ലോക ഗജദിനം: ആനയെ തൊട്ടും ഊട്ടിയും കുരുന്നുകൾ

കടമ്മനിട്ട : ദൂരെനിന്നുമാത്രം ആനകളെ കണ്ടിട്ടുള്ള കുട്ടികള്‍ക്ക് ലോകഗജദിനമായ ഇന്നലെ ആനകളെ സ്പര്‍ശിക്കാനായത് നവ്യാനുഭൂതിയായി. കടമ്മനിട്ട ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ഗജദിനാഘോഷ പരിപാടികളുടെ ഭാഗമായി ചെറുകോല്‍ പമ്പാനദീതീരത്തുള്ള ആനത്താവളത്തിലെ ശ്രീമഹാലക്ഷ്മി പാര്‍വതി എന്ന പിടിയാനയെയാണ് കുട്ടികള്‍ സന്ദര്‍ശിച്ചത്.
സന്ദര്‍ശനപരിപാടികളുടെ ഉദ്ഘാടനവും ആനക്വിസും ഗ്രന്ഥകാരനും ആനവാര്‍ത്തകളുടെ സമ്പാദകനുമായ എം.എം. ജോസഫ് മേക്കൊഴൂര്‍ നിര്‍വഹിച്ചു. ആനദിനത്തിന്റെ ലക്ഷ്യങ്ങളും ആനകൗതുങ്ങളും വിവരിച്ചു. ആനപ്പാപ്പാന്മാരായ സനോജിനെയും അരുണിനെയും സീഡ് കോഡിനേറ്റര്‍ പ്രിയ പി. നായര്‍ പൊന്നാടയിട്ട് ആദരിച്ചു.
കുട്ടികള്‍ ആനയോടൊപ്പം നിന്ന് ഫോട്ടോയെടുത്തു. സീഡ് ക്ലബ് അംഗങ്ങളായ വൈഗാവിനോദ്, വൈഗാ ഷിബു, അഖില്‍, ദീപു, അദ്വൈത് എന്നിവര്‍ ആനയൂട്ടിനു നേതൃത്വം നല്‍കി. കുട്ടികളുടെ ആന ചോദ്യങ്ങള്‍ക്ക് ആന ഉടമയായ ബിപിന്‍ മറുപടി നല്‍കി. ആനസന്ദര്‍ശനവേളയില്‍ പാലിക്കേണ്ട മര്യാദകളും ചിട്ടവട്ടങ്ങളും കുട്ടികള്‍ക്കു പറഞ്ഞു കൊടുത്തു. സ്‌കൂള്‍ പ്രഥമാധ്യാപിക ആര്‍ ശ്രീലത അധ്യാപകരായ മിനി.പി.എസ്, രഘു വി.എ, സിജി ഏബ്രഹാം, മാജിത മാഹിന്‍, റോബിന്‍, സുജ എന്നിവര്‍ പ്രസംഗിച്ചു.
Content Highlights: world elephant day