ഹരിവരാസന സമയത്ത് നൃത്തച്ചുവടുകള്‍; വൈറലായി കൊച്ചുമാളികപ്പുറം

ഹരിഹരാസനം കേട്ട് നൃത്തം ചെയ്യുന്ന കുട്ടി
ഹരിഹരാസനം കേട്ട് നൃത്തം ചെയ്യുന്ന കുട്ടി

ശബരിമല: സന്നിധാനത്ത് ഹരിവരാസനം നടക്കുമ്പോള്‍ അതിനൊപ്പിച്ചുള്ള കൊച്ചുമാളികപ്പുറത്തിന്റെ നടനം വൈറലായി. ഈ ആഴ്ച ആദ്യം അവസാനിച്ച ഉത്സവത്തിലെ ഒരു ദിവസം രാത്രി പത്തരയോടെ നട അടയ്ക്കാന്‍  ഉച്ചഭാഷിണിയിലൂടെ ഹരിവരാസനം കേട്ടു തുടങ്ങിയ നിമിഷം മുതലാണ് കുട്ടി അതിനൊപ്പിച്ച് ചുവടുവെച്ചു തുടങ്ങിയത്. പതിനെട്ടാം പടിക്കു താഴെ കുറച്ചു കിഴക്കോട്ടു മാറി ആലിനു സമീപത്തായിരുന്നു നടനം. ക്ഷേത്രത്തിന്  അഭിമുഖമായി നിന്നുള്ള നൃത്തം ഭാവതാളലയ സമന്വയമായിരുന്നു. അയ്യപ്പനോടുള്ള ഭക്തി മുഖത്ത് നന്നായി പ്രതിഫലിപ്പിക്കുകയും ചെയ്തു. 

അയ്യപ്പന്റെ കഥയിലെ ഭാഗങ്ങള്‍ ഹരിവരാസന വരികളില്‍ വരുമ്പോള്‍ അതിന്റെ സത്ത ചോരാത്ത വിധത്തിലായിരുന്നു കുട്ടിയുടെ നൃത്താര്‍ച്ചന. ഏഴുമിനിറ്റുള്ള ഹരിവരാസനം തീരുമ്പോള്‍ കുട്ടി സാഷ്ടാംഗ നമസ്‌കാരം ചെയ്യുന്നുമുണ്ട്. 

കൂടെ വന്നവരില്‍ ഒരാള്‍ ഫെയ്‌സ് ബുക്കില്‍ നൃത്തത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തത് പതിന്‍മടങ്ങ് ഷെയര്‍ ചെയ്യപ്പെടുകയായിരുന്നു. കുട്ടിയെ അഭിനന്ദിച്ചു കൊണ്ട് നൂറുകണക്കിന് കമന്റുകള്‍ പോസ്റ്റുകള്‍ക്കു താഴെ വന്നിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലും ചില പേജുകളില്‍ ഈ വീഡിയോ നന്നായി പ്രചരിക്കുന്നുണ്ട്. 

ഈ കുട്ടിയെ കണ്ടെത്താനും  നേരിട്ട് അഭിനന്ദിക്കാനും  ആഗ്രഹിക്കുന്നതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.

Content Highlights: dancing videp of kochumalikappuram during harvarasana went viral