന് ഐ.എസ്.ആർ.ഒ. ചെയർമാൻ വി. നാരായണൻ വെള്ളിയാഴ്ച പറഞ്ഞു. ഇതുകൂടാതെ, ഗതിനിർണയ ഉപഗ്രഹമായ എൻ.വി.എസ്.-03-ന്റേതുൾപ്പെടെ ആറു വിക്ഷേപണങ്ങൾകൂടി ഇക്കൊല്ലം ആസൂത്രണംചെയ്തിട്ടുണ്ട്. തിരക്കുപിടിച്ചൊരു കർമകാണ്ഡത്തിലേക്കാണ് ഐ.എസ്.ആർ.ഒ. പ്രവേശിക്കുന്നതെന്നു ചുരുക്കം. അല്ലെങ്കിൽത്തന്നെ, എപ്പോഴാണ് ഈ മഹനീയസ്ഥാപനത്തിന് തിരക്കില്ലാത്ത സമയമുണ്ടായിട്ടുള്ളത്? എല്ലാ ഭാവുകങ്ങളും.