വെനസ്വേലയിലെ ഇരട്ട ഭൂചലനം; 32 മരണം, 700ലേറെ പേർക്ക് പരിക്ക്, മരണസംഖ്യ ഉയർന്നേക്കും

#ന്യൂസ് ഡെസ്ക്
വെനസ്വേലയിൽ ഭൂചലനത്തിൽ തകർന്ന സ്ഥലത്ത് രക്ഷപ്രവർത്തനം പുരോ​ഗമിക്കുന്നു | Photo: AP
വെനസ്വേലയിൽ ഭൂചലനത്തിൽ തകർന്ന സ്ഥലത്ത് രക്ഷപ്രവർത്തനം പുരോ​ഗമിക്കുന്നു | Photo: AP

കാരക്കസ്: വെനസ്വേലയെ നടുക്കിക്കൊണ്ട് ബുധനാഴ്ച രാത്രി അനുഭവപ്പെട്ട അതിശക്തമായ രണ്ട് ഭൂചലനങ്ങളിൽ ഇതുവരെ കുറഞ്ഞത് 32 പേർ മരിച്ചതായും ഏകദേശം 700 പേർക്ക് പരിക്കേറ്റതായും ആക്ടിങ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് സ്ഥിരീകരിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു. കാരക്കാസിലെ ബറൂട്ട മുനിസിപ്പാലിറ്റിയിൽ രണ്ട് കെട്ടിടങ്ങൾ തകർന്ന് വീണതിനെത്തുടർന്ന് മൂന്ന് പേർ കൊല്ലപ്പെട്ടതായി മേയർ ഡാർവിൻ ഗോൺസാലസ് അറിയിച്ചു. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർ സഹായത്തിനായി നിലവിളിക്കുന്നത് കേൾക്കാമെന്നും രക്ഷാപ്രവർത്തകർ അതീവ ജാഗ്രതയോടെ തിരച്ചിൽ തുടരുകയാണെന്നും റിപ്പോർട്ടുകളുണ്ട്. മരണസംഖ്യ ഇനിയും വലിയ തോതിൽ ഉയരാൻ സാധ്യതയുണ്ടെന്ന ഭീതിയിലാണ് രാജ്യം.

വെനസ്വേലയിലെ ദുരന്തബാധിതരെ സഹായിക്കാൻ അമേരിക്ക ഉൾപ്പെടെയുള്ള ലോകരാജ്യങ്ങൾ അടിയന്തരമായി മുന്നോട്ടുവന്നിട്ടുണ്ട്. തിരച്ചിൽ-രക്ഷാപ്രവർത്തനങ്ങൾക്കായി പ്രത്യേക ടീമുകളെയും മെഡിക്കൽ സാമഗ്രികളും മാനുഷിക സഹായങ്ങളും അടിയന്തരമായി വിന്യസിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു. അമേരിക്ക പ്രിയപ്പെട്ടവർ നഷ്ടപ്പെട്ടവർക്കൊപ്പമാണെന്നും രക്ഷാപ്രവർത്തകർ തളരാതെ പ്രവർത്തനങ്ങൾ നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കൻ ഗവൺമെന്റിന്റെ എല്ലാ ഏജൻസികളും സഹായത്തിനായി തയ്യാറാണെന്നും വേഗത്തിൽ ഇടപെടാൻ നിർദ്ദേശം നൽകിയതായും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.

പ്രതിസന്ധി ഘട്ടത്തിൽ വെനസ്വേലയ്ക്ക് പിന്തുണ നൽകിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ചിലി പ്രസിഡന്റ് ജോസ് അന്റോണിയോ കാസ്റ്റ് എന്നിവർക്ക് ഡെൽസി റോഡ്രിഗസ് നന്ദി അറിയിച്ചു. അമേരിക്കൻ പ്രസിഡന്റ് ട്രംപ് വെനസ്വേലൻ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അവർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലെ മറ്റ് നേതാക്കളും വെനസ്വേലൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്കൻ ഡെപ്യൂട്ടി ക്രിസ്റ്റഫർ ലാൻഡൗവും വെനസ്വേലൻ അധികൃതരുമായി സഹായങ്ങൾ എത്തിക്കുന്നതിനായി ചർച്ചകൾ നടത്തിവരികയാണ്.

നിലവിൽ രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിയവരെ എത്രയും വേഗം പുറത്തെടുക്കാനുമാണ് മുൻഗണന നൽകുന്നത്. ബാറൂട്ട മുനിസിപ്പാലിറ്റിയിലെ മിക്ക താമസക്കാരെയും സുരക്ഷിതമായി മാറ്റിയതായും പരിക്കേറ്റവർ ചികിത്സയിലാണെന്നും അധികൃതർ അറിയിച്ചു.

ഒരു മിനിറ്റിൽതാഴെ വ്യത്യാസത്തിൽ രണ്ട് ഭൂചലനങ്ങളാണ് ഉണ്ടായത്. ആദ്യത്തേത് 7.2 തീവ്രതയും രണ്ടാമത്തേത് 7.5 തീവ്രതയുമാണ് രേഖപ്പെടുത്തിയത്. ഭൂകമ്പത്തെത്തുടർന്ന് രാജ്യം കടുത്ത പ്രതിസന്ധിയിലായതോടെ ആക്ടിംഗ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

കരീബിയൻ, തെക്കേ അമേരിക്കൻ ടെക്റ്റോണിക് പ്ലേറ്റുകൾ സന്ധിക്കുന്ന അതീവ ഭൗമ സജീവ മേഖലയിലാണ് വെനസ്വേല സ്ഥിതി ചെയ്യുന്നത്. ഈ പ്ലേറ്റുകൾക്കിടയിലെ ഭ്രംശരേഖയിലുണ്ടായ തിരശ്ചീനമായ സ്ഥാനചലനമാണ് ഇത്രയും ശക്തമായ ചലനമുണ്ടാക്കിയതെന്ന് യുഎസ് ജിയോളജിക്കൽ സർവേ വ്യക്തമാക്കി. ഭൂചലനത്തിന്റെ വ്യാപ്തി കണക്കിലെടുക്കുമ്പോൾ മരണസംഖ്യ ഒരു ലക്ഷം കടക്കാൻ 30 ശതമാനം സാധ്യതയുണ്ടെന്ന് യുഎസ്ജിഎസ് നേരത്തെ കണക്കാക്കിയിരുന്നു. വരും ദിവസങ്ങളിലും ശക്തമായ തുടർച്ചലനങ്ങൾക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Content Highlights: At least 32 dead and 700 injured following dual earthquakes in Venezuela. rescue efforts and US humanitarian aid.