തോട്ടമൺകാവിൽ അംബായാഗം തുടങ്ങി

ആയിരങ്ങൾക്ക് പുണ്യദർശനമായി ചണ്ഡികാഹോമം

റാന്നി : ഭക്തസഹസ്രങ്ങൾക്ക് പുണ്യമേകിയ ചണ്ഡികാഹോമത്തോടെ തോട്ടമൺകാവ് ഭഗവതീക്ഷേത്രത്തിലെ നവരാത്രി ഉത്സവത്തിന്റെ ഭാഗമായുള്ള ദേവീഭാഗവത നവാഹ യജ്ഞം-അംബായാഗത്തിന് തുടക്കമായി. കൊല്ലൂർ മൂകാംബിക ക്ഷേത്രം മുഖ്യതന്ത്രി ഡോ. കെ. രാമചന്ദ്ര അഡിഗയുടെ മുഖ്യാകാർമികത്വത്തിലാണ് ചണ്ഡികാഹോമം നടന്നത്. സർവൈശ്വര്യത്തിനും ഉദ്ദിഷ്ടകാര്യ സാധ്യത്തിനുമുള്ള പ്രാർഥനകളുമായി ഹോമത്തിൽ പങ്കെടുക്കാനെത്തിയ ഭക്തരെക്കൊണ്ട് ക്ഷേത്രപരിസരം നിറഞ്ഞു.

തോട്ടമൺകാവ് ക്ഷേത്രം തന്ത്രി താഴമൺമഠം കണ്ഠര് ബ്രഹ്‌മദത്തരുടെ കാർമികത്വത്തിൽ വെള്ളിയാഴ്ച പുലർച്ചെ നടന്ന മഹാഗണപതി ഹോമത്തോടെയാണ് അംബായാഗത്തിന് തുടക്കം കുറിച്ചത്. തുടർന്ന് നവാഹ യജ്ഞശാലയിൽ യജ്ഞാചാര്യന്മാരായ നാഗേരി വിഷ്ണു ആനന്ദ് വിഗ്രഹ പ്രതിഷ്ഠയും ഹരിശങ്കർ ധ്വജാരോഹണവും നടത്തി. രാമചന്ദ്ര അഡിഗയെ ക്ഷേത്രമേൽശാന്തി അജിത്ത്കു‌മാർ പോറ്റി, ദേവസ്വം പ്രസിഡന്റ് ഷൈൻ ജി. കുറുപ്പ്, ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ പൂർണകുംഭം നൽകി സ്വീകരിച്ചു. തുടർന്ന് ചണ്ഡികാഹോമത്തിന് തുടക്കം കുറിച്ചു. മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി, ചണ്ഡികാ ദേവീ സ്തുതികളായുള്ള 700 ദുർഗാ സപ്തശതി മന്ത്രങ്ങൾ ചൊല്ലി ഹോമത്തിൽ ഹവിസ് സമർപ്പിച്ചു. ഒരു മണിയോടെയാണ്‌ ഹോമം പൂർത്തിയായത്. തുടർന്ന് പ്രസാദവിതരണവും നടന്നു. വൈകീട്ട് നടന്ന സത്രസമാരംഭസഭയിൽ ക്ഷേത്ര ദേവസ്വം പ്രസിഡന്റ് ഷൈൻ ജി. കുറുപ്പ് അധ്യക്ഷത വഹിച്ചു. ഡോ. കെ. രാമചന്ദ്ര അഡിഗ ഭദ്രദീപം തെളിയിച്ചു. ശിവഗിരിമഠം കുമളി ആശ്രമം മഠാധിപതി സ്വാമി ഗുരുപ്രകാശ്‌ അനുഗ്രഹ പ്രഭാഷണം നടത്തി. പഴകുളം മധു എം.എൽ.എ. പങ്കെടുത്തു.