കാലത്തിന്റെ കണ്ണുകൾ

കാലമെത്രകഴിഞ്ഞാലും ഭോപ്പാൽ ദുരന്തത്തിന്റെ അടഞ്ഞുപോകാത്ത ഓർമയായി കണ്ണുകൾ പാതിതുറന്ന ഒരു പിഞ്ചുകുഞ്ഞിന്റെ ചിത്രമുണ്ട്. അതുപകർത്തിയ ഫോട്ടോഗ്രാഫർ ഇന്നും കണ്ണുതുറന്നുപിടിച്ചുകൊണ്ടേയിരിക്കുന്നു...ആധുനിക ഇന്ത്യയ്ക്കൊപ്പം സഞ്ചരിച്ച ആ മിഴികൾ തിരയുന്നത് പുതിയ കാഴ്ചകൾ, ലോകങ്ങൾ...ജോസഫ് മാത്യുjosephmathew007@gmail.com രഘുറായ്പഞ്ചാബിലെ ജംഗിൽ ജനനം. ഇപ്പോൾ പാകിസ്താനിലാണ് ഈ സ്ഥലം. മുഴുവൻ പേര് രഘുനാഥ് റായ് ചൗധരി. 1962-ൽ ഫോട്ടോഗ്രാഫി പ്രൊഫഷനായി എടുത്തു. 18-ലധികം പുസ്തകങ്ങൾ രചിച്ചു. ടൈം, ലൈഫ്, ജിയോ, ന്യൂയോർക്ക് ടൈംസ്, സൺഡെ ടൈംസ്, ന്യൂസ് വീക്ക്, ദി ഇൻഡിപ്പെൻഡന്റ്, ന്യൂയോർക്കർ എന്നിവയിലുൾപ്പെടെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭോപാൽ വാതക ദുരന്തം കവർ ചെയ്തു. ഇതേക്കുറിച്ച് പിന്നീട് പുസ്തകവും ഡോക്യുമെന്ററിയും തയ്യാറാക്കി. പുസ്തകത്തിന്റെ പേര്: 'എക്‌സ്‌പോഷർ, എ കോർപ്പറേറ്റ് ക്രൈം.' ലോക പ്രസ് ഫോട്ടോ ജൂറിയായി മൂന്നു തവണയും യുനെസ്‌കോയുടെ അന്താരാഷ്ട്ര ഫോട്ടോഗ്രാഫി മത്സരത്തിന്റെ ജൂറിയായി രണ്ടു തവണയും പ്രവർത്തിച്ചു. ഇന്ത്യയൊട്ടാകെ സഞ്ചരിച്ച് ചിത്രങ്ങൾ പകർത്തിയിട്ടുണ്ട്. സഹോദരൻ പ്രശസ്ത ഫോട്ടോഗ്രാഫർ എസ്. പോൾ.
മറൈൻ ഡ്രൈവിലെത്തുമ്പോൾ രഘുറായ് ചോദിച്ചു: ഇത് കായലോ കടലോ? ദൂരെ അറബിക്കടലും അടുത്ത് കായലും അദ്ദേഹം കുറേനേരം നോക്കിനിന്നു. ഈ ചിത്രങ്ങൾ കണ്ണിന്റെ റെറ്റിനയിൽ വന്നു പതിക്കുന്നതിനൊപ്പം തന്റെ ക്യാമറയിലേക്കും അദ്ദേഹം ഒപ്പിയെടുത്തു. മഴവിൽ പാലത്തിനു താഴെ ഒരു കെട്ടിടത്തിന്റെ ഗ്ലാസ് ചുമരിൽ, സന്ധ്യയുടെ കുങ്കുമ രശ്മികളും മരച്ചില്ലകളും ചേർന്ന് സല്ലപിക്കുന്നതിന്റെ നിഴൽദൃശ്യത്തിലേക്ക് ക്യാമറ തിരിച്ച് രഘുറായ് ഏറെ നേരം നിന്നു. കായലിന്റെ പശ്ചാത്തലത്തിൽ സെൽഫിയെടുക്കുന്ന ചെറുപ്പക്കാർക്ക് ഇദ്ദേഹത്തിന്റെ നിൽപ്പു കണ്ട് കൗതുകം. കായലിന്റെ ചിത്രമെടുക്കാതെ ഗ്ലാസ് ചുമരിൽ എന്ത് ഫോട്ടോയെടുക്കാൻ എന്ന മട്ട്. ചാനൽ ക്യാമറ എത്തി രഘുറായിയുടെ നീക്കങ്ങൾ ഒപ്പിയെടുക്കാൻ തുടങ്ങിയപ്പോഴാണ് ഈ മനുഷ്യൻ ഏതോ വി.ഐ.പി.യാണെന്ന് മറൈൻഡ്രൈവിലെ നടപ്പാതയിൽ ഉണ്ടായിരുന്നവർക്ക് മനസ്സിലായത്. ചോദിച്ച് മനസ്സിലാക്കിയവർ അദ്ദേഹത്തിന് ഒപ്പം നിന്ന് ഫോട്ടോയെടുക്കാനെത്തി. പക്ഷേ പോസ് ചെയ്ത്, ക്യാമറയിലേക്ക് നോക്കി ചിരിച്ച് ഫോട്ടോയെടുക്കുന്നതിനോട് രഘുറായിക്ക് താത്‌പര്യമില്ല. ആളുകൾ ഒപ്പം നിൽക്കുമ്പോഴും അദ്ദേഹത്തിന്റെ ക്യാമറക്കണ്ണുകൾ മറ്റു കാഴ്ചകളിലേക്ക് മിഴി തുറന്നിരുന്നു.അൽപ്പനേരം സംസാരിക്കാമെന്ന് പറഞ്ഞപ്പോൾ രഘുറായിയാണ് നമുക്ക് പുറത്തെവിടെയെങ്കിലും ഇരിക്കാമെന്ന നിർദേശം വെച്ചത്. കായൽക്കാറ്റേറ്റ് ചാരുബെഞ്ചിൽ ഇരിക്കവേ അദ്ദേഹം പറഞ്ഞു: ''ഈ തണുത്ത കാറ്റ് നമുക്കു തരുന്ന ഊർജം വളരെ വലുതാണ്. നിങ്ങൾ ചോദിച്ചല്ലോ ഈ എഴുപത്തഞ്ചാം വയസ്സിലും ഈ ഉന്മേഷവും പ്രസരിപ്പും എങ്ങനെ സൂക്ഷിക്കുന്നുവെന്ന്. ഇതാണെന്റെ ഉത്തരം. പ്രകൃതിയെ അറിയുക. നിങ്ങൾക്ക് അത് ഓരോ നിമിഷവും ഊർജം തരും.''ഈ മനുഷ്യൻ ക്യാമറയും തൂക്കി നടപ്പു തുടങ്ങിയിട്ട് അഞ്ചു പതിറ്റാണ്ട് കഴിഞ്ഞു. ആധുനിക ഇന്ത്യയുടെ ചരിത്രത്തിനൊപ്പമാണ് അദ്ദേഹത്തിന്റെ ക്യാമറാമിഴികൾ സഞ്ചരിച്ചത്. അതിൽ ഇന്ദിരാ ഗാന്ധി മുതൽ നരേന്ദ്ര മോദി വരെയുണ്ട്.
മൻമോഹനും മോദിയുംഒരു നിശ്ചല ചിത്രത്തിന് ഒരുപാട് സംസാരിക്കാനുണ്ട് എന്ന് കാണിച്ചുതന്നയാളാണ് രഘുറായി. ഒരാൾ ഏകനായി, നിശ്ശബ്ദനായി ഇരിക്കുന്ന അദ്ദേഹത്തിന്റെ ചിത്രം ഒരുപാട് അർഥവ്യാപ്തിയുള്ളതും അതിലേറെ സംസാരിക്കുന്നതുമായിരുന്നു. 2014-ലെ പാർലമെന്റ് തിരഞ്ഞെടുപ്പിന്‌ അരങ്ങൊരുങ്ങുന്നു. എ.ഐ.സി.സി. സമ്മേളനത്തിലേക്ക് നടന്നുവരുന്ന പ്രധാനമന്ത്രി മൻമോഹൻ സിങ്. വേദിയിലേക്ക് വന്നിട്ടും അദ്ദേഹത്തെ ആരും മൈൻഡ് ചെയ്യുന്നില്ല. രാഹുൽഗാന്ധി, സോണിയഗാന്ധി എന്നിവർ വന്നപ്പോൾ കരഘോഷവും ആർപ്പുവിളികളും. വേദിയിൽ അഞ്ചുമണിക്കൂറോളം ഇരുന്ന മൻമോഹൻ സിങ്ങിനോട് ആരും ഒന്നും സംസാരിച്ചിട്ടില്ലെന്ന് രഘുറായി ഓർക്കുന്നു. 'പ്രധാനമന്ത്രിയാണെന്ന് ഓർക്കണം'. ആൾക്കൂട്ടത്തിലെ ആ ഏകാന്തത രഘുറായി ക്യാമറയിൽ പകർത്തിയപ്പോൾ ആ നിശ്ശബ്ദതയുടെ അർഥവും മാനവും ലോകം ചർച്ച ചെയ്തു. ഏതാനും ദിവസം കഴിഞ്ഞപ്പോഴാണ് ബി.ജെ.പി. സമ്മേളനം. പ്രധാനമന്ത്രി സ്ഥാനാർഥിയായ നരേന്ദ്രമോദി എത്തുമ്പോൾ എൽ.കെ. അദ്വാനി ഉൾപ്പെടുന്ന സീനിയർ നേതാക്കൾ പോലും എഴുന്നേറ്റു. സദസ്സ് ആകെയൊന്ന് ഇളകി. ഏറെ അംഗവിക്ഷേപങ്ങളോടെയായിരുന്നു മോദിയുടെ പ്രസംഗം. ഓരോ നിമിഷവും ഒപ്പി രഘുറായി അവിടെയും ഉണ്ടായിരുന്നു. പ്രസംഗത്തിനിടെ ഇരുവശത്തേക്കും വിരിച്ച മോദിയുടെ കൈവിരലുകൾ താമര പോലെ വിരിഞ്ഞപ്പോൾ അത് രഘുറായിയുടെ മനോഹര ചിത്രങ്ങളിലൊന്നായി. 'ഒരിടത്തെ നിശ്ശബ്ദതയ്ക്ക് കാതടപ്പിക്കുന്ന ശബ്ദമായിരുന്നു. മറ്റൊരിടത്ത് കാതുതുളയ്ക്കുന്ന വാക്ചാതുര്യം'. അന്നത്തെ രാഷ്ട്രീയ കാലാവസ്ഥ ഈ വാക്കുകളിൽ രഘുറായി ഒതുക്കി. (ഇതെക്കുറിച്ച് പിന്നീട് അദ്ദേഹം പുസ്തകം പ്രസിദ്ധീകരിച്ചു: ദി ടെയ്ൽ ഓഫ് ടൂ, ആൻ ഔട്ട്‌ഗോയിങ് ആൻഡ് ആൻ ഇൻകമിങ് പ്രൈം മിനിസ്റ്റർ)
മദർ തെരേസയ്ക്ക് ഒപ്പംമദർ തെരേസയുടെ ചിത്രങ്ങൾ ഏറ്റവുമധികം പകർത്തിയിട്ടുള്ള ഫോട്ടോഗ്രാഫർ ഒരുപക്ഷേ രഘുറായി ആയിരിക്കും. ആളുകൾ അറിയാതെ വളരെ സ്വാഭാവികമായി ഫോട്ടോയെടുക്കുന്നതാണ് അദ്ദേഹത്തിന്റെ രീതി. മദറിനെ എത്രയോ നാളുകൾ അദ്ദേഹം പിന്തുടർന്നു. മദറിനെ മാർപാപ്പ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിന് എത്രയോ മുമ്പുതന്നെ 'സെയ്ന്റ് മദർ' എന്ന പേരിൽ പുസ്തകം രഘുറായി പുറത്തിറക്കിയിരുന്നു. മറൈൻ ഡ്രൈവിലെ ചാരുബെഞ്ചിൽ അൽപ്പം ചരിഞ്ഞിരുന്ന് അദ്ദേഹം മദറിനെക്കുറിച്ച് സംസാരിച്ചു. 'ഒരിക്കൽ ആരോരുമില്ലാത്ത ഒരു ബ്രാഹ്മണ സ്ത്രീ വഴിയിൽ വീണു കിടന്ന് കരയുകയായിരുന്നു. സഹായം തേടുകയാണെങ്കിലും ബ്രാഹ്മണരല്ലാത്ത ആരെയും അവർ ശരീരത്ത് തൊടാൻ അനുവദിച്ചില്ല. മദറിന്റെ മിഷനറീസ് ഓഫ് ചാരിറ്റിയിലെ സിസ്റ്റർമാർ എത്തിയെങ്കിലും ഈ പ്രശ്നമുള്ളതിനാൽ തിരിച്ചുപോയി. വിവരമറിഞ്ഞെത്തിയ മദറിനോടും സ്ത്രീ ഇതേ കാര്യം പറഞ്ഞു. പക്ഷേ താനൊരു ബ്രാഹ്മിൺ ആണെന്ന് മദർ അവരോടു പറഞ്ഞു. നന്മ ചെയ്യുന്നതാണ് ബ്രാഹ്മണ്യം എന്നായിരുന്നു മദറിന്റെ വാദം'.
ഇന്ദിരാഗാന്ധിക്ക്‌ ഒപ്പം ഇന്ത്യ കണ്ട ഏറ്റവും ശക്തയായ ഭരണാധികാരി. ഫോട്ടോഗ്രാഫിയിലേക്ക് രഘുറായി പ്രവേശിക്കുന്ന കാലത്താണ് ഇന്ദിരാഗാന്ധിയെ അടുത്തു പരിചയപ്പെട്ടത്. 1967ൽ അവരുടെ ഓഫീസിൽവെച്ച് രഘുറായി എടുത്ത ഒരു ചിത്രം ചരിത്രമായി. എന്തോ ഫയലുകൾ നോക്കിക്കൊണ്ടിരിക്കുന്ന ഇന്ദിര. ചുറ്റും ഒരുപറ്റം നേതാക്കൾ ഭക്തിഭയബഹുമാനാദികളോടെ നിൽക്കുന്നു (അതെ, ആരും ഇരിക്കുന്നില്ല). ഇന്ദിരയുടെ പിന്നിൽ നിന്നെടുത്ത ആ ചിത്രം പാർട്ടിയിലും ഭരണത്തിലും അവർക്കുള്ള ആജ്ഞാശക്തിയുടെ പ്രതീകം കൂടിയായി. ജീവിതത്തിൽ നല്ലതും ചീത്തയുമായ കാലത്തിലൂടെ കടന്നുപോയിട്ടുള്ള ഇന്ദിര, ആ അനുഭവങ്ങളിലൂടെ കരുത്താർജിച്ചുവെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. പിൽക്കാലത്ത് അവർ അനുകമ്പയില്ലാത്ത നേതാവായെന്നും രഘുറായി പറയുന്നു.സാധാരണയായി കേൾക്കുന്ന ഒരു ചോദ്യമുണ്ട്. ഒരു നല്ല ഫോട്ടോഗ്രാഫറാകാൻ എന്തു ചെയ്യണം?'അവിടെ അപ്പോൾ നൂറു ശതമാനവും ഉണ്ടാകുക' എന്നതാണ് പ്രധാനം. ചിന്തകളുടെയും ഫിലോസഫിയുടെയും ഭാരം തലയിൽ ഉണ്ടാകരുത്. അങ്ങനെയാണെങ്കിൽ നിങ്ങളൊരു രണ്ടാംകിടക്കാരനേ ആകൂ. സ്വതന്ത്രമായി പോകുക. കാണുക, അനുഭവിക്കുക, തിരിച്ചറിയുക, വിശകലനം ചെയ്യുക. അതാണ് ഒരു ഫോട്ടോഗ്രാഫർക്ക് വേണ്ടത്. ചിലരെങ്കിലും അറേഞ്ച് ചെയ്ത് ഫോട്ടോയെടുക്കാറുണ്ട്. ചിലപ്പോൾ ആവശ്യമായി വന്നേക്കാം. പക്ഷേ പ്രകൃതി നിങ്ങൾക്കായി എല്ലാം അറേഞ്ച് ചെയ്തിട്ടുണ്ട്. അതിനു മുകളിൽ ഒന്നും അറേഞ്ച് ചെയ്യാൻ ആർക്കും കഴിയില്ല. നിങ്ങൾ ചെയ്യുന്ന ജോലിയിൽ ഒരു സന്ന്യാസിയെപ്പോലെ ഏകാഗ്രത പുലർത്തണം. ഒറ്റ ദിവസം കൊണ്ട് മരിക്കുന്നതാവരുത് ചിത്രങ്ങൾ. നിങ്ങളുടെ ചിത്രത്തെക്കുറിച്ച് സംസാരിക്കേണ്ടത് നിങ്ങളല്ല, ആ ഫോട്ടോയാകണം.
പ്രശസ്ത ഫോട്ടോഗ്രാഫറായ താങ്കളുടെ സഹോദരൻ എസ്. പോളിന്റെ സ്വാധീനത്താലാണോ ഈ മേഖലയിലെത്തിയത്?പഞ്ചാബിലെ ജംഗി (ഇപ്പോൾ പാകിസ്താനിൽ)യിലാണ്‌ എന്റെ ജനനം. ഫോട്ടോഗ്രാഫിയുടെ ആദ്യപാഠങ്ങൾ പഠിച്ചത് പോളിൽനിന്നാണ്. പക്ഷേ പിന്നീട് ആ തണലിൽനിന്ന് പുറത്തുകടന്ന് ഒറ്റയ്ക്കായി യാത്ര. ഇന്ത്യയൊട്ടാകെ സഞ്ചരിച്ചു. നല്ല ചിത്രങ്ങൾ തേടി എത്രയോ സ്ഥലങ്ങളിൽ അലഞ്ഞുനടന്നു. ഒരു നിശ്ചിത ചട്ടക്കൂടിൽ നിന്ന് പുറത്തുകടക്കാനാണ് എന്നും ശ്രമിച്ചിട്ടുള്ളത്. ആദ്യം സ്റ്റേറ്റ്‌സ്‌മാനിലും പിന്നീട് സൺഡെയിലും ജോലി ചെയ്തു. തുടർന്ന് ഇന്ത്യാ ടുഡെയിൽ. പിന്നീട് അവിടവും വിട്ടു. ബ്ലാക്ക് ആൻഡ് വൈറ്റിൽ നിന്ന്‌ കളറിലേക്കും ഡിജിറ്റലിലേക്കും ഫോട്ടോഗ്രാഫി മാറി. പക്ഷേ നമ്മുടെ കണ്ണുകൾ മാറുന്നില്ലല്ലോ. ഒരു ടെക്‌നോളജിക്കും മറയ്ക്കാനാവില്ല, പ്രകൃതിയുടെ ടെക്‌നോളജിയെ.
ഏറ്റവും മറക്കാനാവാത്ത അനുഭവമെന്താണ്?ഒരു ഫോട്ടോഗ്രാഫർക്ക് അങ്ങനെയൊന്നുണ്ടാവില്ല. പലരും എന്നോട് ചോദിച്ചിട്ടുണ്ട്, എന്റെ മാസ്റ്റർപീസ് ഏതാണെന്ന്്. ഇന്ന് നമ്മൾ മാസ്റ്റർപീസ് എന്ന്‌ കരുതുന്നതിനേക്കാൾ മികച്ച ഒരു ചിത്രം നാളെ കിട്ടിയാലോ? ഭോപ്പാൽ വാതകദുരന്തം കവർ ചെയ്യാൻ പോയത് മറക്കാനാകില്ല. കണ്ണുകൾ പാതി തുറന്ന ഒരു പിഞ്ചുബാലന്റെ മൃതദേഹത്തിന്റെ ചിത്രമെടുക്കുമ്പോൾ അതൊരു ഐക്കൺ ആകുമെന്നൊന്നും തോന്നിയിരുന്നില്ല. മനസ്സിനെ പിടിച്ചുലച്ച ദിവസങ്ങളായിരുന്നു അത്. ദുരന്തങ്ങൾ അങ്ങനെയാണ്. ഫോട്ടോഗ്രാഫർക്ക് മികച്ച ചിത്രങ്ങൾ കിട്ടും. പക്ഷേ വ്യക്തിപരമായി അത് വേദനയാകുകയും ചെയ്യും.
മാഗ്നം ഫോട്ടോസിൽ അംഗമാണല്ലോ താങ്കൾ. യഥാർഥത്തിൽ എന്താണ് മാഗ്നം?ലോകമെമ്പാടുമുള്ള കുറെ ഫോട്ടോഗ്രാഫർമാരുടെ ഒരു അന്താരാഷ്ട്രസഹകരണ കൂട്ടായ്മയാണിത്. ലോകപ്രശസ്ത ഫോട്ടോഗ്രാഫറായ കാർട്ടിയർ ബ്രെസൻ ആണ് എന്നെ ഉൾപ്പെടുത്തിയത്. അതിൽ അംഗമാകാൻ നല്ല ചിത്രങ്ങളോ മികച്ച ചിത്രങ്ങളോ പോര. അസാധാരണ മികവുള്ള ചിത്രങ്ങൾ വേണം. ലോകത്തിന്റെ അടുത്ത കാല​െത്ത ചരിത്രം രേഖപ്പെടുത്തുക, ലോകം എങ്ങോട്ടുപോകുന്നു എന്ന് അടയാളപ്പെടുത്തുക തുടങ്ങിയവയാണ് മാഗ്നം ചെയ്തുകൊണ്ടിരിക്കുന്നത്.കാറിന്റെ ജാലകത്തിലൂടെ പുറത്തേക്ക് നോക്കിയിരിക്കെ അദ്ദേഹം പറഞ്ഞു: 'കൊച്ചി ഏറെ മാറിയിരിക്കുന്നു. നാലോ അഞ്ചോ തവണ ഇവിടെ വന്നിട്ടുണ്ട്. ഇപ്പോഴാണ് സമ്പൂർണ മാറ്റം തോന്നുന്നത്'. മെട്രോ വന്നെങ്കിലും കുറച്ചുകൂടി നന്നായി നഗരം ഡിസൈൻ ചെയ്യാമായിരുന്നു എന്ന് അദ്ദേഹത്തിന് അഭിപ്രായമുണ്ട്. നഗരത്തിൽ കാണുന്ന ഓരോ ചെറു കൗതുകത്തിലും രഘുറായിയുടെ ക്യാമറ പതിയുന്നു. എഴുപത്തഞ്ചു പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ കണ്ണുകളിൽ എപ്പോഴും കൗതുകത്തിന്റെ തിളക്കം. *********************************************കലാം അന്നുപറഞ്ഞു 'നാൻ ഉങ്കളുടെ പ്രഥമരസികൻ'തഞ്ചാവൂർ ജില്ലയിലെ മയിലാടുതുറയിൽ ജനിച്ച് കർണാടകസംഗീതത്തിന്റെ പാരമ്പര്യശുദ്ധി ലോകമെങ്ങും എത്തിച്ച മഹാസംഗീതജ്ഞനാണ് ടി.വി. ശങ്കരനാരായണൻ. പത്മഭൂഷൺ ബഹുമതിനൽകി രാഷ്ട്രം ആദരിച്ച ഈ പ്രതിഭയുടെ സംഗീതയാത്ര അരനൂറ്റാണ്ടിലേക്കെത്തുകയാണ്...​കെ.കെ. അജിത്‌കുമാർ'നാൻ മലയാളം തെരിയാത മലയാളി'- ചാലപ്പുറം അർച്ചന അപ്പാർട്ട്‌മെന്റ്‌സിലെ 'രാജമാതംഗി'യിലിരുന്ന് നിറഞ്ഞുചിരിച്ചുകൊണ്ടാണ് കർണാടകസംഗീതത്തിലെ പാരമ്പര്യശൈലിയുടെ ശക്തനായ വക്താവായ ടി.വി. ശങ്കരനാരായണൻ പറയുന്നത്. ലോകമെമ്പാടും സംഗീതവുമായി സഞ്ചരിച്ചിട്ടുണ്ടെങ്കിലും കേരളത്തിലെത്തുമ്പോൾ വീട്ടിലെത്തിയപോലെയാണ് തോന്നൽ. ഇന്നാട്ടുകാർ അത്രയ്ക്കാണ് സ്നേഹവും അംഗീകാരങ്ങളും നൽകിയത്. ഈ നവരാത്രിക്കാലത്ത് കേരളത്തിലുടനീളം പാടുകയാണ് ഇപ്പോഴത്തെ വരവിന്റെ ലക്ഷ്യം. ഇവിടെനിന്നുള്ള സ്നേഹവും അടുപ്പവും വീണ്ടുംവീണ്ടും ക്ഷണിക്കുന്നതിനാൽ ഇടയ്ക്കിടെ വരാതെവയ്യ ഇങ്ങോട്ട്. ചാലപ്പുറത്തെ ഈ ഫ്ലാറ്റിൽ വന്നതും അങ്ങനെയൊരു സൗഹൃദശക്തികൊണ്ടുതന്നെ. ഗൃഹനാഥൻ എൻ.വി. നാരായണൻ ദീർഘകാലസുഹൃത്താണ്. അദ്ദേഹത്തിനും കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമായി സംഗീതം ആലപിക്കാനായാണ് സംഗീതകലാനിധിയായ ഈ ഗുരുനാഥനെത്തിയത്. നാരായണന്റെയും സംഗീതാധ്യാപിക ലക്ഷ്മിയുടെയും മകൻ എൻ. നാഗരാജാണ് ഈ കച്ചേരിയിൽ ശങ്കരനാരായണനൊപ്പം മൃദംഗംവായിച്ചത്. അത് നാഗരാജിനുള്ള വാത്സല്യവും അനുഗ്രഹവും. എന്നെക്കുറിച്ചല്ല, സംഗീതത്തിന്റെ രക്ഷാധികാരിയായ നാരായണനെയും മകൻ നാഗരാജിനെയും കുറിച്ചെഴുതൂ എന്നു പറയുന്നു സംഗീതകുലപതികളുടെ പരമ്പരയിൽപ്പെട്ട ഈ അതികായൻ.ലണ്ടനിൽനിന്നാണ് ഈ വരവ്. ഇവിടെനിന്നു കണ്ണൂരിലേക്കാണ്. നവരാത്രിക്കാലത്ത് കേരളത്തിൽ മിക്ക ജില്ലകളിലും കച്ചേരി അവതരിപ്പിക്കുന്നുണ്ട്. ഇടയ്ക്കൊന്നു ഡൽഹിക്കുപോകും. വീണ്ടും കേരളത്തിലുണ്ടാകും കുറച്ചുനാൾ.
സംഗീതപ്രതിഭകളുടെ സ്വന്തം തഞ്ചാവൂർ ജില്ലയിലാണ് അങ്ങ് ജനിച്ചത്. കേരളീയരുടെ സംഗീതാസ്വാദനത്തെക്കുറിച്ച് എന്താണ് തോന്നിയിട്ടുള്ളത്?ഇത്രയും അറിഞ്ഞാസ്വദിക്കുന്ന സദസ്സ് ഇവിടെമാത്രമാണുള്ളത്. കേരളത്തോടുള്ള ഇഷ്ടത്തിന്റെ കാരണവും അതുതന്നെ. ഇവിടെ ഞാൻ പാടാത്ത കോവിലുകളില്ലെന്നുതന്നെ പറയാം. അത്രത്തോളം പാടിയിരിക്കുന്നു. ക്ഷേത്രങ്ങളിലെ കച്ചേരിക്കുപോലും ശ്രദ്ധയോടെയിരിക്കുന്ന ആസ്വാദകസദസ്സാണ് ഇവിടത്തേത്. ഇവിടത്തെ ആസ്വാദകരെപ്പറ്റി പറയുമ്പോൾ എം.എ. ബേബിയെക്കുറിച്ച് പരാമർശിക്കാതെ പറ്റില്ല. മോഹനം ബേബി എന്നാണ് ഞാൻ വിളിക്കാറ്്. അദ്ദേഹത്തിന് ആ രാഗത്തിൽ പാടിക്കേൾക്കുന്നതാണ് ഏറ്റവും ഇഷ്ടം.
കർണാടകസംഗീതത്തിൽ ഭക്തിക്ക് ഇത്രത്തോളം പ്രാധാന്യംവരുന്നതിന്റെ കാരണമെന്താവാം? അങ്ങയുടെ ആലാപനത്തിൽ അതെത്രത്തോളമാണ്?ഭക്തി മാത്രമല്ല, പ്രകൃതിഭംഗിയും പ്രണയവുമൊക്കെ ആവിഷ്കരിക്കുന്ന കൃതികൾ വളരെയുണ്ട്. ഞാൻതന്നെ കമ്പോസ് ചെയ്തിട്ടുണ്ട് പ്രകൃതിഭംഗിയെക്കുറിച്ചുള്ള കൃതികൾ. എന്നാൽ, അതൊന്നും ആലപിക്കാറില്ല. ഭക്തിമാത്രമാണ് എന്റെ താത്പര്യം. പാരമ്പര്യത്തിന്റെ നിഷ്ഠ അനുസരിച്ചുകൊണ്ട് ഭക്തിക്ക് പ്രാധാന്യംനൽകുന്ന കൃതികളാണ് ആലപിക്കാറ്്. ശൃംഗാരഭക്തി എന്നൊന്നുണ്ട്. അതുപോലും ഞാൻ പാടാറില്ല. പഴയതലമുറയുടെ ശൈലിയാണ് ഞാൻ പഠിച്ചതും പരിശീലിച്ചതും. അമ്മാവനായ മധുരൈ മണി അയ്യരിൽനിന്നാണ് പഠിച്ചത്. പിന്നെ പാടിപ്പാടി സ്വന്തം ശൈലിയുണ്ടായെന്ന് ആസ്വാദകർ പറയുന്നു (ചിരിക്കുന്നു).
കുട്ടിക്കാലത്തെക്കുറിച്ച്?മയിലാടുതുറയിലാണ് ജനിച്ചത്. രാമൻ എന്നായിരുന്നു വീട്ടിലെ വിളിപ്പേര്. അടുപ്പമുള്ളവരെല്ലാം അങ്ങനെയാണ് വിളിക്കാറ്്. കുട്ടിക്കാലത്ത് സംഗീതത്തിലെന്നപോലെ ക്രിക്കറ്റിലും നല്ല കമ്പമായിരുന്നു. 'ഡിഫിക്കൽറ്റ് ബാറ്റ്‌സ് മാനാ'യിരുന്നു ഞാൻ. പത്താംക്ലാസ് കഴിയുംവരെ ക്രിക്കറ്റ്കളി തുടർന്നു. പിന്നെ, ശബ്ദത്തിന് നല്ലതല്ലെന്നു കണ്ടാണ് അതു നിർത്തിയത്. മയിലാടുതുറയിലാണ് ജനിച്ചതെങ്കിലും പിന്നെ മൈലാപ്പൂരിലേക്ക് താമസം മാറ്റി. അവിടെ വിവേകാനന്ദ കോളേജിൽ ബി.കോം. കഴിഞ്ഞശേഷം ലോ കോളേജിൽ ചേർന്നു. 1967-ൽ മദ്രാസ് ഹൈക്കോടതിയിൽ അഭിഭാഷകനായി എൻറോൾ ചെയ്തെങ്കിലും പ്രാക്ടീസ് ചെയ്തില്ല. സംഗീതം തന്നെയായി പിന്നെ ജീവിതം.
ആദ്യത്തെ കച്ചേരി?1968-ലാണ് ആദ്യമായി കച്ചേരി അവതരിപ്പിച്ചത്. മൈലാപ്പൂർ ഹനുമാൻകോവിലിലായിരുന്നു അത്. ടി.എൻ. കൃഷ്ണനും വേലൂർ രാമഭദ്രനും ആലങ്കുടി രാമചന്ദ്രനുമായിരുന്നു കൂടെ. ടി.എൻ. കൃഷ്ണനാണ് എന്നെ സ്വതന്ത്രമായി പാടിക്കാൻ അമ്മാവനോട് നിർദേശിച്ചത്. ഗുരുസ്ഥാനത്താണ് അദ്ദേഹത്തെയും ഞാൻ കാണുന്നത്. കർണാടകസംഗീതത്തിലെ വലിയ പ്രതിഭകൾക്കൊപ്പമെല്ലാം പ്രവർത്തിക്കാൻ ആദ്യകാലംമുതൽതന്നെ സാധിച്ചുവെന്നതാണ് ഭാഗ്യം.
വിദേശരാജ്യങ്ങളിലെവിടെയെല്ലാം പാടിയിട്ടുണ്ട്?യു.എസിൽ 25 തവണയിലേറെ പോയി. യു.കെ., ഓസ്‌ട്രേലിയ, ന്യൂസീലൻഡ്, സിങ്കപ്പൂർ, മലേഷ്യ, ശ്രീലങ്ക, ഹോങ്‌ കോങ്, പിന്നെ സൗദി ഒഴികെയുള്ള ഗൾഫ് രാജ്യങ്ങൾ.
പത്മപുരസ്കാരം നേടിയ സംഗീതപ്രതിഭയാണല്ലോ താങ്കൾ. എന്താണ് ഇത്തരം പുരസ്കാരങ്ങളെക്കുറിച്ച് പറയാനുള്ളത്?പത്മശ്രീയില്ലാതെ പത്മഭൂഷൺ നേടിയ ആളാണ് ഞാൻ. ഡബിൾ പ്രമോഷൻ. അത് എനിക്ക് സമ്മാനിച്ചത് അന്നത്തെ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാമാണ്. 'നാൻ ഉങ്കളുടെ പ്രഥമരസികൻ' എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം പുരസ്കാരം നൽകിയത്. കേന്ദ്രസംഗീതനാടക അക്കാദമിയുടെ അവാർഡ് 45-ാം വയസ്സിലാണ് എനിക്കു ലഭിച്ചത്. മദ്രാസ് മ്യൂസിക് അക്കാദമിയുടെ സംഗീതകലാനിധി പുരസ്കാരവും പത്മഭൂഷണും ഒരേ വർഷമാണ് ലഭിച്ചത്, 2003-ൽ. കേരളത്തിൽനിന്ന്‌ ഒട്ടേറെ പുരസ്കാരങ്ങൾ കിട്ടിയിട്ടുണ്ട്. 72 പുരസ്കാരങ്ങളാണ്‌ എടുത്തുപറയത്തക്കതായി ലഭിച്ചത്‌. സംഗീതത്തിനുള്ള ഇഷ്ടവും ബഹുമാനവും ആദരവുമാണ് അതെന്നു ഞാൻ കരുതുന്നു.
കുടുംബം?ഭാര്യ വിജയലക്ഷ്മി ശങ്കരനാരായണൻ മദ്രാസ് യൂണിവേഴ്‌സിറ്റിയിൽ വിസിറ്റിങ് പ്രൊഫസറാണ്. മകൾ അമൃതാ ശങ്കരനാരായണന് സംഗീതത്തിൽ ഡോക്ടറേറ്റുണ്ട്. മകൻ മഹാദേവൻ ശങ്കരനാരായണനും സംഗീതവഴിയിൽത്തന്നെ. എല്ലാവരും കച്ചേരികൾ അവതരിപ്പിക്കാറുണ്ട്.*************************************നായകൻ നായികയാകുന്ന തമിഴകംഅനുരഞ്ജ് മനോഹർശ്ശെടാ..ആണ്‍വേഷത്തിനേക്കാളും ഈ താരത്തിന് പെണ്‍വേഷമാ കൂടുതല്‍ നല്ലത് എന്ന് പറയിപ്പിച്ച ഒട്ടനവധി പെണ്‍ കഥാപാത്രങ്ങള്‍ നായകന്മാരുടെ സൃഷ്ടിയായി കോളിവുഡിലുണ്ടായിട്ടുണ്ട്. അവ്വൈ ഷണ്‍മുഖി മുതല്‍ റെമോ വരെ നീളുന്ന തമിഴകത്ത് തരംഗമാകാന്‍ വീണ്ടും നായകന്മാര്‍ പെണ്‍വേഷത്തിലെത്തുകയാണ്. ഇത്തവണ പുത്തന്‍ താരോദയം വിജയ് സേതുപതിയും റിയാസ് ഖാനുമാണ് പെണ്‍വേഷത്തിലെത്തി പ്രേക്ഷകരെ രസിപ്പിക്കാനൊരുങ്ങുന്നത്.വിജയ് സേതുപതി എപ്പോഴും വ്യത്യസ്തങ്ങളായ വേഷങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ മികവ് തെളിയിച്ച നടനാണ്. അതിന് അടിവരയിട്ടുകൊണ്ട് വിജയ് സേതുപതി അടുത്ത ചിത്രത്തിനായി ഗംഭീര മേക്ക് ഓവറാണ് സ്വീകരിച്ചിരിക്കുന്നത്. കോളിവുഡ് ആരാധകര്‍ക്കായി ഒരു പെണ്‍ വേഷത്തിലാണ് താരം സൂപ്പര്‍ ഡീലക്‌സ് എന്ന ചിത്രത്തിലൂടെ എത്തുന്നത്. ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭിന്നലിംഗക്കാരിയായ കഥാപാത്രത്തെയാണ് വിജയ് സേതുപതി അഭ്രപാളിയിലേക്ക് പകര്‍ത്തുന്നത്. അതിനുമുന്നോടിയായി പിങ്ക് നിറത്തിലുള്ള സാരിയും കൂളിങ് ഗ്ലാസും ധരിച്ച് പുഞ്ചിരിച്ചുനില്‍ക്കുന്ന ചിത്രം താരം തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നു. ചിത്രം കാട്ടുതീപോലെ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. അനീതി കഥൈകള്‍ എന്ന പേരാണ് ചിത്രത്തിന് ആദ്യം നല്‍കിയിരുന്നതെങ്കിലും പിന്നീട് സൂപ്പര്‍ ഡീലക്‌സ് എന്ന പേരിലേക്ക് മാറ്റുകയായിരുന്നു. വിജയ് സേതുപതിയ്‌ക്കൊപ്പം ഫഹദ് ഫാസിലും സാമന്തയും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഉശിരന്‍ വില്ലന്‍ വേഷങ്ങളിലൂടെ മലയാളികളുടെ മനം കവര്‍ന്ന കേരളത്തിന്റെ സ്വന്തം മസില്‍മാന്‍ റിയാസ്ഖാന് തെലുങ്ക്, തമിഴ് സിനിമകളിലൊക്കെ വലിയ ആരാധകവൃന്ദമുണ്ട്. വിജയ് സേതുപതി പെണ്‍വേഷത്തിലെത്തുംമുന്‍പേ തെന്നിന്ത്യയില്‍ ചര്‍ച്ചാവിഷയമായത് റിയാസ് ഖാന്‍ ആദ്യമായി ചെയ്യാനൊരുങ്ങുന്ന പെണ്‍വേഷമായിരുന്നു. വിളയാട് ആരംഭം എന്ന തമിഴ് ചിത്രത്തിലാണ് താരം പെണ്‍വേഷത്തിലെത്തി ആരാധകരെ അത്ഭുതപ്പെടുത്തുന്നത്. ചിത്രത്തിനായി ശരീരഭാരം കുറച്ചും മെലിഞ്ഞുമൊക്കെയാണ് അദ്ദേഹം സ്ത്രീകഥാപാത്രത്തെ ഏറ്റെടുത്തിരിക്കുന്നത്. ഫേസ്ബുക്ക് പേജിലൂടെ റിയാസ്ഖാന്‍ തന്റെ പെണ്‍വേഷത്തിലെത്തിയ ചിത്രം ആരാധകരുമായി പങ്കുവെച്ചു. ഇതോടൊപ്പം ചുവന്ന സാരിയും നെറ്റിയില്‍ വലിയ പൊട്ടും കുത്തിയുള്ള മറ്റൊരു സ്ത്രീവേഷവും താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ഒരു സീരിയലിനുവേണ്ടിയാണ് റിയാസ്ഖാന്‍ ഇത്തരത്തിലൊരു മേക്ക് ഓവര്‍ നടത്തിയത്.മുന്‍കാലങ്ങളിലും നായകന്മാര്‍ നായികമാരായി തമിഴകത്ത് കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്. അക്കൂട്ടത്തില്‍ എന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്ന കഥാപാത്രമാണ് കമല്‍ഹാസന്‍ അനശ്വരമാക്കിയ അവൈ ഷണ്‍മുഖി എന്ന കഥാപാത്രം.


VIEW ON mathrubhumi.com