കൂട്ടപ്പിരിച്ചുവിടലിന് പിന്നാലെ രാജിവെച്ച് 'വാഷിങ്ടൺ പോസ്റ്റ്' പ്രസാധകനും സിഇഒയുമായ വിൽ ലൂയിസ്

വാഷിങ്ടൺ: ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടലിന് പിന്നാലെ രാജി പ്രഖ്യാപിച്ച് 'വാഷിങ്ടൺ പോസ്റ്റ്' പ്രസാധകനും സിഇഒയുമായ വിൽ ലൂയിസ്. സഹപ്രവർത്തകർക്ക് അയച്ച ഇമെയിൽ സന്ദേശത്തിലാണ് അദ്ദേഹം സ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ചത്. പത്രത്തിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായ ജെഫ് ഡി ഓനോഫ്രിയോ താത്കാലികമായി പ്രസാധകന്റെ ചുമതല ഏറ്റെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
സ്ഥാനമൊഴിയാൻ ഇതാണ് ശരിയായ സമയമെന്ന് കുറിച്ചാണ് വിൽ ലൂയിസ് ജീവനക്കാർക്ക് സന്ദേശമയച്ചത്. വാഷിങ്ടൺ പോസ്റ്റിന്റെ സുസ്ഥിരമായ ഭാവി ഉറപ്പാക്കുന്നതിനായി ബുദ്ധിമുട്ടുള്ള ചില തീരുമാനങ്ങൾ സ്വീകരിക്കേണ്ടിവന്നെന്നും സന്ദേശത്തിലുണ്ടായിരുന്നു. ഇതിനുപുറമേ പത്രത്തിന്റെ ഉടമയായ ജെഫ് ബെസോസിനെ അദ്ദേഹം പ്രശംസിക്കുകയുംചെയ്തു. സ്ഥാപനത്തിന് ഇതിലും മികച്ച ഒരു ഉടമയെ ലഭിക്കാനില്ലെന്നായിരുന്നു ലൂയിസിന്റെ വാക്കുകൾ. രണ്ട് പാരഗ്രാഫ് മാത്രമുള്ള ഇമെയിൽ സന്ദേശത്തിൽ കൂടുതൽ വിവരങ്ങളൊന്നും അദ്ദേഹം സൂചിപ്പിച്ചിട്ടില്ല. ജെഫ് ഡി ഓനോഫ്രിയോ താത്കാലികമായി തന്റെ ചുമതല ഏറ്റെടുക്കുമെന്നും സന്ദേശത്തിലുണ്ടായിരുന്നു. അതേസമയം, ദിവസങ്ങൾക്ക് മുൻപുണ്ടായ കൂട്ടപ്പിരിച്ചുവിടൽ പ്രഖ്യാപിച്ച യോഗത്തിൽ വിൽ ലൂയിസ് പങ്കെടുത്തിരുന്നില്ല.
നേരത്തേ വോൾസ്ട്രീറ്റ് ജേണലിൽ ഉന്നതപദവി വഹിച്ചിരുന്ന വിൽ ലൂയിസ് 2024 ജനുവരിയിലാണ് വാഷിങ്ടൺ പോസ്റ്റിൽ ചുമതലയേറ്റത്. സ്ഥാപനത്തിലെ പുനഃക്രമീകരണങ്ങളുടെ ഭാഗമായി ന്യൂസ് റൂമുകളിൽനിന്നുള്ള പല പിരിച്ചുവിടലുകളും എക്‌സിക്യൂട്ടീവ് എഡിറ്റർ സാലി ബുസ്ബിയുടെ വിടവാങ്ങലുമെല്ലാം ലൂയിസിന്റെ കാലയളവിലായിരുന്നു. വാർത്തകൾക്കായി പണം നൽകുന്നതടക്കമുള്ള ആരോപണങ്ങളും ജീവനക്കാരോടുള്ള മോശം പെരുമാറ്റവും അദ്ദേഹത്തിനെതിരെ വിമർശനങ്ങൾ ഉയർത്തിയിരുന്നു
അതേസമയം, വാഷിങ്ടൺ പോസ്റ്റിലെ മാധ്യമപ്രവർത്തകരുടെ സംഘടനയായ 'വാഷിങ്ടൺ പോസ്റ്റ് ഗിൽഡ്' വിൽ ലൂയിസിന്റെ രാജിയെ സ്വാഗതംചെയ്തു. ഒരു മഹത്തായ അമേരിക്കൻ പത്രസ്ഥാപനത്തെ തകർക്കാൻ ശ്രമിച്ചതായിരിക്കും അദ്ദേഹത്തിന്റെ ശേഷിപ്പെന്ന് വാഷിങ്ടൺ പോസ്റ്റ് ഗിൽഡ് പ്രസ്താവനയിൽ പറഞ്ഞു. വാഷിങ്ടൺ പോസ്റ്റിനെ രക്ഷിക്കാനുള്ള സമയം ഇനിയും വൈകിയിട്ടില്ലെന്നും ജെഫ് ബെസോസ് ഉടൻതന്നെ കൂട്ടപ്പിരിച്ചുവിടലുകൾ പിൻവലിക്കണമെന്നും അല്ലെങ്കിൽ നിക്ഷേപം നടത്താൻ താത്പര്യമുള്ള മറ്റാർക്കെങ്കിലും സ്ഥാപനം വിൽക്കണമെന്നും ഗിൽഡ് ആവശ്യപ്പെട്ടു.
സാമ്പത്തികപ്രതിസന്ധിയെത്തുടർന്നാണ് ദിവസങ്ങൾക്ക് മുൻപ് വാഷിങ്ടൺ പോസ്റ്റിലെ 300-ലധികം മാധ്യമപ്രവർത്തകരെ പിരിച്ചുവിട്ടത്. സ്‌പോർട്‌സ്, ബുക്‌സ് എന്നി വിഭാഗങ്ങൾ നിർത്തലാക്കുകയും ഏഷ്യയിലെയും പശ്ചിമേഷ്യയിലെയും വിവിധ ബ്യൂറോകൾ അടച്ചുപൂട്ടുകയുംചെയ്തിരുന്നു. കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന്റെ മകൻ ഇഷാൻ തരൂരിനും വാഷിങ്ടൺ പോസ്റ്റിലെ പിരിച്ചുവിടലിൽ ജോലി നഷ്ടമായിരുന്നു.
Content Highlights: Washington Post CEO Will Lewis announces resignation following recent mass layoffs. Jeff DeNoofrino to take over as interim publisher. Read more on the leadership changes.