കരാറുകാരുടെ സമരം; മാലിന്യം കുന്നുകൂടി

ബെംഗളൂരു:നഗരത്തിലെ ശുചീകരണ തൊഴിലാളികള്‍ക്ക് നേരിട്ട് വേതനം നല്‍കാനുള്ള ബി.ബി.എം.പി.യുടെ നീക്കത്തില്‍ പ്രതിഷേധിച്ച് മാലിന്യംനീക്കുന്ന കരാറുകാരുടെ സമരം തുടരുന്നു. ഇതിനെത്തുടര്‍ന്ന് നഗരത്തില്‍ മാലിന്യം കുന്നുകൂടി.

മാലിന്യപ്രശ്‌നം രൂക്ഷമാകുമെന്നുകണ്ട് സര്‍ക്കാര്‍ സമരത്തിലുള്ള കരാറുകാര്‍ക്കുനേരേ എസ്മ (അവശ്യ സേവന നിയമം) പ്രയോഗിച്ചു. മാലിന്യം നീക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിട്ടുള്ള ജീവനക്കാര്‍ അടുത്ത ഒരുവര്‍ഷത്തേക്ക് സമരം നടത്തുന്നത് വിലക്കിയിട്ടുണ്ട്.

കരാര്‍സമ്പ്രദായം ഒഴിവാക്കി തൊഴിലാളികള്‍ക്കു നേരിട്ട് വേതനംനല്‍കാനുള്ള നീക്കത്തിനെതിരേ ഒരു മാസത്തിനിടെ രണ്ടാംതവണയാണ് കരാറുകാര്‍ സമരംനടത്തുന്നത്. സമരത്തിലുള്ള കരാറുകാര്‍ മാലിന്യം കൊണ്ടുപോകുന്നത് നിര്‍ത്തിയതുകൂടാതെ ശുചീകരണ തൊഴിലാളികളെ പണിയെടുക്കാന്‍ സമ്മതിക്കുന്നില്ലെന്നും ബി.ബി.എം.പി. അധികൃതര്‍ പറഞ്ഞു. കരാറുകാര്‍ തൊഴിലാളികളെ ഭീഷണിപ്പെടുത്തി മാലിന്യം നീക്കുന്നതില്‍നിന്ന് പിന്തിരിപ്പിക്കുന്നതായും ബി.ബി.എം.പി. പറഞ്ഞു. കരാര്‍ സമ്പ്രദായത്തിലൂടെ തന്നെ തൊഴിലാളികള്‍ക്കു വേതനം നല്‍കണമെന്നാണ് സമരക്കാരുടെ ആവശ്യം. സമരത്തെത്തുടര്‍ന്ന് കെ.ആര്‍. മാര്‍ക്കറ്റുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ മാലിന്യം കുന്നുകൂടിയിട്ടുണ്ട്.VIEW ON mathrubhumi.com