ചെന്നൈയിലെ മേളപ്പെരുക്കം

ചെന്നൈയിൽ പ്രശസ്തിയാർജിച്ചു വരുന്ന മഹാലിംഗപുരം ശ്രീ അയ്യപ്പൻ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ വാദ്യവിദ്യാലയത്തെക്കുറിച്ച് സുനീഷ് ജേക്കബ് മാത്യു നഗരത്തിലെ ആഘോഷങ്ങൾ കൊഴുപ്പിക്കാൻ ചെണ്ടമേളക്കാരെ കേരളത്തിൽനിന്ന് 'ഇറക്കുമതി' ചെയ്യുന്നത് അധികം വൈകാതെ പഴങ്കഥയാകും. പ്രധാനകാരണം മഹാലിംഗപുരം ശ്രീ അയ്യപ്പൻ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ വാദ്യവിദ്യാലയമായിരിക്കും. ചെണ്ടയടക്കം പഞ്ചവാദ്യവും പഞ്ചാരിമേളവും ചെന്നൈ നിവാസികളെ പഠിപ്പിക്കാനുള്ള സംരംഭമാണ്‌ വാദ്യവിദ്യാലയം. കഴിഞ്ഞവർഷം ആരംഭിച്ച വിദ്യാലയത്തിയ ആദ്യ ബാച്ച് കലാകാരന്മാരുടെ അരങ്ങേറ്റം ഈ മാസം 30-ന് നടക്കും. ഇതോടെ ചെണ്ടമേളത്തിന്റെ കാര്യത്തിൽ 'സ്വയംപര്യാപ്തത' എന്ന ലക്ഷ്യത്തിലേക്കു ചെന്നൈ കൂടുതൽ അടുക്കും.
ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾ മുതൽ വൻകിട വ്യാപാരസ്ഥാപനങ്ങളുടെ ആഘോഷങ്ങൾക്കു വരെ ചെണ്ടമേളമില്ലെങ്കിൽ പൂർണതയില്ലെന്നു തോന്നലുണ്ടായതോടെയാണു ചെന്നൈയിൽ ചെണ്ട കലാകാരന്മാർക്ക് വലിയ സ്വീകാര്യത ലഭിച്ചത്.
കേരളത്തിൽ മുക്കിനുമുക്കിനു മേളക്കാരെ കിട്ടുമെങ്കിലും ചെന്നൈയിൽ മഷിയിട്ടു നോക്കിയാൽ പോലും ചെണ്ട കലാകാരനെ കണ്ടെത്താൻ കഴിയാത്ത കാലമുണ്ടായിരുന്നു. അതിനാൽ ഏതെങ്കിലും ചടങ്ങിനു ചെണ്ടമേളം വേണമെന്നു തീരുമാനിച്ചാൽ വിളി പോകുന്നത്‌ കേരളത്തിലേക്കായിരുന്നു. ഒരൊറ്റ ഫോൺകോളിൽ മേളക്കാരെ നിരത്തിനിർത്താൻ കഴിവുള്ള ഇടത്തരക്കാരും സജീവമായിരുന്നു. ഏഴെട്ടു വർഷം മുൻപുവരെ ഇങ്ങനെ ചെന്നൈയിലെ ആഘോഷങ്ങളെ കൊട്ടിയുണർത്താൻ കേരളത്തിൽനിന്നു കലാകാരന്മാർ കൂട്ടമായി എത്തിയിരുന്നു.
സ്ഥിതി മാറിയെങ്കിലും കേരളത്തിൽനിന്നു കലാകാരന്മാർ വരാതെ ഒരു മേളത്തിനു വേണ്ട മുഴുവൻ ആളുകളെയും അണിനിരത്താൻ കഴിയുന്ന സംഘങ്ങൾ ഇപ്പോഴും കുറവാണ്. നഗരത്തിൽ ചെണ്ടമേളം ആസ്വാദകരുടെ എണ്ണം പെരുകിയതോടെ ഇതു പഠിക്കാനുള്ള മാർഗങ്ങൾ തേടി കൂടുതൽ പേരെത്തി. ചെന്നൈയിൽ സ്ഥിരതാമസമാക്കിയ ചെണ്ട വിദഗ്ധർ പലരും ക്ലാസുകൾ ആരംഭിക്കുകയും ചെയ്തു. എന്നാൽ, മഹാലിംഗപുരം ക്ഷേത്രം ഇതിനായി വാദ്യവിദ്യാലയം എന്ന പേരിൽ ഒരു പഠന കേന്ദ്രം തന്നെ തുടങ്ങുകയായിരുന്നു. ചെണ്ട കൂടാതെ പഞ്ചവാദ്യത്തിൽ ഉൾപ്പെടുന്ന തിമില ക്ലാസുകളും വാദ്യവിദ്യാലയത്തിൽ നടത്തുന്നു. ക്ഷേത്രം ജീവനക്കാരൻ കൂടിയായ ഗോപി പള്ളിപ്പുറമാണ് ക്ലാസുകൾക്കു നേതൃതം നൽകുന്നത്.
കഴിഞ്ഞവർഷം നവംബറിലായിരുന്നു ക്ഷേത്രത്തിനോടുചേർന്ന ഓഡിറ്റോറിയത്തിൽ ക്ലാസുകൾ ആരംഭിച്ചത്. സ്കൂൾവിദ്യാർഥികൾ മുതൽ ജോലിക്കാർ വരെയുള്ളവർ ഇവിടെ മേളം പഠിക്കാനെത്തി. ആകെ 35 പേരുമായിട്ടാണു ക്ലാസുകൾ ആരംഭിച്ചത്. ഗൗരവമായി ക്ലാസുകൾ ആരംഭിച്ചതോടെ പലരും കൊഴിഞ്ഞുപോയി. കൗതുകത്തിന്റെ പേരിൽ എത്തിയവർ വന്നപോലെത്തന്നെ മടങ്ങുകയായിരുന്നു. ചിലർ കുറച്ചു ശ്രമിച്ചുവെങ്കിലും പിന്നീട് ഉപേക്ഷിച്ചു. എന്നാൽ, താത്‌പര്യം കൊണ്ടു മുടക്കമില്ലാതെ ക്ലാസുകളിൽ വരുകയും ശ്രദ്ധയോടെ പഠിച്ചെടുക്കുകയും ചെയ്ത 19 പേരാണ് ഇപ്പോൾ അരങ്ങേറ്റത്തിനായി ഒരുങ്ങുന്നത്.
മേളത്തെ ഹൃദയത്തിൽ സൂക്ഷിച്ച എല്ലാവരും തന്നെ പഠനം പൂർത്തിയാക്കാൻ സമയവും സൗകര്യവും കണ്ടെത്തിയെന്നു ഗുരുവായ ഗോപി പള്ളിപ്പുറം പറയുന്നു. ചെറിയ കുട്ടികൾ മുതൽ ഏറെ ക്ഷമയോടെ പരിശീലനം നടത്താൻ തയ്യാറായി. അതിനാൽ അതിവേഗം ക്ലാസുകൾ മുന്നോട്ടു കൊണ്ടുപോകാൻ സാധിച്ചുവെന്നും ഗോപി പറഞ്ഞു. കേരളത്തിലെ തനതു വാദ്യകലകൾ പഠിക്കാൻ കൂടുതൽ പേർ താത്‌പര്യം പ്രകടിപ്പിക്കുന്നതു തിരിച്ചറിഞ്ഞാണു ക്ഷേത്രം ഇത്തരത്തിൽ ഒരു വാദ്യ വിദ്യാലയം തുടങ്ങാൻ തീരുമാനിച്ചതെന്നും ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ അനിഷ് പറഞ്ഞു.
ഫീസ് ഈടാക്കാതെയാണു ക്ലാസുകൾ നടത്തുന്നത്. പഠനത്തിന് എത്തുന്നവർ ക്ലാസുകളെ ഗൗരവത്തോടെ കാണണമെന്നു മാത്രമേ നിർബന്ധമുള്ളൂ. ജാതി മത ഭാഷ ഭേദമില്ലാതെ എല്ലാവർക്കും ഇവിടെ നടക്കുന്ന ക്ലാസുകളിൽ പങ്കെടുക്കാൻ സാധിക്കും.
നിലവിൽ മലയാളികൾക്കൊപ്പം തമിഴരും ചെന്നൈയിൽ സ്ഥിരതാമസമാക്കിയ കർണാടക സ്വദേശികളും ഇവിടെ പഠിക്കുന്നുണ്ട്. വരും വർഷങ്ങളിൽ കൂടുതൽ വിദ്യാർഥികളെ പ്രതീക്ഷിക്കുന്നുണ്ടെന്നും അനീഷ് പറഞ്ഞു. ശനി, ഞായർ ദിവസങ്ങളിൽ ഉച്ചയ്ക്കു ശേഷം രണ്ടു മുതൽ വൈകിട്ട് നാലു വരെയാണു തുടക്ക ക്ലാസുകൾ. അടിസ്ഥാനപാഠങ്ങൾ പഠിച്ചതിനു ശേഷം രാവിലെ 4.30 മുതൽ 6.30 വരെയാകും പരിശീലനം.
നേരംകൊല്ലി എന്ന നിലയിൽ മേളം പഠിക്കാൻ വരുന്നവർക്ക് പരിശീലനം തുടരാൻ സാധിക്കില്ല. നല്ല സമർപ്പണമുള്ളവർക്കേ അതിരാവിലെ നടക്കുന്ന ക്ലാസുകളിൽ പങ്കെടുക്കാൻ സാധിക്കൂ. ആദ്യക്ലാസിലെ പലരും കൊഴിഞ്ഞുപോയതിനു കാരണവും അതു തന്നെയാണ്. എന്നാൽ, ആറു വയസ്സുകാരൻ അടക്കമുള്ളവർക്കു 19 പേർക്ക് മുടക്കമില്ലാതെ ക്ലാസുകളിൽ പങ്കെടുക്കുന്നുണ്ട്. ഇതിൽ 14 പേർ ചെണ്ടമേളവും അഞ്ചുപേർ തിമിലയുമാണു പഠിച്ചത്.
ക്ഷേത്രത്തിൽ 30-ന് വൈകിട്ട് 5.30-ന് നടക്കുന്ന അരങ്ങേറ്റത്തിനൊപ്പം 65 വിദഗ്ധർ പങ്കെടുക്കുന്ന വാദ്യോത്സവവുമുണ്ടായിരിക്കും.
മഹാലിംഗപുരം ശ്രീ അയ്യപ്പ ഭക്തസഭാ സെക്രട്ടറി ശശികുമാർ ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ സദാനം വാസുദേവൻ, പെരുവനം കുട്ടൻ മാരാർ, അന്നമനട പരമേശ്വരമാരാർ, പെരിങ്ങോട് ശങ്കരനാരായണൻ, കാഞ്ഞങ്ങാട് രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും. വാദ്യവിദ്യാലയത്തിലെ പുതിയ ക്ലാസുകൾ വിദ്യാരംഭദിനത്തിൽ തന്നെ ആരംഭിക്കും. ***************************************കുഞ്ഞു മേളക്കാരൻമഹാലിംഗപുരം വാദ്യ വിദ്യാലയത്തിലെ കുഞ്ഞൻ മേളക്കാരനാണ് ആറു വയസ്സുകാരൻ കെ.എസ്. ആര്യ. ചെണ്ടയെക്കാൾ ഒരല്പം കൂടി മാത്രം ഉയരമുള്ള ആര്യയുടെ പ്രകടനം ഒട്ടും മോശമല്ലെന്നാണു ഗുരു പറയുന്നത്. മറ്റുള്ളവർ ചെണ്ട തോളത്തു തൂക്കിയിട്ടു കൊട്ടുമ്പോൾ തനിക്കു മാത്രം അതിനു കഴിയുന്നില്ലെന്ന വിഷമം മാത്രമാണു ആര്യയ്ക്കുള്ളത്.
എന്നാൽ, അധികം താമസിക്കാതെ തനിക്ക് അതു കഴിയുമെന്നും ആര്യ പറയുന്നു. ചെന്നൈയിൽ സ്ഥിരതാമസമാക്കിയ കുന്നംകുളം സ്വദേശി കെ.ബി. സുഭിഷിന്റെയും നിതയുടെയും മകനാണ് ഒന്നാം ക്ലാസുകാരനായ ആര്യ. തീരേ ചെറിയ പ്രായത്തിൽ പാത്രത്തിലും മേശയിലുമൊക്കെ താളത്തിൽ കൊട്ടി തുടങ്ങിയ മകനെ ചെണ്ടമേളം പഠിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നു അമ്മ നിത പറഞ്ഞു.വീടിനുള്ളിൽ നടക്കുന്ന 'മേളം' അയൽക്കാരുടെ പരാതിക്കുവരെ കാരണമായിട്ടുണ്ട്. എന്നാൽ, കഴിവു തിരിച്ചറിഞ്ഞതിനാൽ നിരുത്സാഹപ്പെടുത്താൻ ശ്രമിച്ചില്ല. വാദ്യ വിദ്യാലയത്തിൽ ചെണ്ട ക്ലാസ് ആരംഭിക്കുന്നുവെന്ന് അറിഞ്ഞതോടെ മറ്റൊന്നു ചിന്തിച്ചില്ല. മറ്റുള്ളവർക്കൊപ്പം അതേ വേഗത്തിൽ തന്നെ പഠിച്ചെടുക്കാൻ ഈ കൊച്ചു മിടുക്കനു കഴിയുന്നു. ആര്യയെ കൂടാതെ രണ്ടാം ക്ലാസുകാരനായ കെ.പി. ശ്രീഹരിയും മൂന്നാം ക്ലാസുകാരനായ ടി. സായ് സുദർശനും ഇവിടെ ചെണ്ടമേളം പഠനം പൂർത്തിയാക്കി അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്.
*************************************ദുരന്തങ്ങളെ അതിജിവിച്ച് നഗരം മുന്നോട്ട്രതീഷ് മൂപ്പൻ പയ്യന്നൂർ എല്ലാ കാര്യങ്ങളോടും എളുപ്പം പൊരുത്തപ്പെട്ടുപോകാനുള്ള പ്രത്യേകതരം കഴിവ് ചെന്നൈ നിവാസികളുടെ പ്രത്യേകതയാണ്. അന്യനാട്ടുകരോട് ഇണങ്ങുന്നതിലും മനുഷ്യത്വപരമായി പെരുമാറുന്നതിലും മഹാനഗരം മാതൃകയാണ്. സുനാമി, വെള്ളപ്പൊക്കം, വാർധകൊടുങ്കാറ്റ് തുടങ്ങിയ പ്രകൃതി ദുരന്തങ്ങളിൽനിന്ന് എളുപ്പം കരകയറാനും ജനങ്ങളുടെ ശുഭാപ്തിവിശ്വാസം സഹായകരമായി. വികസനത്തിന്റെ കാര്യത്തിൽ രാഷ്ട്രീയത്തിന് അതീതമായി മുന്നോട്ട് പോകാൻ കഴിയുന്നു. വികസനത്തെച്ചൊല്ലി കക്ഷികൾ തർക്കിക്കാറില്ല. എന്നാൽ പരിസ്ഥിതിയെ മറന്നുകൊണ്ടുള്ള ജനങ്ങൾ നീങ്ങുന്നത് നഗരത്തെ പതുക്കെ നാശത്തിലേക്ക് നയിക്കുമെന്ന ആശങ്കയുമുണ്ട്. എവിടെയും അലക്ഷ്യമായി പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയാമെന്നത് വലിയ ദുരന്തത്തിന് ഇടയാക്കും. 2015 ലെ കനത്ത മഴയിൽ വെള്ളം ഒഴുകി കടലിൽ എത്തി ച്ചേരാതിരുന്നതിന് പ്രധാനകാരണം നദികളിൽ പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞു കൂടിയതാണ്. പരിസ്ഥിതിയെ മറന്നുള്ള പ്രവർത്തനത്തിന്റെ ആഘാതം ഇപ്പോൾ രൂക്ഷമായിരിക്കയാണ്. വെള്ളത്തിനു വേണ്ടി കുടവുമായി കാത്തിരിക്കുന്ന കാഴ്ച നഗരത്തിന്റെ എല്ലാ ഭാഗങ്ങളിലും കാണാൻ കഴിയും. പത്ത് വർഷം മുമ്പ് നഗരത്തിന്റെ പലഭാഗങ്ങളിലും പച്ചപ്പ് കാണാൻ കഴിയുമായിരുന്നു. ഇന്നിപ്പോൾ അവ പൂർണമായും ഇല്ലായിരിക്കുന്നു. ദീർഘകാലടിസ്ഥാനത്തിൽ നഗരത്തിന്റെ കുടിവെള്ള പ്രശ്നം എങ്ങനെ പരിഹരിക്കുമെന്നത് വലിയ ചോദ്യമായി അവശേഷിക്കുകയാണ്. നഗരാസൂത്രണത്തിലും എറേയൊന്നും മുന്നേറിയിട്ടില്ലെന്നതിന്റെ തെളിവ് നഗരമധ്യത്തിൽ കാണുന്ന കെട്ടിടങ്ങൾ തന്നെയാണ്. ആസൂത്രണമില്ലാതെ കെട്ടിപ്പൊക്കിയ കെട്ടിടങ്ങളാണ് എവിടെയും. എങ്കിലും ദിനംപ്രതി നഗരം മാറ്റത്തിന് വിധേയമായികൊണ്ടിരിക്കുന്നുവെന്നത് മറ്റൊരു പ്രത്യേകതയാണ്. എന്നാൽ ചെന്നൈയിലേക്ക് കുടിയേറുന്നവരെ ഇരുകൈയും നീട്ടി സ്വീകരിക്കാനുള്ള തമിഴകത്തിന്റെ മഹത്വത്തോട് മലയാളികൾ എപ്പോഴും കടപ്പെട്ടിരിക്കുന്നു.
അനുഭവങ്ങൾ പങ്കുവെക്കാംകുറിപ്പിനോടൊപ്പം പാസ്പോർട്ട് വലുപ്പത്തിലുള്ള ഫോട്ടോ കൂടി അയയ്ക്കുക. മലയാളത്തിലുള്ള കുറിപ്പുകൾ രണ്ടു പേജിനുള്ളിൽ ഒതുക്കുക. തിരഞ്ഞെടുക്കപ്പെടുന്ന മികച്ച കുറിപ്പുകൾ ഫോട്ടോ സഹിതം എല്ലാ ശനിയാഴ്ചകളിലും 'മഹാനഗരം' പേജിൽ പ്രസിദ്ധീകരിക്കും. സ്വന്തം മേൽവിലാസവും ഫോൺ നമ്പറും വ്യക്തമാക്കി രചനകൾ തപാലിലോ ഇ മെയിൽ വഴിയോ അയയ്ക്കുക.
വിലാസം : മാതൃഭൂമി, ന്യൂ നമ്പർ 71, ന്യൂ ഡെക്കോർ ടവേഴ്‌സ്, തേഡ് ഫ്ളോർ, ഡോ.രാധാകൃഷ്ണൻ ശാലൈ, മൈലാപ്പൂർ, ചെന്നൈ 600004. ഇമെയിൽ വിലാസം : mathruchennai@gmail.com ഫോൺ : 28112062 - 64. മൊബൈൽ നമ്പർ : 9840018128.********************************ടെക് ഷോ
വാട്സ് ആപ്പ് കൂടുതൽ മോഡേൺഇപ്പോൾ ഫെയ്സ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ് സഹസ്ഥാപകനായ ബ്രയാൻ ആക്ടൺ പുതിയ ഒരു ഫൗണ്ടേഷൻ തുടങ്ങാൻ പോകുന്നതായി ഫെയ്സ്ബുക്കിൽ പോസ്റ്റുചെയ്തു.ബ്രയാൻ ആക്ടൺ വാട്ട്സ്‌ആപ്പുമായി ബന്ധപ്പെട്ട്‌ എട്ട് വർഷം ചെലവഴിച്ചു. 2014 ൽ ഫെയ്സ്ബുക്ക് വാട്സ്‌ആപ്പിന്റെ 19 ബില്യൻ ഡോളർ പണവും സ്റ്റോക്കും വാങ്ങിയിരുന്നു. സ്റ്റാൻഫോർഡ് പൂർവ വിദ്യാർഥിയായ ആക്ടൺ 2009-ൽ ഉക്രെയ്നിയൻ കുടിയേറ്റക്കാരൻ ജാൻ കോമുമായി ചേർന്ന് വാട്സ്ആപ്പ് സ്ഥാപിച്ചു. ഇരുവരും യാഹുവിന്റെ മുൻ ജീവനക്കാരായിരുന്നു.വാട്സ്‌ആപ്പിൽ നിന്ന് ഈ വാരം ഇനിയുമുണ്ട് വാർത്തകൾ. നിലവിൽ വാട്സ്ആപ്പിൽ ഒരു സന്ദേശം മറ്റൊരാൾക്ക് നൽകിയാൽ അത് Unsend അല്ലെങ്കിൽ undo ചെയ്യുവാനുള്ള മാർഗമില്ല. എന്നാൽ കമ്പനി അതിനു മാറ്റം വരുത്തുന്നു. മാത്രമല്ല Unsend അല്ലെങ്കിൽ undo എന്ന സാധാരണ പ്രയോഗത്തിന് പകരം 'delete for everyone' എന്നായിരിക്കും വാട്സ്‌ആപ്പിൽ ഉണ്ടാകുന്ന ഓമനപ്പേര്. വാട്സ്‌ആപ്പിൽ വരുന്ന പുതിയ ഫീച്ചറുകൾ മാത്രം പുറത്ത് വിടുന്ന WA BetaInfo എന്ന സൈറ്റുകാരാണ് ഒരു ട്വീറ്റർ മെസേജിലൂടെ ഇത് പുറത്തുവിട്ടത്. സന്ദേശം അയച്ചതിനുശേഷം അഞ്ചു മിനിറ്റിനുള്ളിൽ ഉപയോക്താക്കൾക്ക് തിരിച്ചു വിളിക്കുവാൻ (recall) കഴിയുമെന്ന് ഇൻഡിപെൻഡന്റ് ലെ ഒരു റിപ്പോർട്ടും സൂചിപ്പിക്കുന്നു. ടെക്സ്റ്റ് സന്ദേശങ്ങൾ കൂടാതെ, ചിത്രങ്ങൾ, വീഡിയോകൾ, ജിഫുകൾ, ഡോക്യുമെൻറുകൾ എന്നിവയും തിരിച്ചു വിളിക്കുവാൻ കഴിയും. ഐ.ഒ.എസ്, ആൻഡ്രോയ്‌ഡ് ഉപഭോക്താക്കൾക്ക് ഒന്നിച്ചായിരിക്കും ഈ പുതിയ ഫീച്ചർ നിലവിൽ വരിക. വാട്സ്‌ആപ്പ് ഈ ഫീച്ചർ കുറച്ചു നാളായി കൊണ്ടുവരുവാൻ ശ്രമിക്കുന്നുണ്ട്.
ഗൂഗിളിന്റെ ചോദ്യങ്ങൾഎന്റെ ഫോണിന്റെ ബാറ്ററിയിൽ എന്ത് സംഭവിച്ചു. എന്റെ ഫോണിന് എപ്പോഴും സംഭരണ ശേഷിയില്ലാത്തത് എന്തുകൊണ്ട്?എന്റെ ഫോൺ ഇത്രയധികം മങ്ങിയ ഫോട്ടോകൾ എടുക്കുന്നത് എന്തിനാണ്?എന്തുകൊണ്ട് എന്റെ ഫോൺ എന്നെ മനസ്സിലാക്കുന്നില്ല?എന്തുകൊണ്ട് എന്റെ ഫോൺ സ്വയം അപ്ഡേറ്റ് ചെയ്യാൻ കഴിയുന്നില്ല?എന്റെ സ്മാർട്ട്ഫോൺ എന്തു കൊണ്ട് ഇത്രമാത്രം വേഗത കുറഞ്ഞ് ചൂടാകുന്ന, ദുർബലമായ, അലോസരപ്പെടുത്തുന്ന, തകർന്ന, ക്രൂരമായ, യാതൊരു വ്യക്തിപരമായ ബന്ധവും കാണിക്കാത്ത മണ്ടനാകുന്നു ഗൂഗിളിന്റെ പുതിയ പരസ്യമാണിത്. വിലയേറിയ ഐഫോൺ X നെ കുറിച്ച് കേട്ട് മനസ്സ് മടുത്തവർക്കുള്ള ആശ്വാസമായി ഗൂഗിളിന്റെ പിക്സൽ 2 സീരീസിലുള്ള ഫോണുകൾ വരുന്നതിന്റെ സൂചനയാണിത്. മേലെയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാണ് ആ ഫോണിലുള്ള ഫീച്ചറുകളുടെ ആകെ തുക എന്നും സൂചിപ്പിക്കുന്നു. ഗൂഗളിനുവേണ്ടി എച്ച്.ടി.സി. ആണ് പിക്സൽ 2 നിർമിക്കുന്നത്. രണ്ടാമത്തെ മോഡലായി പിക്സൽ 2 XL നിർമിക്കുന്നത് എൽ.ജിയും. madeby.google.com എന്ന സബ് ഡൊമൈനിൽ ആണ് ചോദ്യങ്ങളുടെ ഉത്തരങ്ങൾ. ഗൂഗിൾ പറയുന്നതിങ്ങനെ 'ലോകത്തെ ഏറ്റവും ഉയർന്ന റേറ്റിങ്‌ ഉള്ള സ്മാർട്ട്ഫോൺ ക്യാമറകളിലൊന്നാണ് ഇത്. ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ബാറ്ററി. നിങ്ങളുടെ എല്ലാ ഫോട്ടോകൾക്കും വീഡിയോകൾക്കുമായി പരിധിയില്ലാത്ത സംഭരണം.അന്തർനിർമിതമായ ഗൂഗിൾ അസിസ്റ്റന്റ് ഉപയോഗിക്കുന്ന ആദ്യ ഫോൺ ആണിത്'. ഐഫോണിനെയും സിരിയെയുമാണ് 'യാതൊരു വ്യക്തിപരമായ ബന്ധവും കാണിക്കാത്ത മണ്ടൻ' എന്നതു കൊണ്ട് ലക്ഷ്യമിടുന്നതെന്ന് വ്യക്തം. പിക്സൽ 2ന് 5 ഇഞ്ച് വലിപ്പവും പിക്സൽ XL നു 5.5 ഇഞ്ച് വലിപ്പവുമാണുള്ളത്. കൂടുതൽ വിവരങ്ങൾക്ക് madeby.google.com സന്ദർശിക്കുക.


VIEW ON mathrubhumi.com