പുതിയ വ്യോമ പാതയിലൂടെ ഖത്തര്‍ എയര്‍വേയ്‌സ് തുടങ്ങി

ദോഹ: ബഹ്റൈന്‍ അനുവദിച്ച പുതിയ വ്യോമ പാതയിലൂടെ ഖത്തര്‍ എയര്‍വേയ്സും അന്താരാഷ്ട്ര വിമാനങ്ങളും സര്‍വീസ് തുടങ്ങിയതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.

മോണ്‍ട്രിയയില്‍ ഐക്യരാഷ്ട്രസഭയുടെ സിവില്‍ ഏവിയേന്‍ ഓര്‍ഗനൈസേഷന്റെ (ഐ.സി.എ.ഒ.) അസാധാരണ എക്‌സിക്യൂട്ടീവ് യോഗത്തിലെ തീരുമാനപ്രകാരമാണ് ബഹ്റൈന്‍ നിരോധനത്തില്‍ ഇളവ് നല്‍കിയത്. സൗദിസഖ്യം വ്യോമ ഉപരോധം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നുണ്ടായ പ്രത്യാഘാതങ്ങള്‍ വിശദീകരിച്ചുകൊണ്ട് ഐ.സി.എ.ഒ.ക്ക് ഖത്തര്‍ പരാതി നല്‍കിയിരുന്നു. ഖത്തര്‍ സമര്‍പ്പിച്ച സാങ്കേതികഫയലിന്റെ അടിസ്ഥാനത്തിലാണ് സമിതിയോഗം വ്യോമപാത അനുവദിക്കാന്‍ ബഹ്റൈന് നിര്‍ദേശം നല്‍കിയത്.

യു.എ.ഇ.യുടെ ഉത്തരവാദിത്തത്തിലുള്ള അറേബ്യന്‍ ഗള്‍ഫിന് മുകളിലൂടെയാണ് തിങ്കളാഴ്ച മുതല്‍ ഖത്തര്‍ എയര്‍വേയ്സ് പറന്ന് തുടങ്ങിയതെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചെയര്‍മാന്‍ അബ്ദുല്ല ബിന്‍ നാസ്സര്‍ തുര്‍ക്കി അല്‍ സുബൈ പറഞ്ഞു. അറേബ്യന്‍ ഗള്‍ഫ്, അറേബ്യന്‍ കടല്‍, ഒമാന്‍ കടല്‍ എന്നിവയുടെ മുകളിലൂടെ സര്‍വീസ് അനുവദിക്കണമെന്ന ആവശ്യമാണ് ഖത്തര്‍ ഐ.സി.എ.ഒ.ക്ക് മുമ്പില്‍ വെച്ചത്.

അന്താരാഷ്ട്ര സമുദ്രത്തിന് മുകളിലൂടെയുള്ള പുതിയ വ്യോമപാത അനുവദിച്ചത് രാജ്യത്തിന്റെ വലിയവിജയമാണ്. ചിക്കാഗോ ഉടമ്പടി സൗദി സഖ്യം അനുസരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഐ.സി.എ.ഒ.യെ ബോധ്യപ്പെടുത്തുന്നതില്‍ ഖത്തര്‍ വിജയിച്ചുവെന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ സൗകര്യപ്രദവും വിമാനങ്ങളുടെ സുരക്ഷയും ശക്തമാക്കുന്നതാണ് പുതിയ വ്യോമപാതയെന്നും അദ്ദേഹം വ്യക്തമാക്കി.

ചിക്കാഗോ ഉടമ്പടി എല്ലാരാജ്യങ്ങളും പാലിക്കണമെന്ന് മോണ്‍ട്രിയലില്‍നടന്ന യോഗത്തിന് ശേഷം ഐ.സി.എ.ഒ. സൗദി സഖ്യത്തോട് ആഹ്വാനം ചെയ്തിരുന്നു. ഓഗസ്റ്റ് പതിനേഴ് മുതല്‍ കൂടുതല്‍ വ്യോമപാത ഖത്തറിന് തുറന്ന് നല്‍കുമെന്നും ബഹ്റൈന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.VIEW ON mathrubhumi.com