ന്യൂണ്‍ബര്‍ഗ് മലയാളി സമാജം ഓണം ആഘോഷിച്ചു

എര്‍ലാങ്ങന്‍: ന്യൂണ്‍ബര്‍ഗ് മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം നടത്തി. വടക്കന്‍ ബയേണിലെ ന്യൂണ്‍ബര്‍ഗിനടുത്തുള്ള എര്‍ലാങ്ങന്‍ പട്ടണത്തില്‍ സെന്റ് തോമസ് ഇവാജ്ജലിക്കല്‍ പള്ളിഹാളില്‍ രാവിലെ പതിനൊന്നരയോടെ ആഘോഷങ്ങള്‍ ആരംഭിച്ചു ജീനുവും ദിയയും ചേര്‍ന്ന് ആലപിച്ച പ്രാര്‍ത്ഥനാഗാനത്തിനു ശേഷം കേരളത്തിന്റെ മനോഹാരിതയും സാംസ്‌കാരിക പൈതൃകങ്ങളും കലാരൂപങ്ങളും കോര്‍ത്തിണക്കി കേരള ടൂറിസം കോര്‍പ്പറേഷന്‍ രൂപപ്പെടുത്തിയ ഹ്രസ്വചിത്രം പ്രദര്‍ശിപ്പിച്ചു.
മോണ്‍: റവ.ഡോ. മാത്യു കിളിരൂര്‍ അദ്ധ്യക്ഷ്യം വഹിച്ച പൊതു യോഗത്തില്‍ ഒഫീറ ഗംലിയേല്‍ വിശിഷ്ടാതിഥിയായിരുന്നു. ന്യൂണ്‍ബര്‍ഗ് മലയാളി സമാജം പ്രസിഡന്റ് ഡോ.സുനീഷ് ജോര്‍ജ് ആലുങ്കല്‍ സ്വാഗതം ആശംസിച്ചു. ഓണാഘോഷങ്ങളുടെയും കൂട്ടായ്മയുടെയും അവ പുതുതലമുറകളിലേയ്ക്ക് പകര്‍ന്നു നല്‍കേണ്ടതിന്റെ പ്രാധാന്യത്തെയും ഓര്‍മ്മപ്പെടുത്തി മോണ്‍: മാത്യു കിളിരൂര്‍ പ്രസംഗിച്ചു.
ഇസ്രായേല്‍ വംശജയും കേരളത്തിലെ യഹൂദരെക്കുറിച്ചുള്ള പഠനത്തില്‍ ഗവേഷണബിരുദധാരിയുമായി ഒഫീറ ഗംലിയേല്‍ മലയാളത്തില്‍ ഓണസന്ദേശം നല്‍കി. പ്രദേശത്തെ കുട്ടികള്‍ക്കായി മലയാളി സമാജം ആരംഭിച്ച മലയാള ഭാഷാ പഠനത്തിനുള്ള പള്ളിക്കൂടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും അതിനായി പ്രവര്‍ത്തിക്കുന്ന അധ്യാപകരെ ചടങ്ങില്‍ ആദരിക്കുകയും ചെയ്തു.
പുതുതലമുറയിലെ അഞ്ചു, നിരഞ്ജന, ആദി,വിനയ് എന്നിവര്‍ വിവിധതരം ഗാനങ്ങള്‍ ആലപിച്ചു. കുട്ടികളുടെ സംഘം അവതരിപ്പിച്ച ഓണപ്പാട്ട് പുതുതലമുറയിലെ മലയാളഭാഷയുടെയും സംസ്‌കാരത്തിന്റെയും സ്വാധീനം വെളിവാക്കുന്നതായിരുന്നു.
സരിതയുടെ നേതൃത്വത്തില്‍ തിരുവാതിര, സരിത/നീനു ജോഡിയുടെ നൃത്തം, ആല്‍ഫിയുടെ നേതൃത്വത്തില്‍ നാടന്‍പാട്ടും അരങ്ങേറി.
ലോകമെമ്പാടും വൈറലായി മാറിയ വെളിപാടിന്റെ പുസ്തകം എന്ന സിനിമയിലെ 'ജിമിക്കിക്കമ്മല്‍' ഗാനം ഹെര്‍സോഗെനൗറാഹ് എന്ന പട്ടണത്തിലെ മലയാളി കൂട്ടായ്മ നടത്തി.
വിജയകുമാര്‍ മാവേലിയായും ലക്ഷ്മിനാരായന്‍ പുലിയായും വേഷമിട്ട് മലയാളിത്തനിമയോടെ തന്നെ ഓണത്തിന്റെ ആവേശം നിലനിര്‍ത്തി. പരിപാടികളുടെ അവതാരകനായിരുന്ന സുദീപ് വാമനന്‍ ഏറെ തിളങ്ങി. സതീഷ് രാജന്‍ കൃതജ്ഞത അര്‍പ്പിച്ചു.
പതിനെട്ടിന കറികളും രണ്ടിനപായസവും കൂടി വിഭവസമൃദ്ധവും രുചികരമായ ഓണസദ്യ തയ്യാറാക്കിയവരെ അനുമോദിച്ചു. രജനീഷ് ഉണ്ണികൃഷ്ണന്‍ ഭക്ഷണക്രമീകരണത്തിനു നേതൃത്വം നല്‍കി. പി.കെ വിഷ്ണുവിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധയിനം കായിക വിനോദ മത്സരങ്ങളും നടത്തി.
രഞ്ജു തോമസ്, ബിനോയ് വര്‍ഗീസ്, സുജിത് മാനുവല്‍, സതീഷ് രാജന്‍ എന്നിവര്‍ പരിപാടികള്‍ക്ക് ആദ്യന്തം നേതൃത്വം നല്‍കി. സതീഷ് രാജന്റെ നേതൃത്വത്തില്‍ തയാറാക്കിയ അത്തപ്പൂക്കളം ശ്രദ്ധേയമായി.പി.കെ. ദീപ്ത് ശബ്ദസാങ്കേതിക സഹായം നല്‍കി. അന്‍വര്‍, ജെന്‍സണ്‍, വിഷ്ണു എന്നിവര്‍ ഫോട്ടോഗ്രാഫിയും, രാജേഷ് കുമാര്‍ വീഡിയോഗ്രാഫിയും കൈകാര്യം ചെയ്തു. സമ്മാനദാനത്തിന് ശേഷം നടന്ന ചായസല്‍ക്കാരത്തോടെ ആഘോഷങ്ങള്‍ സമാപിച്ചു.
ജോസ് കുമ്പിളുവേലില്‍


VIEW ON mathrubhumi.com