പൂക്കളുടെ കുടമാറ്റം

പൂക്കളുടെ പറുദീസയാണ് കാസ് പീഠഭൂമി. യുനെസ്‌കോയുടെ പൈതൃകപ്പട്ടികയിലിടംപിടിച്ച ഈ പൂങ്കാവനത്തിലേക്ക് സന്ദർശക പ്രവാഹം തുടങ്ങിക്കഴിഞ്ഞുവി.ടി. സന്തോഷ്‌കുമാർ മഴ വിട്ടുമാറാൻ മടിച്ചതുകൊണ്ടാവണം, പാതിവിടർന്നതേയുള്ളൂ കാസിലെ പൂക്കൾ. എന്നാലെന്താ? മല കയറിയെത്തുന്ന സഞ്ചാരികളുടെ മനംകവർന്ന് വർണക്കുട നിവർത്താൻ തുടങ്ങിക്കഴിഞ്ഞു, പൂക്കളുടെ പീഠഭൂമി.
കണ്ണെത്താദൂരത്തോളം പരന്നുകിടക്കുകയാണ് സഹ്യാദ്രിയോടുചേർന്നുള്ള കാസ് പഠാർ. അതിന്റെ വരണ്ടുണങ്ങിക്കിടന്നിരുന്ന പാറപ്പുറത്താണ് മഴയേറ്റു മുളച്ചുപൊങ്ങിയ പുൽച്ചെടികൾ പൂക്കളുടെ വസന്തം വിരിക്കുന്നത്. പലനിറങ്ങളിൽ, പല രൂപങ്ങളിൽ, പല ഭാവങ്ങളിൽ, ചക്രവാളത്തോളം പടർന്നുകിടക്കുകയാണാ പൂങ്കാവനം.
കാശിത്തുമ്പപോലെ, പല നിറങ്ങളിൽ പരന്നുകിടക്കുന്ന ഗുലാബി തെരഡയാണ് കാസിലിപ്പോൾ ഏറ്റവുംകൂടുതൽ. നാട്ടിലെ വയലുകളിൽ കാണുന്ന കാക്കപ്പൂപോലെ നീലയും വെള്ളയും നിറത്തിൽ പരന്നുകിടക്കുന്ന പൂക്കളുണ്ട് കൂടെ. സീതാശ്രു എന്നാണതിനെ ഇവിടത്തുകാർ വിളിക്കുന്നത്. ഏഴുവർഷം കൂടുമ്പോൾമാത്രം വിരിയുന്ന നീലക്കുറിഞ്ഞിയുടെ ബന്ധുക്കളായ ടോപ്‌ലി ഗാർവി പൂക്കാൻ തുടങ്ങിക്കഴിഞ്ഞു. ചുറ്റും പരവതാനി വിരിച്ചപോലെ ഏതൊക്കെയോ കുഞ്ഞുപൂക്കൾ. അവയ്ക്കിടയിൽ തലയുയർത്തി നിൽക്കുന്ന വെള്ളപ്പൂക്കൾ കാട്ടുമഞ്ഞളിന്റേതാണ്.
''നോക്കൂ, ഈ മഞ്ഞപ്പൂക്കൾ രാവിലെ ഏഴുമണിക്ക് വിരിഞ്ഞതാണ്. പത്തുമണിയാവുമ്പോഴേക്ക് അവ കൂമ്പും. അക്കാണുന്ന പുൽത്തകിടിൽ അപ്പോഴേക്കും ചുവന്നപൂക്കൾ വിരിയും. അപ്പുറത്ത് വാടിനിൽക്കുന്നത് രാത്രിവിരിഞ്ഞ് നേരംവെളുക്കുമ്പോഴേക്ക് കൂമ്പുന്ന പൂക്കളാണ്'' -വഴികാട്ടാനെത്തിയ വനംവകുപ്പ്‌ ജീവനക്കാരൻ ഗോവിന്ദ് പറഞ്ഞുതന്നു.
ഇപ്പോൾകാണുന്ന പല പൂച്ചെടികളും പതിനഞ്ച്, ഇരുപതു ദിവസംകൊണ്ട് അപ്രത്യക്ഷമാകും. അപ്പോഴേക്കും പുതിയചെടികൾ വളർന്നുപൊങ്ങി പൂവിടാൻ തുടങ്ങിയിട്ടുണ്ടാവും. രാവിലെ കാണുന്ന ദൃശ്യമായിരിക്കില്ല, ഉച്ചയ്ക്ക്. ഇന്നുകാണുന്ന കാസ് ആയിരിക്കില്ല രണ്ടാഴ്ചയ്ക്കുശേഷം. അക്ഷരാർഥത്തിൽ പൂക്കളുടെ കുടമാറ്റമാണിവിടെ നടക്കുന്നത്
മഹാരാഷ്ട്രയിലെ സതാറയിലാണ് യുനെസ്കോ ലോക പൈതൃകസ്ഥാനങ്ങളുടെ പട്ടികയിൽ ഇടംനൽകിയ കാസ് പീഠഭൂമി. ചെങ്കുത്തായ കയറ്റം കഴിഞ്ഞെത്തുമ്പോൾ മുകളിൽ പരന്നുകിടക്കുന്ന പീഠഭൂമിക്ക് 1792 ഹെക്ടർ വിസ്തൃതിയുണ്ട്. കുറ്റിച്ചെടികളും പുൽവർഗങ്ങളും ഓർക്കിഡുകളും മറ്റുമായി 411 ഇനം സപുഷ്പ സസ്യങ്ങളുടെ കലവറയാണിത്. അതിൽ 47 എണ്ണം വംശനാശഭീഷണി നേരിടുന്ന അപൂർവ ഇനങ്ങളാണ്. ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിലാണ് ഇവിടത്തെ സസ്യങ്ങൾ പൂവണിയുന്നത്. ആ സമയങ്ങളിൽ കാസ് 'പൂക്കളുടെ പീഠഭൂമി' എന്നറിയപ്പെടുന്നു.
കാലവർഷം വരുമ്പോഴാണ് ഇവിടത്തെ ചെടികൾ തളിർക്കുന്നത്. മഴയുടെ ശക്തികുറഞ്ഞ് വെയിലുപരക്കുമ്പോൾ അവ പൂവിടാൻ തുടങ്ങും. ഇത്തവണ മഴ പതിവിലും നീണ്ടു. അതുകൊണ്ട് പൂക്കൾ മുഴുവൻ വിരിഞ്ഞിട്ടില്ല. സാധാരണ ജൂലായ്‌ അവസാനം കാസ് സന്ദർശകർക്കായി തുറന്നുകൊടുക്കാറുണ്ട്. ഇത്തവണ സെപ്റ്റംബർ ഒന്നിനാണ് തുറന്നത്. അപ്പോഴും ചെടികളുടെ 20 ശതമാനമേ പൂവിട്ടിരുന്നുള്ളൂ -ഗോവിന്ദ് പറഞ്ഞു. ദസറയാവുമ്പോഴേക്കും പൂക്കൾ മുഴുവൻ വിരിയുമെന്നാണ് കരുതുന്നത്. പൂക്കൾ പലതും വിരിഞ്ഞിട്ടില്ലാത്തതുകൊണ്ട് ചിത്രങ്ങളിൽക്കണ്ട ദൃശ്യഭംഗി നേരിൽ ലഭിച്ചില്ലെന്ന വിഷമമുണ്ട് സന്ദർശകരുടെ മുഖത്ത്. എങ്കിലും പലയിടങ്ങളിലായി പലയിനം പൂക്കൾ കണ്ടതിന്റെ സന്തോഷവുമുണ്ട്.
''ഓമനത്തം തുളുമ്പുന്ന ഈ കൗളപ്പൂക്കളെ ഞങ്ങൾ മിക്കി മൗസ് എന്നാണ് വിളിക്കുന്നത്''- സ്വർണനിറത്തിൽ നടുക്ക് ചുവന്ന പൊട്ടുമായി നിൽക്കുന്ന പൂ ചൂണ്ടി ഗൗതം പറഞ്ഞു. അതിനടുത്ത് വയലറ്റ് നിറത്തിൽ സൂചികാഗ്രികളായി നിൽക്കുന്നത് തുൾസി മഞ്ജരി. പിന്നെ, ആഭാലി, ബംബക്കു... എന്നിങ്ങനെ പല പേരുകളിൽ പല നിറങ്ങളിൽ പല പൂക്കൾ. ഒറ്റനോട്ടത്തിൽ കണ്ണിൽപ്പെടാത്തത്രയും ചെറുതാണെങ്കിലും ഡ്രൊസേറ ഇൻഡിക്ക ആളൊരു ഭീകരനാണ്. ചെറുകീടങ്ങളെ തിന്നുന്ന മാംസഭുക്കാണത്. കീടക് ഭക്ഷി എന്നു വിളിക്കും.
കാട്ടുപൂക്കളുടെ വൈവിധ്യം ആസ്വദിക്കാൻ ആയിരക്കണക്കിന് സഞ്ചാരികളാണ് ഓരോ വർഷവും കാസിലെത്തുന്നത്. ഹരിതഭൂമിയിലൂടെ, മലകൾ കയറിയും തുരങ്കങ്ങളിലൂടെ ഊളിയിട്ടുമാണ് മുംബൈയിൽനിന്ന് സതാറയിലേക്കുള്ള റോഡുയാത്ര. പശ്ചിമഘട്ട മലനിരകളിലെ സുഖവാസകേന്ദ്രങ്ങളിലേക്കും മറാഠാ സാമ്രാജ്യത്തിന്റെ പ്രൗഢസ്മരണകൾ നിറയുന്ന വമ്പൻ കോട്ടകളിലേക്കുമുള്ള പാതയാണത്. പുണെയിൽനിന്ന് 136 കിലോമീറ്ററുണ്ട് സതാറയിലേക്ക്. എക്സ്പ്രസ് വേയും ബൈപാസും വഴിവന്നാൽ പുണെ നഗരത്തിൽ പ്രവേശിക്കാതെ ഗതാഗതക്കുരുക്ക്് ഒഴിവാക്കി സതാറയിലെത്താം.
സതാറ നഗരത്തിൽനിന്ന് 24 കിലോമീറ്റർ ദൂരമേയുള്ളൂ, പശ്ചിമഘട്ടത്തോടുചേർന്ന് സമുദ്രനിരപ്പിൽനിന്ന്‌ 1213 മീറ്റർ ഉയരെയുള്ള കാസിലേക്ക്. 2012-ൽ യുനെസ്കോ ലോക പൈതൃക സ്ഥാനങ്ങളിലൊന്നായി പ്രഖ്യാപിച്ചതോടെയാണ് ഇങ്ങോട്ട് സഞ്ചാരികളുടെ പ്രവാഹം വർധിച്ചത്. അത്യപൂർവമായ ആവാസവ്യവസ്ഥയുടെ സംരക്ഷണം ഉറപ്പാക്കാൻ സന്ദർശകർക്ക്് നിയന്ത്രണമേർപ്പെടുത്തേണ്ടിവന്നു. ഇപ്പോൾ ദിവസം പരമാവധി 3,000 പേരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ. മുതിർന്നവർക്ക് നൂറുരൂപയാണ് പ്രവേശന ഫീസ്. മുൻകൂട്ടി ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയവർക്കാണ് പ്രവേശനം ലഭിക്കുക.
************************************ജീവിതം എന്ന സമ്പാദ്യംമേഘനാദൻ നാലരപ്പതിറ്റാണ്ട് മനുഷ്യായുസ്സിലെ വലിയൊരു കാലമാണ്. മഹാനഗരത്തിൽ കാലുറപ്പിച്ചിട്ട് ഇത്രയേറെ വർഷങ്ങൾ കടന്നുപോയി എന്നത് ആശ്ചര്യപ്പെടുത്തുന്നു. തിരിഞ്ഞുനോക്കുമ്പോൾ ആദ്യകാല ജീവിതചിത്രങ്ങൾക്ക്‌ തെല്ലും മങ്ങലില്ല. തെളിച്ചം കൂടുതലുണ്ടുതാനും ചിലതിന്. ആദ്യമായി എനിക്ക് ജോലിതരുന്നത് അന്യഭാഷക്കാരനായ ഒരു വക്കീലാണ്. ഡോ. ദാദാഭായ് നവ്‌റോജി റോഡിൽ ഒരു പഴയ കെട്ടിടത്തിലെ മുറി പ്ലൈവുഡുകൊണ്ട് മൂന്നാക്കി ഭാഗിച്ചതിലൊന്നായിരുന്നു വക്കീലോഫീസ്. ചില പാവം ആളുകളെ കണ്ടിട്ടില്ലേ, അതുപോലെ ഒരു പാവം ഓഫീസ്! സാമഗ്രികളെല്ലാം ദാരിദ്ര്യത്തിന്റെ വകഭേദങ്ങളാണെന്നേ തോന്നുകയുള്ളൂ. മണ്ട വലിപ്പമേറിയ ഒരു പങ്ക നീളമുള്ള ലോഹദണ്ഡിൽ ആത്മഹത്യക്കുശ്രമിച്ച് പരാജയപ്പെട്ടിട്ടെന്നപോലെ തൂങ്ങിനിന്നു. ചില നേരത്ത് അത് കറങ്ങാൻ മടിക്കുമ്പോൾ നീണ്ട വടിെവച്ച് ചെറുങ്ങനേ ഒന്ന്‌ തോണ്ടിവിടണം. കറങ്ങുന്നതടക്കം മൂന്നുകസേര ഉണ്ടായിരുന്നതിൽ രണ്ടെണ്ണത്തിന്റെ പ്ലാസ്റ്റിക് നാരുകൾ അവിടവിടെ പിഞ്ഞിയിരുന്നു. കക്ഷികൾ വരുമ്പോൾ അവർക്കിരിക്കാനായി എന്റെ കസേര ഞാൻ നീക്കിയിടും. തികയാത്തത് അടുത്ത ഓഫീസിൽച്ചെന്ന് വക്കീൽ പൊക്കിക്കൊണ്ടുവരും. നിറംമങ്ങിയ വിരിയിട്ട മേശപ്പുറത്ത് കരിമ്പൂച്ചയെപ്പോലെ ഒരു ഫോൺ പതുങ്ങിക്കിടന്നു. പാഞ്ചാലിയുടെ വിധിയായിരുന്നു അതിന്. അപ്പുറമിപ്പുറമുള്ള അഞ്ച് ഓഫീസുകൾ വീതംവച്ചാണ് അതിന്റെ ബില്ലൊടുക്കിയിരുന്നത്. വക്കീലിന്റെ നമ്പറിലേക്ക് അവർക്ക്‌ വിളിവരുമ്പോൾ, ചെന്നുപറയേണ്ട ജോലി എനിക്കായിരുന്നു. നൂറുതികച്ചില്ലാത്ത ശമ്പളമായിരുന്നു എന്റെ ഒരു മാസത്തെ ഉപ്പും ചോറും. ഈ കാലത്ത് ആ തുകയ്ക്ക് ഒരു മസാലദോശപോലും കിട്ടില്ലെന്ന് തമാശയായി ഞാൻ ഓർക്കാറുണ്ട്. താമസം പെട്ടിപോലത്തെ കോൺക്രീറ്റുമുറിയിൽ ഉടമസ്ഥനടക്കം ആറുപേർക്കൊപ്പം. ശമ്പളത്തിൽനിന്ന് തലവരി വാടകകൊടുത്ത് ബാക്കിയുള്ളതുവച്ചായിരുന്നു മാസംമുഴുവൻ നീണ്ട അങ്കംവെട്ട്.മുറിയിൽ ഫാനില്ല. ഫാൻ അന്ന് ഒരാർഭാടവസ്തുവാണ്. അഞ്ഞൂറെങ്കിലും മാസവരുമാനമുള്ളവരുടെ വീട്ടിലേ അത് കറങ്ങിയിരുന്നുള്ളൂ. പാട്ടുംപാടി ചോരയൂറ്റാൻ അടുത്തുകൂടുന്ന ശത്രുക്കളെ തുരത്താൻ ഗുഡ്‌നൈറ്റോ ആമത്തിരിയോ അന്ന് എത്തിയിട്ടില്ല. ഒരേയൊരു പോംവഴിയുണ്ടായിരുന്നത് ചകിരി പുകച്ച് കൊതുകുകളെ ഓടിക്കയാണ്. കിടക്കുന്ന തറ പാതിരാവോടെ കുറച്ചൊന്നു തണുക്കുമ്പോഴായിരിക്കും ഉറക്കമെന്നുപറയാവുന്ന മയക്കം. എ.സി. പോയിട്ട് ഒരു ഫാനെങ്കിലും ഇല്ലാത്ത മുറി ഇക്കാലത്ത് സങ്കല്പിക്കാനാവുമോ? പണമുണ്ടാക്കുന്ന വിദ്യകൾ വിവരിക്കുന്ന വിദേശ എഴുത്തുകാരുടെ പുസ്തകങ്ങൾ വഴിയോരത്ത് കുറഞ്ഞ വിലയ്ക്ക്‌ കിട്ടിയിരുന്നു. സഹവാസികൾ അത്‌ വാങ്ങി വായിച്ചപ്പോൾ ഞാൻ വായിച്ചതേറെയും കടം കൊണ്ട കഥാപുസ്തകങ്ങൾ. തകഴിയും കേശവദേവും പൊെറ്റക്കാട്ടും അന്നത്തെ കോളിവാഡ സ്റ്റേഷനിൽനിന്ന് ഇന്നത്തെ സി.എസ്.ടി. വരെയും തിരിച്ചും മിക്ക ദിവസവും വണ്ടിയിൽ എനിക്കുകൂട്ടായി. ഒരെളിയ എഴുത്തുകാരനാവുക എന്നത് എന്നത്തെയും എന്റെ മോഹമായിരുന്നു. അതിന്റെ സാഫല്യത്തിന് വായന ഉപകരിക്കുമെന്ന് ഞാൻ മനസ്സിലാക്കിയിരുന്നു. വായിച്ചുക്ഷീണിച്ച കണ്ണുകളോടെ എന്നും ഞാൻ വക്കീലോഫീസിൽ പൊയ്‌ക്കൊണ്ടിരുന്നു. കൈയിൽ തൂക്കിപ്പിടിച്ചു കൊണ്ടുനടക്കാവുന്ന ഒരു 'ഒലിവെറ്റി' ടൈപ്പ്‌റൈറ്റർ ഉണ്ടായിരുന്നു വക്കീലിന്. കൂടെക്കൂടെ അത് കേടാവും. മെട്രോ സിനിമയ്ക്കടുത്തുള്ള ഒരാളാണ് അത് ശരിയാക്കിയിരുന്നത്. ടൈപ്‌റൈറ്റർ ബ്രീഫ്‌കേസ് പോലുള്ള കൂട്ടിലാക്കി അയാളുടെ അടുത്തെത്തിച്ച് തിരികെ വാങ്ങാൻ ഞാൻ വീണ്ടുമവിടെ ചെല്ലണം. ബസ്സുകൂലിപോലും തരാത്ത വക്കീലിനോട് എനിക്ക് കലശലായ ദേഷ്യം തോന്നിത്തുടങ്ങി. സ്വന്തമല്ലെങ്കിലും ആ ലൊടുക്കുസാധനം എവിടെയെങ്കിലും കൊണ്ടുപോയി തള്ളിയാലോ എന്നുഞാൻ ചിന്തിക്കാതിരുന്നില്ല. ടൈപ്പ് ചെയ്തുകൊടുക്കുന്ന എഴുത്ത് കവറിലിട്ട് 25 പൈസ സ്റ്റാമ്പൊട്ടിച്ചാണ് അയച്ചിരുന്നത്. സ്റ്റാമ്പ് ഒന്നിച്ചുവാങ്ങിപ്പിക്കാതെ അപ്പപ്പോൾ വേണ്ട സ്റ്റാമ്പുമാത്രം ജനറൽ പോസ്റ്റോഫീസിൽവിട്ട് എന്നെക്കൊണ്ട് മേടിപ്പിക്കും. സ്റ്റാമ്പൊട്ടിച്ച്‌ വക്കീലിനെ കാണിച്ചിട്ടുവേണമായിരുന്നു കവർ തപാൽപ്പെട്ടിയിൽ കൊണ്ടിടാൻ. ദിവസം രണ്ടുതവണയെങ്കിലും ഈ നടപ്പ്‌ ഞാൻ നടക്കും. ഇക്കാര്യത്തിലും എനിക്ക്‌ ദേഷ്യമുണ്ടായിരുന്നു വക്കീലിനോട്. പെട്ടിയിലിടാൻ തരുന്ന കവറിലെ സ്റ്റാമ്പ് ഇളക്കിയെടുത്തശേഷം ഉള്ളടക്കത്തോടെ കവർ കീറിക്കളഞ്ഞ് വക്കീലിനോടുള്ള അരിശം കുറേശ്ശെ ഞാൻ തീർത്തു. അടർത്തിെവച്ച സ്റ്റാമ്പായിരിക്കും അടുത്തദിവസം വക്കീലിനെ സാക്ഷ്യപ്പെടുത്തി കവറിലൊട്ടിക്കുന്നത്. ഓഫീസിന് അടുത്താണ് വെസ്റ്റ് കോസ്റ്റ് എന്നു പേരുള്ള റെസ്റ്റോറന്റ്. അവിടെ 30 പൈസയ്ക്ക് ഒരു പ്ലേറ്റ് ബജ്ജി കിട്ടും. പറ്റിച്ചുണ്ടാക്കുന്ന 25 പൈസയ്ക്കൊപ്പം 5 പൈസകൂടി ചേർത്ത്‌ ഇടയ്ക്കെല്ലാം ആ സാധനത്തിന്റെ രുചി ഞാൻ ആസ്വദിച്ചുപോന്നു. ജീവിതവണ്ടി അങ്ങനെ ഉരുട്ടിനീക്കിക്കൊണ്ടിരുന്നപ്പോഴാണ് ബംഗ്ലാദേശ് വിഭജനത്തിനു നിമിത്തമായ ഇന്ത്യ-പാകിസ്താൻ യുദ്ധം വരുന്നത്. ബോംബ് വീഴുമെന്ന് ഭയന്ന് പലരും ജന്മനാട്ടിലേക്ക് തിരിച്ചോടി. ദുരിതങ്ങൾ വർധിച്ചു. വിലക്കയറ്റം രൂക്ഷമായി. കമ്പനികളിലെങ്ങും പുതിയ നിയമനങ്ങൾ ഇല്ലാതായി. ഒരു ജോലിമാറ്റത്തിനുള്ള എന്റെ ശ്രമങ്ങൾക്കിടയിലാണ് ദൗർഭാഗ്യം മാതിരി ഇതെല്ലാം സംഭവിക്കുന്നത്. വിഷണ്ണനായിക്കഴിഞ്ഞ ആ കാലത്ത് ഒരു നാൾ വക്കീൽ എനിക്കൊരു കവർ െവച്ചുനീട്ടി. എന്നെ പിരിച്ചുവിടുന്ന അറിയിപ്പായിരിക്കുമോ എന്നു ശങ്കിച്ച് വിറയ്ക്കുന്നകൈയിൽ ഞാനതുവാങ്ങി. നോക്കുമ്പോൾ ഞാൻ അതുവരെ വാങ്ങിയ ശമ്പളത്തിന്‌ തുല്യമായ തുക! ''ശമ്പളത്തിന്റെ ബാക്കിയാണ്. തരാനുദ്ദേശിച്ച ശമ്പളം മുഴുവൻ തന്നിരുന്നെങ്കിൽ നിന്റെ കൈയിൽനിന്ന് അത് അപ്പോഴേ ചെലവായിപ്പോകുമായിരുന്നു'' -വക്കീൽ പറഞ്ഞു. കവർ കൈയിൽപിടിച്ച് അന്ധാളിച്ചുനില്ക്കുന്ന എന്നെ നോക്കി അദ്ദേഹം തുടർന്നു: ''ജോലി ഒന്നും ചെയ്യാനില്ലെങ്കിൽ ഓഫീസിൽ കുത്തിയിരുന്ന് മടിപിടിക്കും. ഇടയ്ക്ക്‌ സ്റ്റാമ്പുവാങ്ങാനും ടൈപ്പ്‌റൈറ്റർ നേരേയാക്കാനും നിന്നെ ഞാൻ നടത്തിച്ചുകൊണ്ടിരുന്നത് നീയൊരു മടിയനാവരുതെന്നുവച്ചാണ്. നിനക്ക്‌ കുറച്ചൊക്കെ പരിശീലനം കിട്ടിക്കഴിഞ്ഞു. ഇനി മറ്റെവിടെയെങ്കിലും പോയി കുറേക്കൂടി ഭേദപ്പെട്ട ശമ്പളത്തിൽ ജോലിചെയ്യാം''. വക്കീൽ അദ്ദേഹത്തിനുപരിചയമുള്ള ഒരു കമ്പനി മാനേജർക്ക്‌ ശുപാർശക്കത്തെഴുതിത്തരികകൂടി ചെയ്തപ്പോൾ യജമാനസ്നേഹമുള്ള നായയെപ്പോലെ ഞാൻ ചുരുണ്ടു. ഏതൊക്കെയോ ഏറ്റുപറഞ്ഞ് ക്ഷമചോദിക്കണമെന്നുതോന്നി എനിക്ക്. വാക്കുകൾ കിട്ടാതെ കുഴങ്ങുമ്പോൾ വക്കീൽ ഓഫീസുമുറിവിട്ട് ഇറങ്ങിപ്പോയി. നാലുമാസത്തോളം നീണ്ട തൊഴിൽബന്ധം അതോടെ അവസാനിച്ചു. പരിഷ്കൃതവും അല്ലാത്തതുമായ ഒട്ടേറെ ഓഫീസുകളിൽ പില്ക്കാലത്ത് പലർക്കൊപ്പം ഞാൻ ജോലി ചെയ്തിട്ടുണ്ട്. എന്നാൽ, വക്കീലിനെപ്പോലെ ജീവിതപാഠം ഓതിത്തന്ന ഒരാളെ എനിക്ക്‌ കാണാനിടവന്നിട്ടില്ല. ദീർഘകാലത്തെ നഗരജീവിതത്തിൽ എന്തുസമ്പാദിച്ചെന്ന് ചിലരെല്ലാം ചോദിക്കാറുണ്ട്. സമ്പാദിക്കാനല്ല, ഉദരനിമിത്തമാണല്ലോ ഈ ബ്രഹ്മാണ്ഡനഗരത്തിൽ ഞാൻ വന്നത്. ഇത്രകാലം ഞാനിവിടെ ജീവിച്ചു. അതുതന്നെയാണ് എന്റെ ഏറ്റവും വലിയ സമ്പാദ്യവും സന്തോഷവും.
**************************************വാട്സ് ആപ്പ്കൂടുതൽ മോഡേൺഇപ്പോൾ ഫെയ്സ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ് സഹസ്ഥാപകനായ ബ്രയാൻ ആക്ടൺ പുതിയ ഒരു ഫൗണ്ടേഷൻ തുടങ്ങാൻ പോകുന്നതായി ഫെയ്സ്ബുക്കിൽ പോസ്റ്റുചെയ്തു.ബ്രയാൻ ആക്ടൺ വാട്ട്സ്‌ആപ്പുമായി ബന്ധപ്പെട്ട്‌ എട്ട് വർഷം ചെലവഴിച്ചു. 2014 ൽ ഫെയ്സ്ബുക്ക് വാട്സ്‌ആപ്പിന്റെ 19 ബില്യൻ ഡോളർ പണവും സ്റ്റോക്കും വാങ്ങിയിരുന്നു. സ്റ്റാൻഫോർഡ് പൂർവ വിദ്യാർഥിയായ ആക്ടൺ 2009-ൽ ഉക്രെയ്നിയൻ കുടിയേറ്റക്കാരൻ ജാൻ കോമുമായി ചേർന്ന് വാട്സ്ആപ്പ് സ്ഥാപിച്ചു. ഇരുവരും യാഹുവിന്റെ മുൻ ജീവനക്കാരായിരുന്നു.വാട്സ്‌ആപ്പിൽ നിന്ന് ഈ വാരം ഇനിയുമുണ്ട് വാർത്തകൾ. നിലവിൽ വാട്സ്ആപ്പിൽ ഒരു സന്ദേശം മറ്റൊരാൾക്ക് നൽകിയാൽ അത് Unsend അല്ലെങ്കിൽ undo ചെയ്യുവാനുള്ള മാർഗമില്ല. എന്നാൽ കമ്പനി അതിനു മാറ്റം വരുത്തുന്നു. മാത്രമല്ല Unsend അല്ലെങ്കിൽ undo എന്ന സാധാരണ പ്രയോഗത്തിന് പകരം 'delete for everyone' എന്നായിരിക്കും വാട്സ്‌ആപ്പിൽ ഉണ്ടാകുന്ന ഓമനപ്പേര്. വാട്സ്‌ആപ്പിൽ വരുന്ന പുതിയ ഫീച്ചറുകൾ മാത്രം പുറത്ത് വിടുന്ന WA BetaInfo എന്ന സൈറ്റുകാരാണ് ഒരു ട്വീറ്റർ മെസേജിലൂടെ ഇത് പുറത്തുവിട്ടത്. സന്ദേശം അയച്ചതിനുശേഷം അഞ്ചു മിനിറ്റിനുള്ളിൽ ഉപയോക്താക്കൾക്ക് തിരിച്ചു വിളിക്കുവാൻ (recall) കഴിയുമെന്ന് ഇൻഡിപെൻഡന്റ് ലെ ഒരു റിപ്പോർട്ടും സൂചിപ്പിക്കുന്നു. ടെക്സ്റ്റ് സന്ദേശങ്ങൾ കൂടാതെ, ചിത്രങ്ങൾ, വീഡിയോകൾ, ജിഫുകൾ, ഡോക്യുമെൻറുകൾ എന്നിവയും തിരിച്ചു വിളിക്കുവാൻ കഴിയും. ഐ.ഒ.എസ്, ആൻഡ്രോയ്‌ഡ് ഉപഭോക്താക്കൾക്ക് ഒന്നിച്ചായിരിക്കും ഈ പുതിയ ഫീച്ചർ നിലവിൽ വരിക. വാട്സ്‌ആപ്പ് ഈ ഫീച്ചർ കുറച്ചു നാളായി കൊണ്ടുവരുവാൻ ശ്രമിക്കുന്നുണ്ട്.
ഗൂഗിളിന്റെ ചോദ്യങ്ങൾഎന്റെ ഫോണിന്റെ ബാറ്ററിയിൽ എന്ത് സംഭവിച്ചു. എന്റെ ഫോണിന് എപ്പോഴും സംഭരണ ശേഷിയില്ലാത്തത് എന്തുകൊണ്ട്?എന്റെ ഫോൺ ഇത്രയധികം മങ്ങിയ ഫോട്ടോകൾ എടുക്കുന്നത് എന്തിനാണ്?എന്തുകൊണ്ട് എന്റെ ഫോൺ എന്നെ മനസ്സിലാക്കുന്നില്ല?എന്തുകൊണ്ട് എന്റെ ഫോൺ സ്വയം അപ്ഡേറ്റ് ചെയ്യാൻ കഴിയുന്നില്ല?എന്റെ സ്മാർട്ട്ഫോൺ എന്തു കൊണ്ട് ഇത്രമാത്രം വേഗത കുറഞ്ഞ് ചൂടാകുന്ന, ദുർബലമായ, അലോസരപ്പെടുത്തുന്ന, തകർന്ന, ക്രൂരമായ, യാതൊരു വ്യക്തിപരമായ ബന്ധവും കാണിക്കാത്ത മണ്ടനാകുന്നു ഗൂഗിളിന്റെ പുതിയ പരസ്യമാണിത്. വിലയേറിയ ഐഫോൺ X നെ കുറിച്ച് കേട്ട് മനസ്സ് മടുത്തവർക്കുള്ള ആശ്വാസമായി ഗൂഗിളിന്റെ പിക്സൽ 2 സീരീസിലുള്ള ഫോണുകൾ വരുന്നതിന്റെ സൂചനയാണിത്. മേലെയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാണ് ആ ഫോണിലുള്ള ഫീച്ചറുകളുടെ ആകെ തുക എന്നും സൂചിപ്പിക്കുന്നു. ഗൂഗളിനുവേണ്ടി എച്ച്.ടി.സി. ആണ് പിക്സൽ 2 നിർമിക്കുന്നത്. രണ്ടാമത്തെ മോഡലായി പിക്സൽ 2 XL നിർമിക്കുന്നത് എൽ.ജിയും. madeby.google.com എന്ന സബ് ഡൊമൈനിൽ ആണ് ചോദ്യങ്ങളുടെ ഉത്തരങ്ങൾ. ഗൂഗിൾ പറയുന്നതിങ്ങനെ 'ലോകത്തെ ഏറ്റവും ഉയർന്ന റേറ്റിങ്‌ ഉള്ള സ്മാർട്ട്ഫോൺ ക്യാമറകളിലൊന്നാണ് ഇത്. ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ബാറ്ററി. നിങ്ങളുടെ എല്ലാ ഫോട്ടോകൾക്കും വീഡിയോകൾക്കുമായി പരിധിയില്ലാത്ത സംഭരണം.അന്തർനിർമിതമായ ഗൂഗിൾ അസിസ്റ്റന്റ് ഉപയോഗിക്കുന്ന ആദ്യ ഫോൺ ആണിത്'. ഐഫോണിനെയും സിരിയെയുമാണ് 'യാതൊരു വ്യക്തിപരമായ ബന്ധവും കാണിക്കാത്ത മണ്ടൻ' എന്നതു കൊണ്ട് ലക്ഷ്യമിടുന്നതെന്ന് വ്യക്തം. പിക്സൽ 2ന് 5 ഇഞ്ച് വലിപ്പവും പിക്സൽ XL നു 5.5 ഇഞ്ച് വലിപ്പവുമാണുള്ളത്. കൂടുതൽ വിവരങ്ങൾക്ക് madeby.google.com സന്ദർശിക്കുക.


VIEW ON mathrubhumi.com