കേരളഹൗസില്‍ തമിഴ് മാധ്യമപ്രവര്‍ത്തകനെ അധിക്ഷേപിച്ചതായി പരാതി

ന്യൂഡല്‍ഹി:കേരളഹൗസില്‍ തമിഴ് മാധ്യമപ്രവര്‍ത്തകനുനേരേ വംശീയ അധിക്ഷേപം നടത്തിയതായി ആരോപണം. കേരളഹൗസ് സമൃദ്ധി കാന്റീനിലെ ജീവനക്കാര്‍ അധിക്ഷേപിച്ചതായി നിരഞ്ജന്‍ കുമാര്‍ ആരോപിച്ചു.

കാന്റീനില്‍ നിന്ന് ഭക്ഷണം വാങ്ങിയ ശേഷം നൂറ് രൂപയ്ക്ക് ചില്ലറ ചോദിച്ചതിനെത്തുടര്‍ന്നാണ് തന്നെ അധിക്ഷേപിച്ചതെന്ന് നിരഞ്ജന്‍ പറഞ്ഞു. ചില്ലറ തരാനാവില്ലെന്നു പറഞ്ഞ ജീവനക്കാരന്‍ തട്ടിക്കയറുകയും തമിഴ്‌നാട്ടുകാര്‍ ഇവിടെ വന്നാല്‍ ഇതാണു പ്രശ്‌നമെന്നു പറയുകയും ചെയ്തതായി നിരഞ്ജന്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് നിരഞ്ജന്‍ സമൂഹ മാധ്യമങ്ങളില്‍ എഴുതിയതോടെ വിഷയം വിവാദമായി.

എന്നാല്‍, ഭക്ഷണം കഴിക്കാനെത്തിയ രണ്ടംഗ സംഘം ചില്ലറ ആവശ്യപ്പെട്ടു തട്ടിക്കയറുകയും അസഭ്യം പറയുകയുമാണുണ്ടായതെന്ന് കേരള ഹൗസ് ജീവനക്കാര്‍ പറയുന്നു. ശബ്ദമുയര്‍ത്തി സംസാരിക്കരുതെന്നും ഇവിടെ ഗസ്റ്റ് ഹൗസ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും മാത്രമാണ് തങ്ങള്‍ പറഞ്ഞതെന്ന് ജീവനക്കാര്‍ വ്യക്തമാക്കി. സംഭവത്തില്‍ കേരള ഹൗസ്‌ െറസിഡന്റ് കമ്മിഷണര്‍ക്ക് പരാതി നല്‍കുമെന്ന് നിരഞ്ജന്‍ കുമാര്‍ പറഞ്ഞു.


VIEW ON mathrubhumi.com