പീഡനക്കേസ്: അഫ്ഗാന്‍ സ്വദേശിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ന്യൂഡല്‍ഹി:ജെ.എന്‍.യു. വിദ്യര്‍ഥിയെ പീഡിപ്പിച്ച കേസില്‍ അഫ്ഗാന്‍ സ്വദേശിക്ക് ഡല്‍ഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചു. പത്തുവര്‍ഷമായി അഭയാര്‍ഥിയായി ഇന്ത്യയില്‍ കഴിയുന്ന സുലൈമാന്‍ അഹമ്മദിയുടെ ജാമ്യാപേക്ഷയാണ് ജഡ്ജി വിനോദ് ഗോയല്‍ തള്ളിയത്.

പ്രതി നിയമത്തിനുമുന്നില്‍നിന്ന് രക്ഷപ്പെടാനുള്ള സാധ്യതയുണ്ടെന്ന് നിരീക്ഷിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. പ്രതിക്ക് ജാമ്യം അനുവദിക്കാനുള്ള ഒരു സാഹചര്യവും നിലവിലില്ലെന്നും കോടതി നിരീക്ഷിച്ചു.

കഴിഞ്ഞ ജനുവരിയില്‍ ഗ്രീന്‍ പാര്‍ക്ക് മേഖലയില്‍ സുലൈമാനും സുഹൃത്തായ അഫ്ഗാന്‍ സ്വദേശി തവാബ് അഹമ്മദും ചേര്‍ന്ന് ഇരുപത്തിയൊന്നുകാരിയെ പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. സംഭവസ്ഥലത്തുണ്ടായിരുന്ന പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ള പ്രധാനസാക്ഷികളുടെ മൊഴികള്‍ രേഖപ്പെടുത്താനുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ ധരിപ്പിച്ചു. ജാമ്യം അനുവദിച്ചാല്‍ പ്രതി രക്ഷപ്പെടാനുള്ള സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.


VIEW ON mathrubhumi.com