സുന്ദരമീ നഗരം

എബിൻ മാത്യുനഗരത്തിലെ വൃത്തിഹീനമായി കിടക്കുന്ന മതിലുകളും മേൽപ്പാലങ്ങളുമെല്ലാം എങ്ങനെ സുന്ദരമാക്കാമെന്ന് കാണിച്ചുതരികയാണ് ബെംഗളൂരുവിലെ 'ദ അഗ്ലി ഇന്ത്യൻ' എന്ന സമൂഹികമാധ്യമ കൂട്ടായ്മ. മെട്രോ സ്റ്റേഷനുകൾ, മേൽപ്പാലങ്ങൾ, മതിലുകൾ തുടങ്ങിയ സ്ഥലങ്ങൾ ചിത്രങ്ങൾ വരച്ച് മനോഹരമാക്കുകയാണ് ഇവർ. കഴിഞ്ഞദിവസം നഗരത്തിലെ ആനന്ദ് റാവു സർക്കിൾ മേൽപ്പാലം ചിത്രപ്പണികൾകൊണ്ട് മനോഹരമാക്കിയതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ചെളിപിടിച്ച് വൃത്തികേടായി കിടന്ന മേൽപ്പാലത്തിന്റെ ഭിത്തികളിലും തൂണുകളിലുമെല്ലാം ഇപ്പോൾ കുതിച്ചുപായുന്ന കുതിരയുടെ ചിത്രങ്ങളാണ്. നഗരത്തിലെ മറ്റു മേൽപ്പാലങ്ങളും ഇതേരീതിയിൽ മനോഹരമാക്കാനൊരുങ്ങുന്നുണ്ട്. റോഡുകളും ഭിത്തികളും പരസ്യം പതിച്ചും മറ്റും വൃത്തികേടാക്കരുതെന്ന സന്ദേശം നഗരവാസികൾക്കു നൽകുകയാണ് അഗ്ലി ഇന്ത്യൻ കൂട്ടായ്മ.ഇവരോടൊപ്പം പങ്കാളികളാകാൻ നഗരത്തിലെ വിവിധസ്ഥാപനങ്ങളും സംഘടനകളും രംഗത്തുവരുന്നുണ്ട്. നഗരത്തിലെ പ്രമുഖ വാണിജ്യഗ്രൂപ്പായ ബ്രിഗേഡ് ഗ്രൂപ്പാണ് ആനന്ദറാവു സർക്കിളിൽ ചിത്രപ്പണിക്കായി മുന്നോട്ടുവന്നത്. പ്രദേശത്തെ രാഷ്ട്രീയ സാംസ്കാരികനേതാക്കളും നിരവധി പരിസ്ഥിതിപ്രേമികളും ഇവരോടൊപ്പം മേൽപ്പാലം ചിത്രപ്പണി ചെയ്യുന്നതിൽ പങ്കാളികളായി. സ്വാമി വിവേകാനന്ദ മെട്രോ സ്റ്റേഷനിൽ ബെംഗളൂരുവിന്റെ പരമ്പരാഗത ചിത്രപ്പണികളാണ് ഒരുക്കിയിരിക്കുന്നത്. യാത്രക്കാർക്കും ജീവനക്കാർക്കും ശല്യമാകാത്ത രീതിയിലാണ് മെട്രോ സ്റ്റേഷനുകളിൽ ചിത്രപ്പണികൾ ചെയ്യുന്നത്. എം.ജി. റോഡ് സ്റ്റേഷനിൽ ചിത്രപ്പണികൾക്കൊപ്പം തന്നെ വിവിധ ഇൻസ്റ്റലേഷനുകളും ഒരുക്കിയിട്ടുണ്ട്. ഓൾഡ് മദ്രാസ് റോഡിലെ ഭിത്തികളും ചിത്രപ്പണികൾക്കൊണ്ട് ഗംഭീരമാക്കിയിരിക്കുകയാണ് അഗ്ലി ഇന്ത്യൻ കൂട്ടായ്മ. നഗരത്തിലെ ഒരുകൂട്ടം യുവാക്കളാണ് ഈ കൂട്ടായ്മയ്ക്കുപിന്നിൽ പ്രവർത്തിക്കുന്നത്. പരിസ്ഥിതിസ്നേഹികളും ഇവരോടൊപ്പം പ്രവർത്തിക്കുന്നുണ്ട്. ഉദ്യാനനഗരിയെ സുന്ദരനഗരമാക്കി വാർത്തെടുക്കുകയാണ് ഇവരുടെ ലക്ഷ്യം. എച്ച്.എസ്.ആർ. ലേഔട്ടിലെ ഭിത്തികളിൽ നിറഞ്ഞുനിൽക്കുന്നത് പ്രകൃതി തന്നെയാണ്. പച്ചനിറത്തിൽ പരിസ്ഥിതിസൗഹൃദപരമായ ചിത്രപ്പണികളാണ് ഇവിടെ ചെയ്തിരിക്കുന്നത്. ചിത്രങ്ങൾ മായ്ച്ച് കളയാനോ നശിപ്പിക്കാനോ ആരും തുനിഞ്ഞിട്ടില്ലെന്ന് ദ അഗ്ലി ഇന്ത്യൻ കൂട്ടായ്മയിലെ അംഗങ്ങൾ പറയുന്നു. ബെമൽ ഡി.ആർ.ഡി.ഒ. കോംപ്ലക്സിന്‌ സമീപം മാലിന്യക്കൂമ്പാരമായി കിടന്ന സ്ഥലം മനോഹരമായ പൂന്തോട്ടമാക്കി മാറ്റി മതിലിൽ ചിത്രപ്പണികൾ ചെയ്തത് ആരെയും അമ്പരിപ്പിക്കും. കൂട്ടായ്മയിലെ അംഗങ്ങൾ തന്നെയാണ് മാലിന്യം നീക്കി പൂന്തോട്ടമാക്കി മാറ്റിയത്. ചെടികളെ പരിപാലിക്കുന്നതും ഇവർതന്നെയാണ്. ബെല്ലന്ദൂർ മേൽപ്പാലത്തിന്റെ ഭിത്തികളിലും കലാസൃഷ്ടികൾ തീർത്തിട്ടുണ്ട്. ഇത്രയും നാൾ ഭിത്തികളിൽ അനധികൃതമായി സ്ഥാപിച്ച പോസ്റ്ററുകളും ബാനറുകളും മറ്റുമായിരുന്നു ഇടംപിടിച്ചിരുന്നത്. **********************************സാഹസികരെ കാത്ത്'തടിയന്റമോൾ' കൊടുമുടി എം. എസ്. ശരത്‌നാഥ്
കൊടുമുടികൾ കീഴടക്കാൻ താത്പര്യപ്പെടുന്നവർക്ക് തുടക്കമെന്ന നിലയിൽ പരീക്ഷിക്കാവുന്നതാണ് കുടകിലെ ഏറ്റവുംവലിയ കൊടുമുടിയായ തടിയന്റമോൾ. കുടകിലെ മടിക്കേരി താലൂക്കിലെ ഭാഗമണ്ഡല റിസർവ് വനത്തിലുള്ള തടിയന്റമോൾ കർണാടകത്തിലെ ഏറ്റവും ഉയരംകൂടിയ മൂന്നാമത്തെ കൊടുമുടിയുമാണ്. സമുദ്രനിരപ്പിൽനിന്ന് 1,748 മീറ്റർ ഉയരത്തിലാണ് ഈ കൊടുമുടി. കുടകിലെ പ്രാദേശികഭാഷയായ 'കൊടവ'യ്ക്ക്‌ 'വലിയ മല' എന്നാണ് അർഥം. മൈസൂരുവിൽനിന്ന് 140 കിലോമീറ്ററാണ് ദൂരം. തടിയന്റമോൾ കൊടുമുടി കയറാൻ രാവിലെ എട്ടിനാണ് മൈസൂരുവിൽനിന്ന് സന്തതസഹചാരിയായ 'യമഹ റേ സെഡിൽ' യാത്ര പുറപ്പെട്ടത്. സുഹൃത്തുക്കൾ ആരുമില്ലാത്തതിനാൽ ഒറ്റയ്ക്കായിരുന്നു യാത്ര. ഹുൻസൂർ, ഗോണിക്കുപ്പ വഴി വീരാജ്‌പേട്ടയിലെത്തി. തുടർന്ന് മടിക്കേരി റോഡിലൂടെ ഏതാനും കിലോമീറ്റർ സഞ്ചരിച്ചശേഷം തലക്കാവേരി റോഡിലേക്ക് പ്രവേശിച്ച് കക്കബെ ലക്ഷ്യമാക്കി കുതിച്ചു. കക്കബെ എത്തുന്നതിന് ഒന്നരകിലോമീറ്റർ മുമ്പായി ഇടതുവശത്ത് പാലസ് സ്റ്റോപ്പ് എന്ന സ്ഥലമുണ്ട്. ഇവിടെനിന്നാണ് കൊടുമുടിയിലേക്കുള്ള പ്രവേശനമാർഗം. ബസിൽ വരുന്നവർക്ക് ഇവിടെയിറങ്ങാം. എന്നാൽ സ്വകാര്യവാഹനമാണെങ്കിൽ വീണ്ടും നാലുകിലോമീറ്റർകൂടി മുകളിലേക്ക് പോവാൻ സാധിക്കും. സ്കൂട്ടറായതിനാൽ പോവാൻ തീരുമാനിച്ചു. ഏതാനും വളവുകൾ പിന്നിട്ടശേഷമാണ് അവസ്ഥ ഭീകരമാണെന്ന യാഥാർഥ്യം മനസ്സിലായത്. ഹിമാലയൻ റൈഡിന് പോയ പ്രതീതി. അടുത്തിടെയുണ്ടായ മഴയിൽ റോഡ് ഭൂരിഭാഗവും ഒലിച്ചുപോയിരിക്കുന്നു. ശേഷിക്കുന്നത് കുഴികളും വലിയ കല്ലുകളും മാത്രം. 110 സി.സി. എൻജിനുള്ള സ്കൂട്ടറായതിനാൽ കയറുന്നില്ല. സഹായിക്കാൻ അടുത്തെങ്ങും ആളില്ല. ഒടുവിൽ ഇറങ്ങി വണ്ടി സ്റ്റാർട്ട് മോഡിലിട്ടശേഷം തള്ളിക്കയറ്റിയും ഓടിക്കാൻ പറ്റുന്നിടത്തുവെച്ച് ഓടിച്ചും ഒരുവിധം മുകളിലെത്തിച്ചു. അങ്ങനെ ഉച്ചയ്ക്ക് 12.45-ഓടെ 1,200 മീറ്റർ ഉയരത്തിലുള്ള വാഹനപാർക്കിങ് സ്ഥലത്തെത്തി വണ്ടി പാർക്കുചെയ്തു. ഇവിടംതൊട്ട് ഇനി ട്രക്കിങ്. നാലുചുറ്റും നിബിഡ വനം മാത്രം. ആനശല്യം ഏറെയുള്ള മേഖലയാണിത്. രണ്ടുമാസം മുമ്പുവരെ ആനയിറങ്ങിയിരുന്നതായി വിവരം ലഭിച്ചിരുന്നു. ആനശല്യം ഏറിയതിനെത്തുടർന്ന് കഴിഞ്ഞവർഷമാണ്‌ വനംവകുപ്പ് ഇവിടെ ട്രക്കിങ്ങിന് വിലക്കേർപ്പെടുത്തിയത്‌. റോമൻസ് സിനിമയിലെ 'എല്ലാമറിഞ്ഞുകൊണ്ട് അങ്ങ് റോമീന്നെത്തിയ അച്ഛൻമാരെപ്പോലെ' ആനശല്യത്തെക്കുറിച്ച് എല്ലാമറിയുന്നതിനാലും ഒറ്റയ്ക്കായതിനാലും പേടി ഇല്ലാതില്ല. വണ്ടി സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയശേഷം മുകളിലേക്ക് കയറാൻ ആരംഭിച്ചു. ഇവിടെനിന്ന് 548 മീറ്റർ ഉയരത്തിലാണ് കൊടുമുടി. നാലുകിലോമീറ്റർ ദൂരം താണ്ടണം. സാധാരണറോഡിൽ നാലുകിലോമീറ്റർ എന്നത് ഒരുദൂരമല്ലെങ്കിലും മലമുകളിലേക്കുള്ള കയറ്റം ഒരുദൂരം തന്നെയാണ്. ചുറ്റുപാടും വൻമരങ്ങൾ. പേടിപ്പെടുത്തുന്ന അന്തരീക്ഷം. ആനയിറങ്ങിയാൽ ഓടാൻ ഒരുവഴിയുമില്ല. എന്തായാലും വരുന്നിടത്തുവെച്ച് കാണാം എന്നുവിചാരിച്ച് മുന്നോട്ടുനടന്നു. അരകിലോമീറ്റർ ദൂരം പിന്നിട്ടപ്പോൾ വനംവകുപ്പിന്റെ ടിക്കറ്റ് കൗണ്ടറിനരികിലെത്തി. കൗണ്ടർ എന്നുപറഞ്ഞാൽ മണ്ണുകൊണ്ട് നിർമിച്ച ഒരുമുറി. ഇവിടെയാണ് ടിക്കറ്റ് വിൽപ്പനയും വനംവകുപ്പ് ജീവനക്കാരുടെ താമസവും. സന്ദർശകരുടെ പേരുംസ്ഥലവും മൊബൈൽനമ്പറും ഇവിടെ രേഖപ്പെടുത്തും. 20 രൂപയാണ് പ്രവേശനനിരക്ക്. വൈകീട്ട് ആറിന് തിരിച്ചെത്തണമെന്ന നിർദേശം വനംവകുപ്പ് ജീവനക്കാരൻ നൽകി. രണ്ടുവർഷം മുമ്പുവരെ മലമുകളിൽ ടെന്റ് അടിച്ച് ക്യാപിങ് ചെയ്യാൻ അനുവദിച്ചിരുന്നെങ്കിലും ആനശല്യവും മറ്റും കാരണം ഇപ്പോൾ നിരോധനമേർപ്പെടുത്തി. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് പ്രവേശനസമയം. ടിക്കറ്റ് കൗണ്ടറിൽനിന്ന് മലമുകളിലേക്ക് ഇനി മൂന്നരകിലോമീറ്റർ ദൂരം താണ്ടണം. വീണ്ടും നടത്തം ആരംഭിച്ചു. മലഞ്ചെരിവിലൂടെ മുകളിലേക്ക് കയറാൻ തുടങ്ങി. ഒന്നരകിലോമീറ്റർ കഴിഞ്ഞപ്പോൾ ഒരുസംഘം സ്കൂൾ വിദ്യാർഥികളെ കണ്ടുമുട്ടി. എന്നാൽ മലമുകളിലേക്ക് കയറുകയല്ല മറിച്ച് കാട്ടിൽവെച്ച് സെൽഫിയും ഫോട്ടോകളും എടുക്കുക മാത്രമാണ് അവരുടെ ഉദ്ദേശമെന്ന് മനസിലായതോടെ വീണ്ടും സഞ്ചാരം തുടർന്നു. നട്ടുച്ചയായിട്ടും ചൂട് ലവലേശമില്ല. പ്രകൃതിയുടെ തണുപ്പിന്റെ ഫീൽ നൽകാൻ ലോകത്തിലെ ഒരു എ.സി.ക്കും സാധിക്കില്ലെന്ന് മനസ്സിലായി. പെട്ടെന്ന് ആകാശംമുഴുവൻ കോടമഞ്ഞ് വ്യാപിച്ചു. അപ്പോഴത്തെ കാഴ്ച കണ്ടറിയേണ്ടതാണ്. ഒടുവിൽ കൊടുമുടിയിലേക്കുള്ള 90 ശതമാനം ഭാഗം പിന്നിട്ടു. അപ്പോഴാണ് അപ്രതീക്ഷിതമായി മഴയെത്തിയത്. നല്ല കട്ട മഴ. ഇനി ഷോല വനങ്ങൾക്കിടയിലൂടെ കുത്തനെ കയറണം. മഴകാരണം മുകളിൽനിന്ന് വെള്ളം ഒലിച്ചുവരുന്നു. വേരുകളിലും കല്ലുകളിലും പിടിച്ചുകയറണം. അങ്ങനെ സാമാന്യം ബുദ്ധിമുട്ടി മുകളിലെത്തി. അവിടെനിന്നുള്ള കാഴ്ച വർണനാതീതം. മേഘങ്ങളെ കൈകൊണ്ട് തൊടാൻ സാധിക്കും. തിരിച്ചിറക്കം പതിവുപോലെ എളുപ്പമായിരുന്നു. എന്നാൽ മലകയറ്റത്തേക്കാൾ ശ്രദ്ധവേണ്ടത് തിരിച്ചിറങ്ങുമ്പോഴാണ്. തെന്നിവീഴാൻ സാധ്യതയുണ്ട്. എന്നാൽ പ്രശ്നങ്ങളൊന്നുമില്ലാതെ താഴെയെത്തി. വർഷത്തിൽ എല്ലാസമയവും തടിയന്റമോൾ കൊടുമുടിയിലേക്ക് സന്ദർശകർക്ക് പ്രവേശിക്കാം. വീരാജ്‌പേട്ട, മടിക്കേരി എന്നിവിടങ്ങളിൽനിന്ന് ഇവിടേക്ക് വാഹനസൗകര്യം ലഭ്യമാണ്. കക്കബെയാണ് ഏറ്റവുമടുത്ത ടൗൺ. **************************************നായകൻ നായികയാകുന്ന തമിഴകംഅനുരഞ്ജ് മനോഹർശ്ശെടാ..ആണ്‍വേഷത്തിനേക്കാളും ഈ താരത്തിന് പെണ്‍വേഷമാ കൂടുതല്‍ നല്ലത് എന്ന് പറയിപ്പിച്ച ഒട്ടനവധി പെണ്‍ കഥാപാത്രങ്ങള്‍ നായകന്മാരുടെ സൃഷ്ടിയായി കോളിവുഡിലുണ്ടായിട്ടുണ്ട്. അവ്വൈ ഷണ്‍മുഖി മുതല്‍ റെമോ വരെ നീളുന്ന തമിഴകത്ത് തരംഗമാകാന്‍ വീണ്ടും നായകന്മാര്‍ പെണ്‍വേഷത്തിലെത്തുകയാണ്. ഇത്തവണ പുത്തന്‍ താരോദയം വിജയ് സേതുപതിയും റിയാസ് ഖാനുമാണ് പെണ്‍വേഷത്തിലെത്തി പ്രേക്ഷകരെ രസിപ്പിക്കാനൊരുങ്ങുന്നത്.വിജയ് സേതുപതി എപ്പോഴും വ്യത്യസ്തങ്ങളായ വേഷങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ മികവ് തെളിയിച്ച നടനാണ്. അതിന് അടിവരയിട്ടുകൊണ്ട് വിജയ് സേതുപതി അടുത്ത ചിത്രത്തിനായി ഗംഭീര മേക്ക് ഓവറാണ് സ്വീകരിച്ചിരിക്കുന്നത്. കോളിവുഡ് ആരാധകര്‍ക്കായി ഒരു പെണ്‍ വേഷത്തിലാണ് താരം സൂപ്പര്‍ ഡീലക്‌സ് എന്ന ചിത്രത്തിലൂടെ എത്തുന്നത്. ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭിന്നലിംഗക്കാരിയായ കഥാപാത്രത്തെയാണ് വിജയ് സേതുപതി അഭ്രപാളിയിലേക്ക് പകര്‍ത്തുന്നത്. അതിനുമുന്നോടിയായി പിങ്ക് നിറത്തിലുള്ള സാരിയും കൂളിങ് ഗ്ലാസും ധരിച്ച് പുഞ്ചിരിച്ചുനില്‍ക്കുന്ന ചിത്രം താരം തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നു. ചിത്രം കാട്ടുതീപോലെ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. അനീതി കഥൈകള്‍ എന്ന പേരാണ് ചിത്രത്തിന് ആദ്യം നല്‍കിയിരുന്നതെങ്കിലും പിന്നീട് സൂപ്പര്‍ ഡീലക്‌സ് എന്ന പേരിലേക്ക് മാറ്റുകയായിരുന്നു. വിജയ് സേതുപതിയ്‌ക്കൊപ്പം ഫഹദ് ഫാസിലും സാമന്തയും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഉശിരന്‍ വില്ലന്‍ വേഷങ്ങളിലൂടെ മലയാളികളുടെ മനം കവര്‍ന്ന കേരളത്തിന്റെ സ്വന്തം മസില്‍മാന്‍ റിയാസ്ഖാന് തെലുങ്ക്, തമിഴ് സിനിമകളിലൊക്കെ വലിയ ആരാധകവൃന്ദമുണ്ട്. വിജയ് സേതുപതി പെണ്‍വേഷത്തിലെത്തുംമുന്‍പേ തെന്നിന്ത്യയില്‍ ചര്‍ച്ചാവിഷയമായത് റിയാസ് ഖാന്‍ ആദ്യമായി ചെയ്യാനൊരുങ്ങുന്ന പെണ്‍വേഷമായിരുന്നു. വിളയാട് ആരംഭം എന്ന തമിഴ് ചിത്രത്തിലാണ് താരം പെണ്‍വേഷത്തിലെത്തി ആരാധകരെ അത്ഭുതപ്പെടുത്തുന്നത്. ചിത്രത്തിനായി ശരീരഭാരം കുറച്ചും മെലിഞ്ഞുമൊക്കെയാണ് അദ്ദേഹം സ്ത്രീകഥാപാത്രത്തെ ഏറ്റെടുത്തിരിക്കുന്നത്. ഫേസ്ബുക്ക് പേജിലൂടെ റിയാസ്ഖാന്‍ തന്റെ പെണ്‍വേഷത്തിലെത്തിയ ചിത്രം ആരാധകരുമായി പങ്കുവെച്ചു. ഇതോടൊപ്പം ചുവന്ന സാരിയും നെറ്റിയില്‍ വലിയ പൊട്ടും കുത്തിയുള്ള മറ്റൊരു സ്ത്രീവേഷവും താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ഒരു സീരിയലിനുവേണ്ടിയാണ് റിയാസ്ഖാന്‍ ഇത്തരത്തിലൊരു മേക്ക് ഓവര്‍ നടത്തിയത്.മുന്‍കാലങ്ങളിലും നായകന്മാര്‍ നായികമാരായി തമിഴകത്ത് കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്. അക്കൂട്ടത്തില്‍ എന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്ന കഥാപാത്രമാണ് കമല്‍ഹാസന്‍ അനശ്വരമാക്കിയ അവൈ ഷണ്‍മുഖി എന്ന കഥാപാത്രം.


VIEW ON mathrubhumi.com